പാര്‍ട്ടി വിമര്‍ശനം ഏറ്റു... യു.എ.പി.എയെ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍; യുഎപിഎ കേസുകളില്‍ ജാഗ്രത വേണമെന്ന് പൊലീസിന് ഡിജിപിയുടെ നിര്‍ദേശവും

സംസ്ഥാനത്ത് പോലീസ് നടപടികള്‍ക്കെതിരെ വിമര്‍ശനം വ്യാപകമാകുമ്പോള്‍ യു.എ.പി.എയെ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. കാപ്പ, യു.എ.പി.എ എന്നിവയോട് വിയോജിപ്പുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പോലീസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിട്ടില്ല. ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കരുതെന്നാണ് സര്‍ക്കാര്‍ നിലപാട് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം പോലീസിലെ കാവിവല്‍ക്കരണത്തെക്കുറിച്ച് കസേരയിലിരുന്ന് പറയാനാകില്ലെന്ന് പിണറായി പറഞ്ഞു. ഇത്തരം ആരോപണങ്ങളെക്കുറിച്ച് പരിാേധിക്കാന്‍ സര്‍ക്കാരിന് സംവിധാനമുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എന്ന നിലയ്ക്ക് മാത്രമേ തനിക്ക് പ്രതികരിക്കാന്‍ സാധിക്കൂ എന്നും പിണറായി പറഞ്ഞു. ദുബായില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ കരിനിയമങ്ങള്‍ ചുമത്തുന്നതിനോട് യോജിപ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തീവ്രവാദ കേസുകളില്‍ എന്‍.ഐ.എ യു.എ.പി.എ ചുമത്തുന്നതിന് സര്‍ക്കാര്‍ ഉത്തരവാദിയല്ല. തീവ്രവാദ കേസുകളില്‍ യു.എ.പി.എ സ്വാഭാവികമാണെന്നും പിണറായി പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് യുഎപിഎ ചുമത്തുന്ന കേസുകളില്‍ കൂടുതല്‍ ജാഗ്രത വേണമെന്നു ഉദ്യോഗസ്ഥര്‍ക്ക് ഡിജിപിയുടെ നിര്‍ദേശം. യുഎപിഎ ചുമത്താന്‍ ജില്ലാ പൊലീസ് മേധാവിയുടെ അനുമതി വേണമെന്നും ഡിജിപി ലോകനാഥ് ബെഹ്‌റ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ ചൂണ്ടിക്കാണിക്കുന്നു. സമീപകാലത്തുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍.
യുഎപിഎ, രാജ്യദ്രോഹകുറ്റം, എന്‍ഐഎ ആക്റ്റ് പ്രകാരമുള്ള ഷെഡ്യൂള്‍ഡ് കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ എഫ്‌ഐആര്‍ തയാറാക്കുന്നതിനു മുന്‍പ് ജില്ലാ പൊലീസ് മേധാവിയുടെ അനുമതി തേടിയിരിക്കണം. ഇത്തരം വകുപ്പുകള്‍ ചുമത്തുന്നതിന് ആവശ്യമായ ശക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ ഇവ ചുമത്താവൂ. യുഎപിഎ, രാജ്യദ്രോഹക്കുറ്റം തുടങ്ങിയ വകുപ്പുകളില്‍ ഡിവൈഎസ്പി/ എസ്പി ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ അവബോധം നല്‍കുന്നതിനുള്ള നടപടികള്‍ റേഞ്ച് ഐജിമാര്‍ കൈക്കൊള്ളണമെന്നും ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു.
മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ ഉള്‍പ്പെടെ റജിസ്റ്റര്‍ ചെയ്ത ചില കേസുകളും എഫ്‌ഐആറുകളും പരിശോധിച്ചപ്പോള്‍ സെക്ഷനുകള്‍ ചുമത്തുന്നതിലും മറ്റും വേണ്ടത്ര അവധാനത പുലര്‍ത്തിയിട്ടില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയത്. സിഐ, ഡിവൈഎസ്പി, എസ്പി/ ജില്ലാ പൊലീസ് മേധാവി തുടങ്ങിയവരില്‍ നിന്ന് ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ സ്വീകരിക്കാതെ കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യം ഒഴിവാക്കണം.
കേസുകളുമായി ബന്ധപ്പെട്ട അറസ്റ്റു നടത്തുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ പൂര്‍ണമായും പാലിച്ചാവണം കേസുകളുമായി ബന്ധപ്പെട്ട അറസ്റ്റ് നടത്തേണ്ടത്. ഇക്കാര്യത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ശരിയായ മേല്‍നോട്ടമുണ്ടാകണമെന്നും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശിച്ചു.
സമീപകാലത്ത് പൊലീസ് നടപടികള്‍ക്കെതിരെ ഭരണമുന്നണിയില്‍ നിന്നു തന്നെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും കലാകാരന്മാര്‍ക്കുമെതിരെ തീവ്രവാദ സംശയം ഉന്നയിച്ചു രാജ്യദ്രോഹ കുറ്റം ചുമത്തുന്ന പൊലീസ് പ്രവണതയ്‌ക്കെതിരെയാണു പ്രതിഷേധം.
https://www.facebook.com/Malayalivartha