എ.ഡി.ജി.പി ആര്‍ ശ്രീലേഖക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കണമെന്ന് കോടതി

എ.ഡി.ജി.പി ആര്‍. ശ്രീലേഖക്കെതിരായ പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കി നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിജിലന്‍സ് കോടതി ഉത്തരവ്. ശ്രീലേഖക്കെതിരെ ഹര്‍ജി സമര്‍പ്പിച്ച പായ്ച്ചിറ നവാസിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണത്തെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സാവകാശം കോടതി വെട്ടിക്കുറച്ചത്.
ഫെബ്രുവരി 17നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു നേരത്തെ നിര്‍ദേശിച്ചിരുന്നത്. പുതിയ ഉത്തരവിനെ തുടര്‍ന്ന് വിജിലന്‍സ് എസ്.പി ആര്‍. സുകേശന്‍ വ്യാഴാഴ്ചതന്നെ ഹരജിക്കാരന്റെ മൊഴി രേഖപ്പെടുത്തി. കോടതിയില്‍ ഹര്‍ജി നിലനില്‍ക്കെ ജോണ്‍സണ്‍ പടമാടം സമര്‍പ്പിച്ച പരാതിയില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചതിനെ കോടതി കഴിഞ്ഞദിവസം വിമര്‍ശിച്ചിരുന്നു.
ഗതാഗത കമീഷണറായിരിക്കെ ആര്‍. ശ്രീലേഖ കോടികളുടെ ക്രമക്കേടും നിയമനഅഴിമതികളും നടത്തിയെന്ന പരാതിയിലാണ് പ്രാഥമിക അന്വേഷണം പുരോഗമിക്കുന്നത്. ആരോപണം സംബന്ധിച്ച് മുന്‍ എ.ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരി നടത്തിയ അന്വേഷണത്തില്‍ ശ്രീലേഖ ക്രമക്കേടും നിയമലംഘനങ്ങളും നടത്തിയതായി കണ്ടത്തെിയിരുന്നു. ആരോപണങ്ങള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ശിപാര്‍ശചെയ്ത് അന്നത്തെ ഗതാഗതവകുപ്പ് സെക്രട്ടറിക്ക് തച്ചങ്കരി റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് സെക്രട്ടറി തലത്തില്‍ നടത്തിയ അന്വേഷണത്തില്‍ തച്ചങ്കരിയുടെ കണ്ടത്തെല്‍ ശരിവെച്ചു.
ഈ അന്വേഷണത്തില്‍ ശ്രീലേഖക്കെതിരെ ഗുരുതര ക്രമക്കേടുകളും കുറ്റകൃത്യങ്ങളും കണ്ടെത്തിയ സാഹചര്യത്തില്‍ അടിയന്തര വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് വകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കി. ഇത് ശരിവെച്ച് അഡീഷനല്‍ ചീഫ് സെക്രട്ടറി, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ കൂടി ഒപ്പിട്ട ശിപാര്‍ശ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന് കൈമാറി. എന്നാല്‍, ഈ റിപ്പോര്‍ട്ടില്‍ ചീഫ് സെക്രട്ടറി നടപടി അവസാനിപ്പിച്ചതിന് പിന്നാലെയാണ് വിജിലന്‍സ് സ്വമേധയാ അന്വേഷണം ആരംഭിച്ചത്.
https://www.facebook.com/Malayalivartha