നിര്‍മ്മാണം പുരോഗമിക്കുന്ന ബൈപാസില്‍ മന്ത്രി ഇറങ്ങി മുക്കാല്‍ മണിക്കൂറോളം ട്രാഫിക് നിയന്ത്രിച്ചു

നിര്‍മാണം പുരോഗമിക്കുന്ന കഴക്കൂട്ടം-മുക്കോല ദേശീയപാതയില്‍ കുരുക്കഴിക്കാന്‍ പൊലീസില്ലാതെ വന്നപ്പോള്‍ ഗതാഗത സ്തംഭനം ഒഴിവാക്കാനായി മന്ത്രി തന്നെ റോഡിലേക്കിറങ്ങി. ആക്കുളത്തു ജനത്തിനൊപ്പം ഗതാഗതകുരുക്കില്‍പെട്ട മന്ത്രി കടകംപള്ളി സുരേന്ദ്രനാണു ട്രാഫിക് നിയന്ത്രിച്ചു രംഗത്തു വന്നത്ത്. മുക്കാല്‍ മണിക്കൂര്‍ പരിശ്രമത്തിനൊടുവിലാണു മന്ത്രിയും ജീവനക്കാരും ചേര്‍ന്നു ഗതാഗതകുരുക്കഴിച്ചത്. ഇന്നലെ രാവിലെ 8.30ന് ആക്കുളം പാലത്തിനു സമീപത്താണു മന്ത്രിയുടെ വാഹനം കുരുക്കില്‍ പെട്ടത്.
പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരണമടഞ്ഞ കഴക്കൂട്ടം സ്വദേശികളുടെ നാലു കുടുംബങ്ങള്‍ക്കു ധനസഹായം നല്‍കാനായി പുറപ്പെട്ടതായിരുന്നു അദ്ദേഹം. അഞ്ചു മിനിറ്റ് കഴിഞ്ഞും കുരുക്കഴിയാതെ വന്നതോടെ മന്ത്രി ആദ്യം ഗണ്‍മാനെ രംഗത്തിറക്കി. പിന്നീട് മന്ത്രിയും ഇറങ്ങി. ഉള്ളൂരില്‍ നിന്നു ബൈപാസിലേക്കു കടക്കുന്ന വാഹനങ്ങളെ ഗണ്‍മാനും ബൈപാസിലെ വാഹനങ്ങളെ മന്ത്രിയും നിയന്ത്രിച്ചു. മന്ത്രിയുടെ നിര്‍ദേശങ്ങള്‍ യാത്രക്കാര്‍ അതുപോലെ അനുസരിച്ചതോടെ കുരുക്കഴിഞ്ഞു വാഹനങ്ങള്‍ ക്രമേണ ചലിച്ചു.
തുടര്‍ന്നു വിവിധയിടങ്ങളില്‍ നിന്നു പൊലീസുകാരെത്തി ട്രാഫിക് നിയന്ത്രണം ഏറ്റെടുത്തു മന്ത്രിക്കു യാത്ര തുടരാന്‍ വഴിയൊരുക്കി. എന്നാല്‍, ആദ്യം പ്രശ്‌നം പരിഹരിക്കട്ടെ എന്നിട്ടു യാത്ര തുടരാം എന്ന നിലപാടിലായിരുന്നു മന്ത്രി. ഒടുവില്‍, ഒരു മണിക്കൂര്‍ കഴിഞ്ഞാണു കടകംപള്ളി യാത്ര തിരിച്ചത്. ഗതാഗതം സുഖമമായതോടെ യാത്രക്കാരും നാട്ടുകാരും മന്ത്രിയെ അഭിനന്ദിച്ചു. ബൈപാസിലെ കുരുക്കുകാരണം മന്ത്രിയുടെ ഇന്നലത്തെ ഷെഡ്യൂളും അടിമുടി അവതാളത്തിലായി. സംഭവത്തിനുശേഷം, കുളത്തൂര്‍ മുതല്‍ ആക്കുളം വരെയുള്ള മേഖലയില്‍ 11 വരെ ട്രാഫിക് നിയന്ത്രണത്തിനായി അധികമായി പൊലീസിനെ നിയോഗിച്ചിരുന്നു.
മന്ത്രി രംഗത്തിറങ്ങി ഗതാഗതം നിയന്ത്രിച്ചതോടെ ആക്കുളം ഭാഗത്തെ വാഹനപരിശോധന പൊലീസ് ഒഴിവാക്കി . ഗതാഗതരകുരുക്ക് രൂക്ഷമായ ആക്കുളത്തിനും തമ്പുരാന്‍ മുക്കിനും ഇടയില്‍ സ്വകാര്യ സ്‌കൂളിനു സമീപത്തായി പൊലീസ് പതിവായി നടത്തുന്ന വാഹനപരിശോധനയാണ് ഒഴിവാക്കിയത്. കുരുക്കേറിയ ഭാഗത്ത് പൊലീസ് നടത്തുന്ന വാഹനപരിശോധനയ്‌ക്കെതിരെ അനവധി ആക്ഷേപങ്ങളാണു നിലവിലുള്ളത്. കുരുക്കിലകപ്പെടുന്ന ഇരുചക്രവാഹനങ്ങളെയാണു പൊലീസ് തിരഞ്ഞുപിടിക്കുന്നത്. നിര്‍മാണം നടക്കുന്ന ഭാഗത്തെ വാഹനപരിശോധന അപകടത്തിനിടയാക്കുമെന്നാണു യാത്രക്കാരുടെ ആശങ്ക.
https://www.facebook.com/Malayalivartha
























