ആഡംബര കല്യാണം; രാഷ്ട്രീയ നേതൃത്വം അങ്കലാപ്പില്‍

മുന്‍മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്റെ രാജകീയ വിവാഹം രാഷ്ട്രീയ നേതൃത്വത്തിന് പുലിവാലായി. മദ്യരാജാവ് ബിജു രമേശിന്റെ മകളുമായുള്ള വിവാഹമാണ് ധൂര്‍ത്തും ആഡംബരവും കൊണ്ട് വിവാദമായത്. കഴിഞ്ഞ മന്ത്രി സഭയില്‍ നിരവധി അഴിമതി ആരോപണങ്ങള്‍ നേരിട്ട അടൂര്‍ പ്രകാശിനും വിജിലന്‍സ് കുരുക്ക് മുറുകുന്നു.
നാട്ടില്‍ പണമില്ലാതെ ജനം നട്ടംതിരിയുമ്പോഴാണ് കോടികള്‍ ഒഴുക്കിയുള്ള വിവാഹ ധൂര്‍ത്ത്. ഇന്നലെ തിരുവനന്തപുരം ഗോള്‍ഫ് ക്ലബ്ബില്‍ വെച്ച് നടന്ന മദ്യസല്‍ക്കാരത്തില്‍ പങ്കെടുത്തത് ആയിരത്തോളം പേര്‍. പത്ര പ്രവര്‍ത്തകരും രാഷ്ട്രീയക്കാരുമുള്‍പ്പടെയുള്ള പ്രമുഖരുടെ ഒരു വലിയ നിരതന്നെ ഉണ്ടായിരുന്നു അവിടെ.ഇരുപതിനായിരത്തോളം ആളുകള്‍ പങ്കെടുക്കുമെന്നായിരുന്നു സംഘാടകരുടെ പ്രതീക്ഷ. എന്നാല്‍ പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം തന്നെ വിവാഹ ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ലെങ്കിലും ബാര്‍ കോഴ ഗൂഢാലോചനയിലടക്കം വിവാദത്തില്‍ പെട്ട ബിജു രമേശിന്റെ പ്രിയ സുഹൃത്ത് കോടിയേരി ബാലകൃഷ്ണനും കടകം പള്ളി സുരേന്ദ്രനും പങ്കെടുത്തേക്കും. കോണ്‍ഗ്രസ്സിലെ പ്രമുഖ നേതാക്കളെല്ലാം വിട്ടു നില്‍ക്കാനാണ് സാധ്യത.
ബാര്‍ കോഴ വിവാദം മുതല്‍ ബിജു രമേശിനൊപ്പം നിലയുറപ്പിച്ച തലസ്ഥാനത്തെ ചില പ്രമുഖ പത്ര പ്രവര്‍ത്തകരും അങ്കലാപ്പിലാണ്. നാളുകളായി ബിജുവിന്റെ ഹോട്ടലുകളില്‍ ഊണും ഉറക്കവും ആസ്വദിച്ചിട്ട് വിവാഹം മാധ്യമങ്ങളിലൂടെ കൊഴുപ്പിക്കാനാവാത്ത അവസ്ഥ. വിവാഹ വിശേഷങ്ങള്‍ വിളമ്പാതെ മനോരമ മാതൃകയായി. മറ്റൊരു പ്രമുഖ ചാനലും വിവാഹത്തിന് അനാവശ്യ കവറേജ് നല്‍കേണ്ട എന്ന നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ബി.ജെ.പി നേതാവ് ജനാര്‍ദ്ദന റെഡ്ഢിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് നേതാക്കളെ വിലക്കിയ ബി.ജെ.പി യുടെ ആര്‍ജ്ജവം സി.പി.എമ്മും കോണ്‍ഗ്രസ്സും കാണിക്കുന്നില്ല എന്ന ആക്ഷേപവും ശക്തമാണ്. അതിനിടെ പരമാവധി നേതാക്കളെ പങ്കെടുപ്പിക്കാന്‍ ചില ഉന്നതരുടെ ഇടപെടലുകള്‍ ഇപ്പോഴും തുടരുകയാണ്. ക്രമസമാധാന പാലനം, വരുന്ന വി വി ഐ പികള്‍ക്ക് സംരക്ഷണം തുടങ്ങിയ പേരില്‍ പോലീസിനെ വിന്യസിക്കാന്‍ ചില ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചപ്പോള്‍ മുഖ്യമന്ത്രി വിലക്കിയെന്നാണറിയുന്നത്.
ഏതെങ്കിലും പ്രശ്‌നക്കാര്‍ പന്തലില്‍ കടന്നു കൂടുമോ എന്ന ഭയത്തില്‍ നൂറ്റി അന്‍പതോളം സെക്യൂരിറ്റി ഗാര്‍ഡുകളെയാണ് വിന്യസിച്ചിരിക്കുന്നത്. ഇവരില്‍ പലരും നഗരത്തിലെ ഗുണ്ടാ സംഘത്തില്‍പെട്ടവരാണെന്ന ആരോപണവും നിലനില്‍ക്കുന്നു. ഇതിനിടയില്‍ വിജിലന്‍സ് ഡയറക്ടറുടെ മൗനം സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. ആറുമാസം മുന്‍പ് മന്ത്രിയായിരുന്ന ആളുടെ മകന്റെ ഈ വിവാഹ ധൂര്‍ത്തും അന്വേഷിക്കേണ്ടതല്ലേ എന്ന ചോദ്യമുയരുന്നു. ആദായ നികുതി ഉദ്യോഗസ്ഥര്‍ അന്വേഷണമാരംഭിച്ചു എന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്.
സോഷ്യല്‍ മീഡിയ സംഭവം ഏറ്റെടുത്തതോടെ വിവാഹ ധൂര്‍ത്ത് അന്വേഷിക്കപ്പെടേണ്ടത് തന്നെയെന്ന് മിക്ക രാഷ്ട്രീയ നേതാക്കളും രഹസ്യമായെങ്കിലും പറഞ്ഞു തുടങ്ങി. കര്‍ണാടകത്തിലെ മുന്‍ ബി.ജെ.പി മന്ത്രി ജനാര്‍ദ്ദന റെഡ്ഢിയുടെ 500 കോടി പൊടിച്ച മകളുടെ വിവാഹം ഫേസ് ബൂക്കിലൂടെ ചോദ്യം ചെയ്ത രമേശ് ചെന്നിത്തല ശരിക്കും വെട്ടിലായി.
ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ വിവാഹത്തിന് എത്തുമെന്നാണറിയുന്നത്. ബിജു രമേശിന്റെ ഉറ്റ സുഹൃത്താണ് വി എസിന്റെ മകന്‍ വി. എസ് അരുണ്‍കുമാര്‍.
അതിനിടെ 'വേദനിക്കുന്ന കോടീശ്വരന്‍ ' എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പരിഹാസം നിറയുകയാണ്. ഇതൊക്കെ കടം മേടിച്ച പൈസ എന്ന ബിജു രമേശിന്റെ പ്രസ്താവനയായാണ് ഏറ്റവും വലിയ തമാശ. 24000 രൂപ വെച്ചു എത്ര പേരില്‍ നിന്ന് കടം വാങ്ങിയാലാണ് 40 കോടി തികയുക എന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു. എന്തായാലും ഈ വിവാഹ മാമാങ്കത്തില്‍ പങ്കെടുക്കുന്ന നേതാക്കളെ കാത്തിരിക്കുന്നത് വിവാദങ്ങളാണ് എന്ന് സാരം...
https://www.facebook.com/Malayalivartha