ഭരണഭാഷ മലയാളമാക്കാനുള്ള പൂര്‍ണ ഉത്തരവാദിത്തം ഇനി കലക്ടര്‍മാര്‍ക്ക്

ഭരണഭാഷ മാതൃഭാഷയാക്കുന്നതിനുള്ള വിവിധ ഉത്തരവുകള്‍ ലക്ഷ്യംകാണാത്തതിനാല്‍ ഇക്കാര്യത്തില്‍ ഇനിയുള്ള പൂര്‍ണ ഉത്തരവാദിത്തം കലക്ടര്‍മാര്‍ക്ക് ആയിരിക്കും. ഇത് കര്‍ശനമായി നടപ്പാക്കുന്നതിന് കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലതല ഏകോപനസമിതി രൂപവത്കരിച്ച് കഴിഞ്ഞയാഴ്ചയാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരവകുപ്പിന്റെ ഉത്തരവിറങ്ങിയത്. ഇതുപ്രകാരം മുഖ്യമേല്‍നോട്ടം കലക്ടര്‍മാര്‍ക്കാണ്.
വകുപ്പുകളുടെ ജില്ലതല മേധാവി അധ്യക്ഷനായ ജില്ലതല ഔദ്യോഗിക ഭാഷാസമിതി നിലനിര്‍ത്തിത്തന്നെയാണ് കലക്ടര്‍ അധ്യക്ഷനായ ജില്ലതല ഏകോപനസമിതികള്‍ രൂപവത്കരിക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി അധ്യക്ഷനായ സംസ്ഥാനതല ഔദ്യോഗികഭാഷാ സമിതി, വകുപ്പുതല സമിതി, വകുപ്പുതല ഏകോപനസമിതി എന്നിവ പ്രവര്‍ത്തിച്ചിട്ടും ഭരണഭാഷ മലയാളമാക്കാന്‍ ഇനിയും സാധിച്ചില്ല.
ഭൂരിഭാഗം സര്‍ക്കാര്‍ ഉത്തരവുകളും ഇപ്പോഴും ഇംഗ്‌ളീഷില്‍ തന്നെയാണ് പുറത്തിറങ്ങുന്നത്. വകുപ്പുകളുടെ ജ്ില്ലാതല മേധാവി അധ്യക്ഷനായ ജില്ലാതല ഔദ്യോഗികഭാഷാ സമിതി രൂപവത്കരിക്കണമെന്നും കൃത്യമായി യോഗം ചേരണമെന്നും മുമ്പ് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും ഇത് കാര്യക്ഷമമായില്ല. തുടര്‍ന്നാണ് നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനും പുരോഗതി അവലോകനംചെയ്യുന്നതിനും സംവിധാനം വേണമെന്ന് സംസ്ഥാനതല ഔദ്യോഗികഭാഷാ സമിതി യോഗത്തില്‍ നിര്‍ദേശമുയര്‍ന്നത്.
ഏകോപനസമിതിയുടെ കണ്‍വീനര്‍ ഡെപ്യൂട്ടി കലക്ടറാണ്. എല്ലാവകുപ്പിലേയും ജില്ലാതല ഔദ്യോഗികഭാഷാ സമിതി അധ്യക്ഷന്മാരാണ് അംഗങ്ങള്‍. സര്‍ക്കാര്‍ ഉത്തരവുകളും അറിയിപ്പുകളും ഭരണഭാഷയിലാക്കുകയാണ് സമിതിയുടെ പ്രധാനചുമതല. സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്‌ളെന്ന് ബോധ്യപ്പെട്ടാല്‍ ഔദ്യോഗികഭാഷാ വകുപ്പിന്റെ പ്രതിനിധിക്ക് യോഗത്തില്‍ മുന്നറിയിപ്പ് കൂടാതെയോ അല്ലാതെയോ പങ്കെടുക്കാനും അധികാരമുണ്ട്. വകുപ്പുകളുടെ ജില്ലതല ഔദ്യോഗികഭാഷാ സമിതി അധ്യക്ഷന്മാര്‍ ഭാഷാമാറ്റ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ടും കലക്ടര്‍ക്ക് യഥാസമയം സമര്‍പ്പിക്കണം.
വര്‍ഷത്തില്‍ മൂന്ന് തവണ കലക്ടറുടെ നേതൃത്വത്തില്‍ യോഗംചേര്‍ന്ന് ഔദ്യോഗികഭാഷാ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. കലക്ടര്‍മാരുടെ നേതൃത്തിലുള്ള ഏകോപനസമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ ലക്ഷ്യംനേടാനാവുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.
https://www.facebook.com/Malayalivartha
























