നെറ്റ് പരീക്ഷ; സംവരണമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും തരംതിരിച്ച് യോഗ്യത നിശ്ചയിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി

നെറ്റ് പരീക്ഷ പാസാകാന്‍ സംവരണമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും വ്യത്യസ്ത കട്ട് ഓഫ് മാര്‍ക്ക് നിശ്ചയിച്ച് വിജയികളെ കണ്ടത്തെിയശേഷം വീണ്ടും ഓരോ വിഭാഗത്തില്‍നിന്നും 15 ശതമാനത്തെ മാത്രം യോഗ്യരായി നിശ്ചയിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി. വിജയിച്ചവരെ തരംതിരിച്ച് ഉയര്‍ന്ന മാര്‍ക്കുകാരായ 15 ശതമാനം പേര്‍ക്ക് മാത്രം യോഗ്യത നല്‍കുന്നതിലൂടെ പൊതുവിഭാഗക്കാര്‍ പിന്തള്ളപ്പെടുന്നതും പിന്നാക്ക വിഭാഗക്കാര്‍ അര്‍ഹതപ്പെട്ടതിലുമേറെ യോഗ്യത നേടുന്നതും കണ്ടത്തെിയാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. എന്നാല്‍, 2015 ഡിസംബറിലെ പരീക്ഷാഫലത്തെ വിധി ബാധിക്കില്ല. നിയമനത്തിന് യോഗ്യരായ പൊതുവിഭാഗത്തിന്റെ എണ്ണം നാമമാത്രമാകാതിരിക്കാന്‍ യു.ജി.സി നടപടിയെടുക്കണം.
കട്ട് ഓഫ് മാര്‍ക്ക് നിശ്ചയിച്ചശേഷവും സംവരണ വിഭാഗത്തിന് അമിത പ്രാധാന്യം ലഭിക്കുന്ന യോഗ്യതാ മാനദണ്ഡം ചോദ്യംചെയ്ത് നായര്‍ സര്‍വീസ് സൊസൈറ്റി നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
2015 ഡിസംബറിലെ നെറ്റ് പരീക്ഷയിലെ ഈ മാനദണ്ഡമാണ് ഹരജിക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്തത്. യോഗ്യരായ മുന്നാക്ക വിഭാഗക്കാരുടെ എണ്ണം കുറയുന്നതായും യോഗ്യരായ സംവരണ വിഭാഗക്കാരനേക്കാള്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്ന പൊതുവിഭാഗക്കാര്‍പോലും പട്ടികക്ക് പുറത്തു പോകുന്നതായും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ആദ്യ മാനദണ്ഡ പ്രകാരം കട്ട് ഓഫ് മാര്‍ക്ക് നേടുന്ന എല്ലാവരെയും നെറ്റ് യോഗ്യതയുള്ളവരായി പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം. സംവരണ വിഭാഗക്കാര്‍ക്ക് തുല്യത ഉറപ്പാക്കാന്‍ കൊണ്ടുവരുന്ന മാനദണ്ഡങ്ങള്‍ പൊതുവിഭാഗത്തിന്റെ അവസരങ്ങളെ ഇല്ലാതാക്കരുതെന്ന് കോടതി ചൂണ്ടിക്കാട്ടി. സംവരണം 50 ശതമാനത്തില്‍ കൂടരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. അങ്ങനെ സംഭവിക്കുന്നത് സംവരണമില്ലാത്ത വിഭാഗത്തോടുള്ള വിവേചനമാകും.
മുന്‍ പരീക്ഷകളില്‍ കുറഞ്ഞ മാര്‍ക്കുള്ളവര്‍ യോഗ്യരായിട്ടും യോഗ്യത ലഭിക്കാതിരുന്ന പരീക്ഷാര്‍ഥികള്‍ കോടതിയെ സമീപിച്ചിട്ടില്ലാത്തതിനാല്‍ അവയില്‍ ഇടപെടാന്‍ കഴിയില്ല. കോളജുകളിലുണ്ടാവുന്ന പൊതു ഒഴിവുകളിലേക്ക് പൊതു വിഭാഗത്തില്‍നിന്ന് ഉദ്യോഗാര്‍ഥികളെ ലഭിക്കത്തക്ക വിധം മാനദണ്ഡം കൊണ്ടുവരാന്‍ യു.ജി.സിക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha