വിവാഹ വീട്ടുകാര്‍ ജാഗ്രതൈ! ഏതുസമയവും നിങ്ങളുടെ വീട്ടില്‍ എക്‌സൈസ് ഉദ്യോഗസ്ഥരെത്താം

വിവാഹ വീട്ടുകാരുടെ ശ്രദ്ധയ്ക്ക് , നിങ്ങളുടെ വീട്ടില്‍ ഏതു സമയത്തും എക്‌സൈസ് ഉദ്യോഗസ്ഥര്‍ എത്തിയേക്കാം. മദ്യസല്‍ക്കാരത്തിനെതിരെ ബോധവത്കരിക്കാനും മുന്നറിയിപ്പ് നല്‍കാനും മുഴുവന്‍ വിവാഹവീടുകളിലും നേരിട്ടുചെല്ലാന്‍ എക്‌സ്സൈസ് കമീഷണര്‍ ഋഷിരാജ് സിങ് കീഴ് ഉദ്യോഗസ്ഥര്‍ക്ക് അടിയന്തര സര്‍ക്കുലര്‍ വഴി നിര്‍ദേശം നല്‍കി കഴിഞ്ഞു.
ജനുവരി മൂന്നിനാണ് എക്‌സൈസ് കമീഷണര്‍ സംസ്ഥാനത്തെ മുഴുവന്‍ എക്‌സൈസ് ഡെപ്യൂട്ടി കമീഷണര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയത്. ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി വിവാഹ വീടുകളില്‍ നാലുദിവസം മുമ്പെങ്കിലും പോയി മദ്യ സല്‍ക്കാരത്തിന്റെ ദൂഷ്യഫലങ്ങളും നിയമപരമായ മുന്നറിയിപ്പും നല്‍കണമെന്നാണ് സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നത്.
ലഹരി വിരുദ്ധ ബോധവത്കരണത്തിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയായ 'വിമുക്തി'യുടെ ഭാഗമായാണത്രെ ഈ നടപടി. എക്‌സൈസ് മന്ത്രിയുടെ മേലെഴുത്തോടെ ലഭിച്ച നിവേദനത്തിന്റെ തുടര്‍ നടപടിയാണിതെന്നും ഇതിലൂടെ മദ്യാസക്തിയിലേക്കുള്ള യുവാക്കളുടെ ഒഴുക്ക് ഇല്ലാതാക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.
കമീഷണറുടെ ആ പുതിയ സര്‍ക്കുലര്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കുകയാണ്. കാരണം വിവാഹ വീടുകള്‍ എങ്ങനെയാണ് കണ്ടെത്തേണ്ടതെന്നും ഉദ്യോഗസ്ഥരെ വീട്ടുകാര്‍ ഏതുരീതിയില്‍ സ്വീകരിക്കുമെന്നതും ചോദ്യമാണ്. പരിമിതമായ അംഗബലമുള്ള എക്‌സൈസ് സേനക്ക് നാട്ടിലെ മുഴുവന്‍ വിവാഹവീടുകളും കണ്ടെത്തി ബോധവത്കരണം നടത്താന്‍ എങ്ങനെ കഴിയുമെന്നതും കണ്ടറിയണം. ഒരുഭാഗത്ത് വ്യവസ്ഥാപിതമായ മദ്യവിതരണവും മറുഭാഗത്ത് മദ്യത്തിനെതിരെയുള്ള വ്യാപക ബോധവത്കരണവും മുന്നറിയിപ്പും ഒരുപോലെ സമന്വയിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകേണ്ട ദുരവസ്ഥയിലാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍.
https://www.facebook.com/Malayalivartha