പ്രശസ്ത നടിയെ ഡിജെ പാര്‍ട്ടിയില്‍ കൊണ്ടുപോയി മയക്കുമരുന്ന് കുത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി... പി.ടി.തോമസിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍

നടിയ്ക്ക് നേരെ നടന്നത് ആസൂത്രിതമായ ആക്രമണമായിരുന്നെന്ന് പി.ടി.തോമസ് എംഎല്‍എ. രാത്രി ഈ സംഭവം അറിഞ്ഞ ഉടന്‍ താന്‍ സ്ഥലത്തെത്തിയെന്നും പി.ടി.തോമസ് പറഞ്ഞു. തങ്ങള്‍ ക്വട്ടേഷന്‍ എടുത്തതാണ് എന്നാണ് അക്രമികള്‍ നടിയോട് പറഞ്ഞത്. പ്രശ്‌നം ഉണ്ടാക്കിയാല്‍ ഡിജെ പാര്‍ട്ടിയില്‍ കൊണ്ടുപോയി മയക്കുമരുന്ന് കുത്തിവെച്ച് കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.
ഞാന്‍ ചെന്ന ഉടന്‍ തന്നെയാണ് ഐജി ഉള്‍പ്പെടെയുള്ളവരും എത്തിയത്. ഞാന്‍ അവിടെ ചെല്ലുമ്പോള്‍ ഡ്രൈവര്‍ അവശത ഭാവിച്ച് ഒരു കസേരയില്‍ ഇരിക്കുകയായിരുന്നു. അയാളുടെ നടപ്പിലും പെരുമാറ്റത്തിലും സംശയം തോന്നിയ ഞാന്‍ നിങ്ങളല്ലേ ഫോണ്‍ ചെയത് നടിയുടെ വിവരങ്ങള്‍ അക്രമികള്‍ക്ക് കൈമാറിയതെന്ന് ചോദിച്ചു. ഉടന്‍ അയാള്‍ വിളറി ഭയന്നു. താന്‍ കയറുന്നതിന് മുമ്പാണ് അക്രമികളെ വിളിച്ചതെന്ന് ഡ്രൈവര്‍ സമ്മതിച്ചു. വിളിച്ച സിം എവിടെയാണെന്ന് ചോദിച്ചു. സിം അക്രമികള്‍ എടുത്തുകൊണ്ടുപോയി എന്ന് പറഞ്ഞു. വിളിച്ച നമ്പര്‍ ഓര്‍മ്മയില്ലേ എന്ന് ചോദിച്ചു. വിളിച്ച നമ്പര്‍ അയാള്‍ പറഞ്ഞു. നമ്പര്‍ പൊലീസിന് കൈമാറി. പൊലീസ് ആ നമ്പര്‍ ട്രെയ്‌സ് ചെയ്തപ്പോള്‍ പനമ്പിള്ളി നഗറിലാണെന്ന് കണ്ടെത്തി. എന്നാല്‍ അയാളെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയതായും പി.ടി.തോമസ് പറഞ്ഞു.
അത്താണിയില്‍ വെച്ച് നടി സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം ഇടിച്ചതിന് ശേഷമാണ് അക്രമികള്‍ നടിയുടെ വാഹനത്തില്‍ കയറിയത് എന്നായിരുന്നു നടി പറഞ്ഞത്. ഇത്രയും ദൂരം നടിയെ പീഡിപ്പിച്ചപ്പോള്‍ എന്തുകൊണ്ടാണ് ഡ്രൈവര്‍ വണ്ടി നിര്‍ത്താനോ സംഭവം ജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താനോ ശ്രമിക്കാതിരുന്നതെന്ന ചോദ്യത്തിന് ഡ്രൈവര്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ലെന്നും പി.ടി.തോമസ് പറഞ്ഞു.
സ്ത്രീകള്‍ക്കും ജനങ്ങള്‍ക്കും കേരളത്തില്‍ ഒരു സുരക്ഷയുമില്ല. ഒരു സെലിബ്രേറ്റിക്കാണ് ഇത് സംഭവിച്ചത്. ഇത്തരം അക്രമികളെ ചെറുക്കാന്‍ കേരളസമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും പി.ടി.തോമസ് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha






















