കെ.എ.എസ് നടപ്പാക്കുമോ..? ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ അട്ടിമറിക്കും

പാര വരുന്ന പുതിയ വഴി കാണാന്‍ കാത്തിരിക്കുകയാണ് കേരളം. എന്തു വില കൊടുത്തും കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നടപ്പിലാക്കുമെന്ന് പിണറായി വീമ്പിളക്കുമ്പോള്‍ ഉടക്കി നില്‍ക്കുന്ന ഐ.എഎസുകാരും ഇതര ഉദ്യോഗസ്ഥരും ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് ഉറപ്പായി. ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ സര്‍ക്കാരിനെ നിസാരമായി അട്ടിമറിക്കാം. അതിനു പല വഴികളുണ്ട്. സര്‍ക്കാര്‍ പദ്ധതികള്‍ തെറ്റായി വ്യാഖ്യാനിക്കുന്നതാണ് ഒന്ന്. സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കാതിരിക്കാം. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ രഹസ്യമായി മാധ്യമങ്ങള്‍ക്ക് കൈമാറാം.
ഐ.എ എസുകാര്‍ വിചാരിച്ചാല്‍ ന്യായമായ കാര്യങ്ങളില്‍ പോലും ക്വറിയിടാം. ഒരിക്കല്‍ ക്വറിയിട്ടാല്‍ സര്‍ക്കാര്‍ തലത്തില്‍ ഒന്നും നടക്കില്ല. കേരളത്തിലെ ഐ.എഎസുകാര്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത് അതാണ്. കാരുണ്യ, സുകൃതം തുടങ്ങിയ പദ്ധതികള്‍ അട്ടിമറിച്ചതിനു പിന്നിലും ഐ.എ.എസുകാരുടെ കറുത്ത കരങ്ങള്‍ ഉണ്ടോ എന്നു സംശയമുണ്ട്. ഏതു പദ്ധതിയും വഴി മുടക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയും. സെക്രട്ടേറിയറ്റിലെ ഏമാന്‍മാരാണ് സര്‍ക്കാരില്‍ എന്തു നടക്കണമെന്ന് തീരുമാനിക്കുന്നത്. അതിന് ഐ.എ.എസുകാര്‍ തന്നെ വേണമെന്നില്ല. സെക്ഷന്‍ അസിസ്റ്റന്റ് വിചാരിച്ചാലും സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കാം. ഒരു വലിയ പദ്ധതി വരുമ്പോള്‍ അത് നടപ്പിലാക്കിയിലുണ്ടാകുന്ന ഗുലുമാലുകള്‍ ചൂണ്ടി കാണിച്ചാല്‍ മതി സംഗതി തകരും.
അസിസ്റ്റന്റിന് മുകളിലുള്ള എല്ലാ ഉദ്യോഗസ്ഥരും ഫയലിന്‍ ഒപ്പിടാറാണ് പതിവ്. അതായത് ജാതകം എഴുതുന്നത് അസിസ്റ്റന്റാണെന്ന് ചുരുക്കം. ഒരു സര്‍ക്കാരും ഉദ്യോഗസ്ഥരെ പിണക്കാറില്ല. ക്ഷാമബത്തകള്‍ കൃത്യസമയത്ത് പ്രഖ്യാപിക്കുന്നത് ജീവനക്കാരെ ഭയന്നിട്ടാണ്. മന്ത്രിമാര്‍ മുന്‍പരിചയമുള്ളവരാകണമെന്നില്ല. ഇവര്‍ക്ക് ഉദ്യോഗസ്ഥരുടെ സഹായം കൂടിയേ തീരൂ. അതിനാലാണ് ഉദ്യോഗസ്ഥരോട് വിയോജിപ്പുണ്ടെങ്കിലും സര്‍ക്കാരുകള്‍ തന്ത്രപരമായി നീങ്ങുന്നത്. പിണറായി അധികാരത്തിലെത്തിയ സമയത്ത് തന്നെ ഉദ്യോഗസ്ഥരെ പിണക്കാനാരംഭിച്ചു. ഫലം, ഭരണസ്തംഭനം.കെ.എ.എസിനു എതിരാണ് ഇടതു സംഘടനകളും. എന്നാല്‍ അവര്‍ക്ക് പരസ്യമായി ഒന്നും ചെയ്യാനാവുന്നില്ല. രഹസ്യമായി ഇവര്‍ സമരരംഗത്തുള്ള സംഘടനകളെ പിന്താങ്ങുകയാണ് ചെയ്യുന്നത്.
https://www.facebook.com/Malayalivartha






















