പിണറായി കണ്ണുരുട്ടി; കോണ്‍ഗ്രസ് പടയപ്പമാര്‍ ഓടിയൊളിച്ചു

പിണറായി കണ്ണുരുട്ടിയപ്പോള്‍ കോണ്‍ഗ്രസിന്റെ പടയപ്പമാര്‍ പേടിച്ചോടി. സെക്രട്ടേറിയറ്റിലാണ് സംഭവം. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് രൂപീകരിക്കുന്നതിനെതിരെ കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടന ഏതാനും ദിവസങ്ങളായി നില്‍പ്പ് സമരം നടത്തുകയാണ്. ഓഫീസില്‍ പോയി ഒപ്പിട്ടശേഷം സെക്രട്ടേറിയറ്റിനുള്ളിലെ കോഫി ഹൗസിന് മുമ്പില്‍ നില്‍പ്പ് സമരം നടത്തും. ഭയങ്കര ബുദ്ധിയാണ്. ശമ്പളം പോവുകയുമില്ല. ജോലിയും ചെയ്യണ്ട. കുറച്ചു ദിവസമായി സമരം തുടങ്ങിയിട്ട്. സമരക്കാരില്‍ മുന്‍ മന്ത്രിമാരുടെ സ്റ്റാഫില്‍ ഉണ്ടായിരുന്നവരുമുണ്ട്.
കെ.എ.എസിനോട് സഖാക്കള്‍ക്കും എതിര്‍പ്പുണ്ട്. എന്നാല്‍ പിണറായിയെ പേടിച്ച് ഒന്നും ചെയ്യാനാവുന്നില്ല. സ്വന്തം സ്റ്റാഫിലിരുന്ന് സമരം ചെയ്ത രണ്ടു സഖാക്കളെ പിണറായി നിര്‍ദയം പിരിച്ചുവിട്ടിരുന്നു. സി.പി.എം സംഘടനയില്‍ നിന്ന് ആരെങ്കിലും സമരം ചെയ്താല്‍ അവരെ കണ്ടത്തി തന്നെ അറിയിക്കണമെന്നാണ് പിണറായിയുടെ ഉഗ്രശാസന. അതിനാല്‍ സി.പി.എം സംഘടനയില്‍ നിന്നും ആരും പരസ്യമായി പ്രതിഷേധിക്കുന്നില്ല.
കോണ്‍ഗ്രസ് സര്‍വീസ് സംഘടനയാകട്ടെ സമര രംഗത്തിറങ്ങി. പുതിയ സമര രീതിയാണ് പരീക്ഷിച്ചത്. ആദിവാസികളാണ് നില്‍പ്പ് സമര രീതി കേരളത്തിലാദ്യം പരീക്ഷിച്ചത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തായിരുന്നു ഇത്. അവര്‍ സ്വന്തം ജീവിതം സെക്രട്ടേറിയറ്റിനു മുമ്പില്‍ ചെലവഴിക്കുകയായിരുന്നു. ശമ്പളം വാങ്ങി സമരം ചെയ്യുകയായിരുന്നില്ല. സെക്രട്ടേറിയറ്റിലെ സാറുമാരാകട്ടെ ശമ്പളം വാങ്ങി സമരം ചെയ്യുന്നു.
ഏതായാലും ഇത്തരം സമരരീതികള്‍ അധികം വേണ്ടെന്നാണ് പിണറായിയുടെ തീരുമാനം. സി.പി.ഐ ക്കാരെ പോലും ഇതിന്റെ പേരില്‍ സ്ഥലം മാറ്റി. നില്‍പ്പ് സമരം നടത്തുന്നവരുടെ ദൃശ്യങ്ങള്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹൗസ് കീപ്പിംഗ് വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ചാലുടന്‍ നടപടി വരും. സര്‍ക്കാര്‍ ശമ്പളം വാങ്ങിയ ശേഷം സമരം വേണ്ടെന്നാണ് പിണറായിയുടെ നിലപാട്. ഇക്കാര്യം പുറത്തറിയേണ്ട താമസം, സമരക്കാര്‍ സമരം മതിയാക്കി കോഫീ ഹൗസ് വിട്ടു. പ്രതിഷേധം ഉള്ളിലൊതുക്കി ജോലി ചെയ്യാനാണ് തീരുമാനം.
https://www.facebook.com/Malayalivartha
























