കുരങ്ങന്മാര്‍ കാരണം ഒരു ജീവന്‍ പൊലിഞ്ഞു? കുരങ്ങു ശല്യം കാരണം വീട്ടമ്മ ആത്മഹത്യ ചെയ്തു

മനുഷ്യരാണെങ്കില്‍ പറഞ്ഞ് വിലക്കാമായിരുന്നു. കുരങ്ങന്മാരായതിനാനാല്‍ പിന്നെ എന്തുചെയ്യാനെന്നാണ് നെയ്യാറ്റിന്‍കര കത്തിപ്പാറയിലെ ജനങ്ങളുടെ ചോദ്യം. കത്തിപ്പാറ സ്വദേശിനിയും തെക്കേക്കര പുത്തന്‍വീട്ടില്‍ പരേതനായ മുത്തയ്യന്റെ ഭാര്യയുമായ പുഷ്പാഭായി(52)യാണ് ആത്മഹത്യ ചെയ്തത്. ഫെബ്രുവരി 9 വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇവരെ വീട്ടിനുള്ളില്‍ ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
കത്തിപ്പാറ പ്രദേശത്ത് കുരങ്ങ് ശല്യം രൂക്ഷമാണെന്ന് നേരത്തെ പരാതിയുയര്‍ന്നിരുന്നു. ഈ പ്രദേശത്തെ നിരവധി പേര്‍ക്ക് കുരങ്ങുകളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കുരങ്ങന്മാര്‍ വീട്ടിനുള്ളില്‍ കയറി ആഹാര സാധനങ്ങള്‍ നശിപ്പിക്കുന്നതും ഇവിടെ നിത്യസംഭവമാണെന്ന് നാട്ടുകാര്‍ പറയുന്നു. പുഷ്പാഭായിയുടെ വീട്ടിലും കുരങ്ങു ശല്യം രൂക്ഷമായിരുന്നു. ഇവരുടെ വീട്ടിലെ ആഹാര സാധനങ്ങളും മറ്റും കുരങ്ങന്മാര്‍ ദിവസവും നശിപ്പിച്ചിരുന്നു. ഇതുകാരണമുണ്ടായ മനോവിഷമത്തെ തുടര്‍ന്നാണ് വീട്ടമ്മ ആത്മഹത്യ ചെയ്തതെന്നാണ് പോലീസും പറയുന്നത്.
ഒരു വര്‍ഷം മുന്‍പുണ്ടായ അപകടത്തിലാണ് പുഷ്പാഭായിയുടെ ഭര്‍ത്താവ് മുത്തയ്യന്‍ മരണപ്പെടുന്നത്. തുടര്‍ന്ന് മകന്റെ വരുമാനത്തിലാണ് ഇവര്‍ ജീവിച്ചിരുന്നത്. ഇതിനിടയിലാണ് മേഖലയില്‍ വാനര ശല്യം രൂക്ഷമാകുന്നത്. കത്തിപ്പാറ മേഖലയിലെ കുരങ്ങ് ശല്യം അതിരൂക്ഷമാണ്. വീടുകളിലെ ആഹാര സാധനങ്ങള്‍ നശിപ്പിക്കുന്നതും മറ്റു സാധനങ്ങള്‍ക്ക് കേടുപാടുണ്ടാക്കുന്നതും നിത്യസംഭവമാണ്. കുരങ്ങു ശല്യം അസഹനീയമായതോടെ പലരും വീടും സ്ഥലവും ഉപേക്ഷിച്ച് പോകുകയും ചെയ്തു. അടുത്തിടെ പുഷ്പാഭായിയുടെ വീടിന്റെ മേല്‍ക്കൂര വാനരസംഘം തകര്‍ത്തിരുന്നു. ഇതുകൂടാതെ ഇവരുടെ കൃഷിയിടത്തിലും കുരങ്ങന്മാര്‍ കനത്ത നാശനഷ്ടമാണുണ്ടാക്കിയത്.
കുരങ്ങന്മാരുടെ ശല്യം രൂക്ഷമായതോടെ പുഷ്പാഭായി മനോവിഷമത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതിനെ തുടര്‍ന്നാകാം ഇവര്‍ ആത്മഹത്യ ചെയ്തത്. സംഭവത്തെ കുറിച്ച് പ്രാഥമികാന്വേഷണം നടത്തിയ പോലീസും കാരണമായി പറയുന്നത് ഇതുതന്നെയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
https://www.facebook.com/Malayalivartha
























