കാമുകനോടൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നു; കൊലപാതകം പുറത്തുപറയുമെന്നു ഭീഷണിപെടുത്തിയ കാമുകിയെ കാമുകന്‍ കൊന്നു

ഇരിട്ടിയില്‍ നാടോടി യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണത്തില്‍ മറ്റൊരു കൊലപാതകത്തിന്റെ ചുരുള്‍കൂടി അഴിയുന്നു. കൊല്ലപ്പെട്ട നാടോടി യുവതി ശോഭയുടെ ഭര്‍ത്താവ് രാജുവിനെയും താന്‍ കൊലപ്പെടുത്തിയെന്ന് പ്രതി കര്‍ണാടക തുംകൂര്‍ സ്വദേശി മഞ്ജുനാഥ് പോലീസിന് മൊഴി നല്‍കി. ആദ്യ ഭര്‍ത്താവ് രാജുവിനെ ശോഭയും കാമുകനായ മഞ്ജുനാഥും ചേര്‍ന്ന് കഴുത്തില്‍ കയറിട്ട് മുറുക്കി കൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. രാജുവിനെ കൊലപ്പെടുത്തി തന്നെ സ്വന്തമാക്കാന്‍ ശോഭ നടത്തിയ പ്രേരണയിലാണ് കൊലപാതകമെന്നാണ് മഞ്ജുനാഥിന്റെ മൊഴി. അതേസമയം ശോഭയുടെ കാണാതായ നാലും ആറും വയസ്സുള്ള മക്കള്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ജനുവരി 21 നാണ് ശോഭയെ ഇരിട്ടി പഴയ പാലത്തിനു സമീപത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അന്വേഷണത്തില്‍ ഒപ്പം താമസിച്ചിരുന്ന തുംകൂര്‍ സ്വദേശി മഞ്ജുനാഥ് കഴുത്തു ഞെരിച്ച് കൊന്നശേഷം കിണറ്റില്‍ തള്ളിയതാണെന്ന് വ്യക്തമായിരുന്നു. എന്നാല്‍ ശോഭയുടെ മക്കളായ നാലുവയസ്സുകാരി അമൃത, ആറുവയസ്സുകാരന്‍ ആര്യന്‍ എന്നിവരെ കാണാതായതും ശോഭയുടെ ആദ്യ ഭര്‍ത്താവ് രാജുവിന്റെ തിരോധാനവും പോലീസില്‍ സംശയം ജനിപ്പിച്ചിരുന്നു. ഇവര്‍ക്കായുള്ള അന്വേഷണത്തിനൊടുവിലാണ് രാജുവിനെ കൊന്നത് ശോഭയും മഞ്ജുനാഥും ചേര്‍ന്നാണെന്ന് തിരിച്ചറിയുന്നത്. ശോഭയും മഞ്ജുനാഥും തമ്മില്‍ രഹസ്യ ബന്ധത്തിലായിരുന്നു. ഇത് അറിയാവുന്ന ഭര്‍ത്താവ് രാജു ശോഭയുമായി ഇടയ്ക്കിടെ വഴക്കിട്ടിരുന്നു. തുംകൂരില്‍ ശോഭയുമൊന്നിച്ച് കഴിയുകയായിരുന്ന രാജുവിനെ കൊല്ലാന്‍ ഇരുവരും പദ്ധതി തയ്യാറാക്കി.
2015 ഡിസംബര്‍ 21നാണ് മഞ്ജുനാഥും ശോഭയും ചേര്‍ന്ന് രാജുവിനെ കൊല്ലുന്നത്. മഞ്ജുനാഥിന്റെ തന്നെ ഓട്ടോവില്‍ കയറ്റി ഇവര്‍ താമസിക്കുന്ന സ്ഥലത്ത് നിന്നും അമ്പത് കിലോമീറ്ററോളം അകലെയുള്ള ഇഞ്ചിനഹള്ളിയിലെ വനത്തില്‍ വെച്ച് കയറുകൊണ്ട് കഴുത്തിന് മുറുക്കി കൊല്ലുകയായിരുന്നു. മൃതദേഹം വനത്തിനുള്ളിലെ മഴക്കുഴിയില്‍ തള്ളി ചില്ലിക്കമ്പുകളും പെട്രോളും ഒഴിച്ച് കത്തിച്ചു. അന്നുരാത്രിതന്നെ ശോഭയും മഞ്ജുനാഥും കുട്ടികളുമൊന്നിച്ച് മാനന്തവാടിയില്‍ എത്തുകയും അവിടെ മുറിയെടുത്ത് കുറച്ചുനാള്‍ താമസിച്ചതിനുശേഷം ഇരിട്ടിയിലേക്ക് വന്നു. വനത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ അസ്ഥികൂടം കണ്ടെത്തിയതിനെത്തുടര്‍ന്ന് തുംകൂരിലെ സിറ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. രാജുവിന്റെ ബന്ധുക്കളെല്ലാം കേരളത്തില്‍ നാടോടിജിവിതം നയിക്കുന്നതിനാല്‍ ഇയാളെ കാണാതായതിനെക്കുറിച്ച് ആരും പരാതി നല്‍കിയിരുന്നില്ല.

അജ്ഞാത മൃതദേഹം എന്ന നിലയില്‍ സിറ പോലീസും കാര്യമായ അന്വേഷണം നടത്തിയിരുന്നില്ല. മഞ്ജുനാഥ് നാട്ടിലുള്ള ഭാര്യയുടെയും മക്കളുടെയും അടുത്ത് പോകുന്നതിനെ ശോഭ എതിര്‍ത്തിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വഴക്കും ഉണ്ടായി. വഴക്കിനിടയില്‍ രാജുവിനെ കൊന്നകാര്യം പുറത്തുപറയുമെന്ന് പറഞ്ഞ് ശോഭ മഞ്ജുനാഥിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് ശോഭയെയും കൊല്ലാന്‍ കാരണമെന്നാണ് മഞ്ജുനാഥ് പോലീസിനു നല്‍കിയ മൊഴി.
കേസ അന്വേഷിക്കുന്ന പേരാവൂര്‍ സി.ഐ. സുനില്‍കുമാറിന്റെയും പ്രൊബേഷന്‍ എസ്.ഐ. അന്‍ഷാദിന്റെയും നേതൃത്വത്തിലുള്ള സംഘം പ്രതിയുമായി നടത്തിയ തിരച്ചിലില്‍ കൊലനടത്തിയ സ്ഥലം കണ്ടെത്തി. അവിടെനിന്ന് കൊല്ലപ്പെട്ട രാജുവിന്റേതെന്ന് സംശയിക്കുന്ന കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളും പോലീസിന് ലഭിച്ചു. രാജുവിന്റെ കൊലപാതകം സംബന്ധിച്ച കേസ് കര്‍ണാടക പോലീസിന് കൈമാറുമെന്ന് ഇരിട്ടി ഡിവൈ.എസ്.പി.യുടെ ചുമതലയുള്ള നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. വി.എം.വിശ്വനാഥന്‍ പറഞ്ഞു. അന്വേഷണസംഘത്തില്‍ ഇരിട്ടി എസ്.ഐ. സുധീര്‍ കല്ലന്‍, രമേഷ്ബാബു, ഷംസുദ്ദീന്‍, ജോളി എന്നിവരും ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha






















