എസ്.എഫ്.ഐയും എ.ഐ.എസ്.എഫും അടിച്ചുപിരിഞ്ഞു

ലോ അക്കാദമി സമരത്തെ തുടര്‍ന്ന് എസ്.എഫ്.ഐയും എ.ഐ.എസ്.എഫും തമ്മില്‍ ഉടലെടുത്ത ഭിന്നത വേര്‍പിരിയലിലേക്ക് വഴിതെളിക്കുന്നു. ലോ അക്കാദമി സമരത്തില്‍ എ.ബി.വി.പി അടക്കമുള്ള സംഘടനകള്‍ക്കൊപ്പം സഹകരിച്ച എ.ഐ.എസ്.എഫുമായി ഇനി സംസ്ഥാനത്ത് ഒരുതരത്തിലുള്ള സഹകരണവും ഉണ്ടാകില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി. തോമസ് തുറന്നടിച്ചു. എന്നാല്‍ ലോ അക്കാദമി മാനേജ്‌മെന്റുമായുണ്ടാക്കിയ കരാറിന്റെ ഭാഗമായാണ് എസ്.എഫ്.ഐ ഈ തീരുമാനമെടുത്തതെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍ പ്രതികരിച്ചു. ലോ അക്കാദമി സമരത്തില്‍ നിന്ന് പിന്മാറേണ്ടിവന്നതിന്റെ ജാള്യത മറയ്ക്കാനാണ് ഈ തീരുമാനമെന്നും എ.ഐ.എസ്.എഫ് പറഞ്ഞു.
ഇന്നലെ ഒരു വാര്‍ത്താ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ജെയ്ക്ക് സി. തോമസ് എ.ഐ.എസ്.എഫിനെതിരെ വിമര്‍ശനമുന്നയിച്ചത്. ലോ അക്കാദമിയില്‍ എ.ബി.വി.പി അടക്കമുള്ള സംഘടനകളുമായി ചേര്‍ന്ന് സമരം നടത്തിയ എ.ഐ.എസ്.എഫുമായി ഇനി സഹകരണമില്ലെന്നായിരുന്നു പ്രഖ്യാപനം. എ.ഐ.എസ്.എഫും അതേ നാണയത്തില്‍ മറുപടി നല്‍കി രംഗത്ത് വന്നു. ലോ അക്കാദമി മാനേജ്‌മെന്റുമായി എസ്.എഫ്.ഐയുണ്ടാക്കിയ കരാറിന്റെ ഭാഗമാണിതെന്ന് സംശയിക്കുന്നുവെന്നും ശുഭേഷ് സുധാകരന്‍ പറഞ്ഞു. ലോ അക്കാദമി വിഷയത്തിലെ ജാള്യത മറച്ചുവെക്കാനുള്ള നീക്കമായിട്ടേ ഇതിനെ കാണുന്നുള്ളൂ. നിലവില്‍ ഏതുതരത്തിലുള്ള സഹകരണമാണ് തങ്ങളോടുള്ളതെന്ന് എസ്.എഫ്.ഐ വ്യക്തമാക്കണമെന്നും ശുഭേഷ് ചോദിച്ചു.
ലോ അക്കാദമിയില്‍ എ.ബി.വി.പി ഉള്‍പ്പെടെയുള്ള സംഘടനകളുമായി സഹകരിക്കുകയായിരുന്നില്ല. വിദ്യാര്‍ത്ഥികളോടൊപ്പം ചേര്‍ന്നാണ് എ.ഐ.എസ്.എഫ് സമരം നടത്തിയത്. സ്വാശ്രയ കോളജുകളില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താനുള്ള അവസരമായിരുന്നു ലോ അക്കാദമി സമരം. എന്നാല്‍ സര്‍ക്കാറിനെയോ വിദ്യാഭ്യാസ മന്ത്രിയോ വിശ്വസിക്കാതെ മാനേജ്‌മെന്റുമായി ധാരണയിലെത്തി സമരത്തില്‍ നിന്ന് എസ്.എഫ്.ഐ പിന്മാറുകയായിരുന്നു.
എ.ഐ.എസ്.എഫ് എടുത്ത നിലപാടാണ് ശരിയെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞുതുടങ്ങിയതോടെയാണ് തങ്ങള്‍ക്കെതിരെയുള്ള അക്രമണം തുടങ്ങിയത്. ഇടതുമുന്നണി സര്‍ക്കാര്‍ വന്നപ്പോള്‍ എസ്.എഫ്.ഐയുടെ മുഖം മാറി. പാലക്കാട് വിക്‌ടോറിയ കോളജിലും എറണാകുളം മഹാരാജാസിലും ഇതു കണ്ടു. എസ്.എഫ്.ഐയുടെ രാഷ്ട്രീയത്തോട് ചേര്‍ന്ന് നില്‍ക്കുമ്പോഴും ഫാസിസ്റ്റ് രീതിയോട് യോജിക്കാനാകില്ലെന്നും ശുഭേഷ് സുധാകരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























