അക്രമം അഴിച്ചുവിട്ടതിന് പിന്നാലെ ഞങ്ങള്‍ക്കെതിരെ സംഘടിതമായി പച്ചക്കള്ളം പ്രചിരിപ്പിക്കുകയാണ്: കൈയ്യേറ്റത്തിന് ഇരയായ പെണ്‍കുട്ടി നടന്ന സംഭവങ്ങള്‍ വെളിപ്പെടുത്തുന്നു

പൊള്ളയായ ആരോപണങ്ങള്‍ ഉന്നയിച്ച് മൃഗീയമായി കൈയ്യേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്ത ശേഷം തങ്ങള്‍ക്കെതിരെ സംഘടിതമായി നുണപ്രചരണം നടത്തുകയാണ് എസ്.എഫ് ഐ ചെയ്യുന്നതെന്ന് അക്രമത്തിന് ഇരയായ വിദ്യാര്‍ഥികളിലൊരാളായ പെണ്‍കുട്ടി പറയുന്നു. ഇത്തരത്തിലുള്ള ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ ശക്തമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു.
വ്യക്തിഹത്യയാണ് അവിടെ നടക്കുന്നത്,യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐക്കെതിരെ ശബ്ദമുയര്‍ത്തുന്ന എല്ലാവര്‍ക്കും ഇതേ അനുഭവമാണ് ഉണ്ടാകുന്നത് എന്നും അവര്‍ പറയുന്നു. അന്ന് ഉണ്ടായത് എന്തെന്ന് ഇരയായ പെണ്‍കുട്ടി വിവരിക്കുന്നു...
കേരള യൂണിവേഴ്‌സിറ്റി നാടകോത്സവത്തില്‍ മൂന്നാംസ്ഥാനം നേടിയ നാടകം അവതരിപ്പിക്കുന്നുണ്ടെന്നറിഞ്ഞാണ് അത് കാണാന്‍ വേണ്ടി സുഹൃത്ത് ജിജീഷിനോപ്പം ഞാനും കോളേജിലെ ഫിലോസഫി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി സൂര്യഗായത്രിയും കോളേജിലേക്കെത്തിയത്. വൈകിട്ട് മൂന്നരയാണ് സമയം. സ്‌റ്റേജിന്റെ പിന്നിലെ കസേരകളിലായാണ് ഇരുന്നത്. ഒപ്പം നിരവധിപേരുണ്ട് നാടകം കാണാന്‍. ഇതിനിടെ ഒരു സംഘം വന്ന് ജിജീഷിനെ തോളില്‍ കൈയ്യിട്ട് വിളിച്ചുകൊണ്ടുപോയി. അല്പം സമയം കഴിഞ്ഞ് തിരിച്ചുവന്നെങ്കിലും ജിജീഷിനെ അസ്വസ്ഥനായാണ് കണ്ടത്. വേഗം പോകണമെന്നും പറഞ്ഞു. ഇതോടെ ഞങ്ങള്‍ പുറത്തേക്കിറങ്ങി കോളേജിന്റെ കൊടിമരത്തിന് അടുത്തെത്തി.
ഇതിനിടെ അധ്യാപികയെ കണ്ട് കുറച്ചുനേരം അവരോട് ഞാന്‍ സംസാരിച്ചു നില്‍ക്കുന്നതിനിടെ വീണ്ടും അവര്‍ വന്ന് ജിജീഷിന്റെ തോളില്‍ കൈയ്യിട്ടു. സ്വാഭാവികമായും എന്താ പ്രശ്‌നമെന്ന് ഞാനും സൂര്യഗായത്രിയും ചോദിച്ചു. എടുത്തടിച്ചപോലെ ഞങ്ങളോട് കയര്‍ക്കുകയായിരുന്നു എസ്.എഫ്.ഐക്കാര്‍. വീണ്ടും അല്പം ദേഷ്യത്തോടെ തന്നെ കാര്യം തിരക്കി. 'ഇനി നീ വായ തുറന്നാല്‍ വേദനിക്കുന്നത് മറ്റവനായിരിക്കും' എന്നായിരുന്നു പ്രതികരണം. പറഞ്ഞുതീരുന്നതിനിടെ സംഘത്തിലെ ഒരുവന്‍ ജിജീഷിന്റെ തലയ്ക്ക് ആഞ്ഞടിച്ചു. പിന്നെ സംഘം ചേര്‍ന്നുള്ള ആക്രമണമായിരുന്നു. രണ്ടും അഞ്ചും പത്തും അങ്ങനെ അടിക്കാനെത്തിയവരുടെ എണ്ണം കൂടി.
കാര്യമെന്തന്നറിയാത്ത കണ്ടുനിന്നവര്‍ പോലും വന്നു തല്ലി. ഒരു പ്രകോപനവുമില്ലായിരുന്നു. നിസ്സഹായാവസ്ഥയിലായ ജിജീഷ് പോകാം പോകാം എന്ന് പറയുന്നതല്ലാതെ പ്രതികരിക്കാനോ തടയാനോ നിന്നില്ല. പിടിച്ചുമാറ്റാന്‍ ശ്രമിച്ച ഞങ്ങളെയും അവര്‍ അടിച്ചു. പിന്നാലെ ഞങ്ങളെ രണ്ടുഭാഗത്തായി തള്ളി നീക്കി. ജിജീഷിനെ പിന്നെ കാണാനും കഴിഞ്ഞില്ല. അവന്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചെന്നാണ് തോന്നുന്നത്. ജിജീഷിനെ കാണണമെന്ന് പറഞ്ഞപ്പോള്‍ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ തെറിവിളിയായിരുന്നു. ഇനി മേലാല്‍ കോളേജില്‍ കാലുകുത്തില്ല, നീ ഇവിടെ പഠിക്കില്ല എന്നൊക്കെയായിരുന്നു ആക്രോശങ്ങള്‍.
പിന്നീട് ഞങ്ങളെ കഴുത്തിന് പിടിച്ച് കോളേജിന് പുറത്തുതള്ളി ഗേറ്റ് പൂട്ടി. പിന്‍ഭാഗത്തെ ഗേറ്റും പൂട്ടിയ നിലയിലായിരുന്നു. അവന്‍ പുറത്തിറങ്ങിയിട്ടില്ലെന്നും അവരുടെ കൈകളില്‍ തന്നെയാണെന്നും ഉറപ്പിച്ച് ഫോണ്‍ വിളിച്ചെങ്കിലും കിട്ടിയില്ല. കുറച്ചുകഴിഞ്ഞ് ജിജീഷ് ഞങ്ങളെ തിരിച്ചുവിളിച്ചു. എത്രയും പെട്ടെന്ന് കോളേജില്‍ നിന്ന് ഞങ്ങള്‍ രണ്ടുപേരും പോകണമെന്നായിരുന്നു പറഞ്ഞത്. ദയവ് ചെയ്ത് കേസിനും വക്കാണത്തിനുമൊന്നും പോകരുത്,പ്രശ്‌നമാണ്,ഞാന്‍ കാലുപിടിക്കാം എന്നൊക്കെ പറയുന്നുണ്ടായിരുന്നു. ഞങ്ങള്‍ പോകാതെ അവനെ വിടില്ലെന്ന് അവന്റെ സംസാരത്തില്‍ നിന്നും മനസ്സിലായി. ഫോണില്‍ ലൗഡ്‌സ്പീക്കര്‍ ഓണാക്കിയാണ് അവര്‍ വിളിപ്പിച്ചത്. ജിജീഷ് വരാതെ ഞങ്ങള്‍ പോകില്ലെന്ന് പറഞ്ഞപ്പോള്‍ ശരിക്കും അവന്‍ കരയുകയായിരുന്നു.
അവര്‍ അവനെ അടിച്ചെന്നും വെള്ളം കൊടുത്തുവെന്നുമൊക്കെയാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത്. ഞങ്ങളുടെ കൂടെ നടന്നത് കൊണ്ടാണ് അടിച്ചതെന്നാണ് അവര്‍ കാരണം പറഞ്ഞത്. പോലീസിനെ അറിയിക്കാന്‍ ശ്രമിച്ചാല്‍ കൈയ്യില്‍ കഞ്ചാവ് പിടിപ്പിച്ചിട്ട് പോലീസിനെ ഏല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഞങ്ങള്‍ ക്യാമ്പസില്‍ നിന്നും പോയി എന്ന് പറഞ്ഞശേഷമാണ് അവനെ വിട്ടത്. പുറത്തിറങ്ങി പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചെങ്കിലും അത്ര നല്ല പ്രതികാരണമല്ല അവരുടെ ഭാഗത്ത് നിന്നുണ്ടായത്. ഇത് യൂണിവേഴ്‌സിറ്റി കോളേജാണ്,ഇവിടെ ഇങ്ങനെയൊക്കയെ നടക്കൂ എന്നറിയില്ലേ എന്നാണ് അവര്‍ ചോദിച്ചത്. മാത്രമല്ല അവര്‍ ഞങ്ങള്‍ക്കെതിരെ പോലീസില്‍ പരാതി കൊടുക്കുകയും ചെയ്തു.
നിയമപരമായി മുന്നോട്ട് പോകാനാണ് ശ്രമമെന്നും അത് ഭാവിയിലെ വിദ്യാര്‍ത്ഥികള്‍ക്കും കൂടി വേണ്ടിയാണെന്നും പെണ്‍കുട്ടി പറയുന്നു.
https://www.facebook.com/Malayalivartha
























