രോഗികളുടെ ദീര്‍ഘനാളത്തെ ആവശ്യത്തിന് പരിഹാരം

മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികളുടേയും കൂട്ടിരുപ്പുകാരുടേയും ദീര്‍ഘനാളത്തെ ആവശ്യത്തിന് പരിഹാരം. ലാബ് പരിശോധന ഫലങ്ങള്‍ അപ്പപ്പോള്‍ ഡോക്ടറുടെ അടുത്തെത്തിക്കാനുള്ള സംവിധാനത്തിന്റെ (സഹായക്കൂട്ടം) ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. നാലാം വാര്‍ഡില്‍ രോഗികള്‍ക്ക് പരിശോധന ഫലം നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
രോഗികള്‍ക്കും അവരുടെ കൂട്ടിരുപ്പുകാര്‍ക്കും വളരെയേറെ സഹായകരമായ ഈ സംവിധാനം മാതൃകാപരമാണെന്ന് കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ മന്ത്രി പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
ഏതാണ്ട് 5 കിലോമീറ്ററിനകത്ത് വ്യാപിച്ച് കിടക്കുന്ന മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ പല ഭാഗത്തായാണ് ലാബുകള്‍ സ്ഥാപിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ബയോ കെമിസ്ട്രി, ക്ലിനിക്കല്‍ പത്തോളജി, മൈക്രോ ബയോളജി എന്നീ ലാബുകള്‍ ചേര്‍ന്ന സെന്‍ട്രല്‍ ലബോറട്ടറി, എച്ച്.ഡി.എസ്. ലാബ്, ഒ.പി. കളക്ഷന്‍ റൂം, എ.സി.ആര്‍. ലാബ്, ഹിസ്‌റ്റോ പത്തോളജി ലാബ്, ബയോ കെമിസ്ട്രി സ്‌പെഷ്യല്‍ ടെസ്റ്റ് ലാബ് എന്നീ ലാബുകളാണ് മെഡിക്കല്‍ കോളേജിലുള്ളത്. സെന്‍ട്രല്‍ ലബോറട്ടറി ബ്ലെഡ് ബാങ്ക് കെട്ടിടത്തിലും എച്ച്.ഡി.എസ്. ലാബ് മോര്‍ച്ചറിക്ക് സമീപത്തും എ.സി.ആര്‍. ലാബ് പഴയ അത്യാഹിത വിഭാഗത്തിന് സമീപത്തും ഒ.പി. കളക്ഷന്‍ റൂം ഒ.പി. കെട്ടിടത്തിലും ഹിസ്‌റ്റോ പത്തോളജി ലാബ് കോളേജിനുള്ളിലെ പത്തോളജി ഡിപ്പാര്‍ട്ട്‌മെന്റിലും ബയോ കെമിസ്ട്രി സ്‌പെഷ്യല്‍ ലാബ് ബയോ കെമിസ്ട്രി ഡിപ്പാര്‍ട്ടുമെന്റിലുമാണുള്ളത്.
സെന്‍ട്രല്‍ ലാബില്‍ ഏതാണ്ട് 2500 പേരും എച്ച്.ഡി.എസ്. ലാബില്‍ 1500 പേരും എ.സി.ആര്‍. ലാബില്‍ 1500 പേരും രക്ത പരിശോധനയ്ക്കായി ദിവസംതോറും എത്താറുണ്ട്. ഇത് പല ഭാഗങ്ങളിലായതിനാല്‍ ആശുപത്രിയിലെത്തുന്ന രോഗികളുടെ കൂട്ടിരുപ്പുകാര്‍ രോഗികളെ തനിച്ചാക്കി ലാബന്വേഷിച്ച് അലയാറുണ്ട്. ഒരു രോഗിക്ക് പല പരിശോധനാ ഫലങ്ങള്‍ വേണ്ടി വരുമ്പോള്‍ ഈ ലാബുകളിലെല്ലാം പല പ്രാവശ്യം പോകേണ്ടി വരുന്നു. ഇതില്‍ ഏറെ വലയുന്നത് കൂട്ടിരുപ്പുകാരാണ്.
മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികള്‍ പരിശോധന ഫലത്തിനായി അലയുന്നതിനെപ്പറ്റി നിരവധി പരാതികളുണ്ടായിരുന്നു. അടുത്തിടെ സോഷ്യല്‍ മീഡിയയിലും ഇത് പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ആരോഗ്യ മന്ത്രിയുടെ നിര്‍ദേശ പ്രകാരം പുതിയ സംവിധാനം മെഡിക്കല്‍ കോളേജില്‍ ഏര്‍പ്പെടുത്തിയത്.
മെഡിക്കല്‍ കോളേജ് ആശുപത്രി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, അത്യാഹിത വിഭാഗം എന്നിവിടങ്ങളിലാണ് ഇത് നടപ്പിലാക്കുന്നത്. ആശുപത്രി വികസന സമിതിയുടെ നേതൃത്വത്തില്‍ നാല്‍പതോളം ലാബ് ടെക്‌നീഷ്യന്‍ ട്രെയിനികളെ നിയമിച്ചാണ് ഈ സംവിധാനമൊരുക്കുന്നത്. രോഗിയുടെ അടുത്ത് നിന്നും സാമ്പിള്‍ ശേഖരിച്ച ശേഷം ഇവര്‍ അതത് ലാബുകളില്‍ എത്തിക്കുകയും യഥാസമയം പരിശോധന ഫലങ്ങള്‍ തിരികെ കൊണ്ടുവരികയും ചെയ്യുന്നു. പരീഷണാടിസ്ഥാനത്തില്‍ രണ്ടാഴ്ച നടപ്പാക്കി വിജയിച്ചിതിനെ തുടര്‍ന്നാണ് ഇത് വിപുലമാക്കുന്നത്.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. സന്തോഷ് കുമാര്‍, ഡോ. ജോബി ജോണ്‍, ആര്‍.എം.ഒ. ഡോ. മോഹന്‍ റോയ്, കൗണ്‍സിലര്‍ എസ്.എസ്. സിന്ധു എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha






















