പ്രായപൂര്‍ത്തിയായില്ലെന്ന പേരില്‍ അറസ്റ്റ്, തെറ്റാണെന്ന് മനസിലാക്കിയപ്പോള്‍ ലൈംഗിക പീഡനം! ഇതെന്ത് പോലീസ് സാര്‍?

പ്രായപൂര്‍ത്തിയാകാത്തതിന്റെ പേരില്‍ അറസ്റ്റ്. പ്രായപൂര്‍ത്തിയായെന്ന് കണ്ടപ്പോള്‍ ലൈംഗിക പീഡനം നടന്നതായി ആരോപണം. കേരള പോലീസിന്റെ മിടുക്കില്‍ അന്തിച്ചു നില്‍ക്കുകയാണ് 12 പെണ്‍കുട്ടികള്‍. എല്ലാവരും കര്‍ണാടക, ഒഡീഷ സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍. പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ എറണാകുളത്ത് നിരാഹാര സമരം നടത്തുന്നു.
ആലപ്പുഴ തരൂര്‍ പോലീസാണ് 12 പേരെയും അറസ്റ്റ് ചെയ്തത്. ഒരു സ്വകാര്യ കമ്പനിയിലെ ജോലിക്കാരായിരുന്നു ഇവര്‍. 12 പേരും പ്രായപൂര്‍ത്തിയാകാത്തവര്‍ എന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. ബാലവേല നിരോധന നിയമപ്രകാരമായിരുന്നു അറസ്റ്റ്. എന്നാല്‍ ആധാര്‍ കാര്‍ഡ് കാണിച്ച് തങ്ങള്‍ക്ക് പ്രായമായതായി പെണ്‍കുട്ടികള്‍ വാദിച്ചപ്പോള്‍ അവരെ ലൈംഗിക പീഡനകേസില്‍ ഉള്‍പ്പെടുത്താനായി പോലീസിന്റെ ശ്രമം. ഇതിന്റെ ഭാഗമായി മെഡിക്കല്‍ എക്‌സാമിനേഷന്‍ കൂടാതെ പെണ്‍കുട്ടികളെ കാക്കനാട്ടെ ഒരു മഹിളാമന്ദിരത്തില്‍ താമസിപ്പിച്ചു.
കൃത്യം പുറംലോകം അറിയുമെന്നു കണ്ടപ്പോള്‍ എറണാകുളം കടവന്ത്രയിലെ ശാന്തിഭവനിലേക്ക് മാറ്റി. ഇതിനിടെ ബന്ധുക്കള്‍ ഒഡീഷയില്‍ നിന്നെത്തി. തങ്ങളുടെ കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായെന്ന് കാണിച്ച് അവര്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ കണ്ടപ്പോഴാണ് ലൈംഗിക ചൂഷണം നടന്നോ എന്ന് പരിശോധിക്കണമെന്ന് പോലീസ് പറഞ്ഞത്. ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ് ബന്ധുക്കള്‍.
12 പെണ്‍കുട്ടികളും നിര്‍ദ്ദനരാണ്. പലരുടെയും മാതാപിതാക്കള്‍ കിടപ്പുരോഗികളാണ്. ജീവിക്കാന്‍ നിവൃത്തിയില്ലാത്തതുകൊണ്ടു മാത്രമാണ് ഇവര്‍ കേരളത്തില്‍ തൊഴില്‍ തേടിയെത്തിയത്. രഹസ്യ വിവരത്തിന്റെ പേരിലാണത്രേ പോലീസ് റെയ്ഡ് ചെയ്ത് പിടിച്ചത്.
കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിച്ച് കട്ടവനാക്കുക എന്ന ലൈന്‍ തന്നെയാണ് പോലീസ് ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നയം. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ അതേ കുറ്റം ചുമത്തി പിടികൂടിയാല്‍ കേസ് കടുക്കുമെന്ന് പോലീസ് മനസിലാക്കിയിരുന്നു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയാണ് പെണ്‍കുട്ടികള്‍ മേജറാണെന്ന് കണ്ടെത്തിയത്.
തെറ്റായ വിവരത്തിന്റെ പേരില്‍ അറസ്റ്റുണ്ടായാല്‍ പോലീസിന് മറുപടി പറയേണ്ട ബാധ്യതയുണ്ട്. പെണ്‍കുട്ടികളെയാണ് പിടികൂടിയത്. അതിനാല്‍ കേസ് കടുക്കുക തന്നെ ചെയ്യും. കേസ് കടുത്താല്‍ നേരിടാനുള്ള മാര്‍ഗ്ഗമാണ് ലൈംഗിക പീഡനം. ലൈംഗിക പീഡനം നടന്നിട്ടുണ്ടായിരുന്നെങ്കില്‍ പെണ്‍കുട്ടികളെ പിടികൂടിയ സമയത്ത് തന്നെ വൈദ്യപരിശോധന നടത്തണമായിരുന്നു. എന്നാല്‍ അത്തരമൊരു പരിശോധന പോലീസ് നടത്തിയിരുന്നില്ല. പ്രായപൂര്‍ത്തിയായോ ഇല്ലയോ എന്നുമാത്രമാണ് പരിശോധിച്ചത്.
ഇതിനിടെ പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന മട്ടിലും പോലീസ് മാധ്യമങ്ങള്‍ക്ക് വിവരം ചോര്‍ത്തി നല്‍കുന്നുണ്ട്. എറണാകുളത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണത്തില്‍ പങ്കുണ്ടെന്നാണ് ആരോപണം.
https://www.facebook.com/Malayalivartha