ശബരിപീഠത്തിനു സമീപത്തുനിന്ന് 360 കിലോ സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു, ഇത്രയും സ്‌ഫോടക വസ്തുക്കള്‍ എങ്ങനെ ഇവിടെയെത്തി, വെടി വഴിപാട് നടത്താന്‍ സൂക്ഷിച്ചിരുന്ന വെടിമരുന്നാകാം ഇതെന്നാണ് പൊലീസിന്റെ നിഗമനം

ശബരിമലയിലെ ശബരിപീഠത്തിനു സമീപത്തു നിന്ന് 360 കിലോ സ്‌ഫോടകവസ്തു ശേഖരം കണ്ടെടുത്തു. ശബരിപീഠത്തില്‍ വിഷു ഉല്‍സവം വരെ വെടി വഴിപാട് നടന്നിരുന്നു. പിന്നീടിത് വനം വകുപ്പ് തടഞ്ഞു. അന്നു സൂക്ഷിച്ചിരുന്ന വെടിമരുന്നാകാം ഇതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കാനുകളുടെ പുറത്ത് നിറഞ്ഞിരിക്കുന്ന ചെളിയും മണ്ണുമാണ് ഇത്തരത്തില്‍ വിലയിരുത്താന്‍ കാരണം. സുരക്ഷയുടെ ഭാഗമായി പോലീസും വിവിധ സേനാവിഭാഗങ്ങളും വനത്തില്‍ നടത്തിയ തിരച്ചിലില്‍ ആണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.
30 കിലോ വീതം വെടിമരുന്ന് അടങ്ങുന്ന 12 ക്യാനുകളാണ് കണ്ടെടുത്തത്. സന്നിധാനത്തും പരിസരങ്ങളിലും അടുത്ത മൂന്നു ദിവസങ്ങളില്‍ ഏര്‍പ്പെടുത്തുന്ന കര്‍ശന സുരക്ഷയുടെ ഭാഗമായി പോലീസും വനപാലകരും ബോംബ് സ്‌ക്വാഡും കമാന്‍ഡോകളും അഞ്ചു സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്തുകയായിരുന്നു. ഇതില്‍ ഒരു സംഘം ശനിയാഴ്ച ഉച്ചയോടെ ശബരിപീഠത്തില്‍ നിന്നു 150 മീറ്റര്‍ അകലെ പരിശോധന നടത്തിയപ്പോഴാണ് കൂറ്റന്‍ മരത്തിനടിയില്‍ പടുതയിട്ടു മൂടിയ നിലയില്‍ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തിയത്.
സ്‌ഫോടക വസ്തു ശേഖരം ട്രാക്ടറില്‍ പോലീസ് നീക്കി. സന്നിധാനത്ത് വെടിമരുന്ന് സൂക്ഷിക്കുന്ന ദേവസ്വം ബോര്‍ഡിന്റെ മാഗസിനിലേക്കാണ് ഇതു മാറ്റിയത്. കാക്കനാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എക്‌സ്‌പ്ലോസീവ് കണ്‍ട്രോളറെ പോലീസ് വിവരം അറിയിച്ചിട്ടുണ്ട്. കണ്‍ട്രോളര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം വെടിമരുന്ന് എന്തു ചെയ്യണമെന്ന് തീരുമാനിക്കും. ബോംബ് സ്‌ക്വാഡിലെ സിഐ സത്യദാസ്, സന്നിധാനം എസ്‌ഐ അശ്വിത് എം. കാരായ്മയില്‍, സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐ സദാശവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്‌ഫോടകവസ്തു കണ്ടെടുത്തത്. സന്നിധാനം പോലീസ് കേസെടുത്തു. അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തുമെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha