പിണറായിക്ക് ജനയുഗത്തിന്റെ പരിഹാസം .. വിഭോ, അങ്ങ് മാത്രം വികസനവാദി!

മുഖ്യമന്ത്രിയും വൈദ്യുത മന്ത്രിയും നടപ്പിലാക്കുമെന്ന് ആവര്‍ത്തിക്കുന്ന ആതിരപ്പള്ളി പദ്ധതിക്ക് ബദല്‍ നിര്‍ദ്ദേശവുമായി സി.പി.ഐ മുഖപത്രം ജനയുഗം രംഗത്ത്. പദ്ധതിയെ എതിര്‍ക്കുന്നവര്‍ വികസന വിരോധികളാണെന്നു പരോക്ഷമായി വിമര്‍ശിച്ച പിണറായിയെ വികസനവാദി എന്ന് വിളിച്ച് ജനയുഗം പരിഹസിക്കുന്നു.
നിയമസഭയില്‍ സര്‍ക്കാര്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് പറയുന്നതായി എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് എഴുതിയ ലേഖനത്തില്‍ പറയുന്നു. പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കല്‍ ആരംഭിച്ചതായി നിയമസഭാ ഉത്തരത്തിലുണ്ട്. 140 ഹെക്ടറില്‍ 42 ഹെക്ടറിലെ മരങ്ങള്‍ മുറിക്കാന്‍ വനം വകുപ്പിനു അപേക്ഷ നല്‍കിയതായി പറയുന്നു.
2006-ലെ എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി സൗഹൃദമായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇപ്പോഴത്തെ തീരുമാനം അതിനെതിരായിരിക്കുമെന്നും പറയുന്നു.
സൈലന്റ് വാലി സംരക്ഷിക്കപ്പെട്ടതും പൂയം കുട്ടി ഉപേക്ഷിക്കപ്പെട്ടതും കേരളത്തില്‍ നടന്ന ജനകീയ പ്രക്ഷോഭങ്ങളുടെ ഫലമായാണെന്നും ലേഖനത്തിലുണ്ട്. പെരിങ്ങോം, പാത്രകടവ് സമരങ്ങള്‍ മറക്കരുതെന്നും ജനയുഗം ഓര്‍മ്മിപ്പിക്കുന്നു.
പരിസ്ഥിതിയെ നശിപ്പിക്കുന്ന വികസനം വേണ്ടെന്ന് ലോകമെമ്പാടും പറയുമ്പോഴാണ് കേവലം 163 മെഗാവാട്ട് വൈദ്യുതിക്ക് വേണ്ടി 140 ഹെക്ടര്‍ വനഭൂമി നശിപ്പിക്കുന്നതെന്നും ലേഖനം പറയുന്നു. 1000 കോടി മുടക്കിയാല്‍ കിട്ടുന്ന വൈദ്യുതിയുടെ അളവ് പരിസ്ഥിതി നാശത്തേക്കാള്‍ എത്രയോ തുച്ഛമാണെന്നും ലേഖനം പായുന്നു. ജൈവ വൈവിദ്ധ്യങ്ങളെ ഇല്ലാതാക്കി ജന്തു ജീവജാലങ്ങളെ കൊന്നൊടുക്കുന്നതിലൂടെ ലഭിക്കുന്ന ആശ്വാസം എത്ര നാളത്തേക്കാണെന്നും ലേഖനം ചോദിക്കുന്നു.
ആതിരപള്ളിക്ക് ബദലുണ്ടോ എന്നു ചോദിക്കുന്നവരോട് അതിന്റെ പേരില്‍ നശിപ്പിക്കുന്ന പ്രകൃതിക്ക് ബദലുണ്ടോ എന്ന് ജനയുഗം ചോദിക്കുന്നു.
പിണറായിയെ ലേഖനത്തില്‍ വികസനവാദികള്‍ എന്ന് പരിഹസിക്കുന്നു. ആതിരപ്പള്ളിയെ എതിര്‍ക്കുന്നവര്‍ വികസന വിരോധികളാണെന്ന പിണറായിയുടെ പ്രസംഗത്തിനുള്ള മറുപടിയാണ് ഇത്.
ജലവൈദ്യുത പദ്ധതിയെക്കാള്‍ നല്ലത് സൗരോര്‍ജമാണെന്നും ലേഖനം പറയുന്നു. സംസ്ഥാനത്തെ വീടുകളിലുള്ള ബള്‍ബുകള്‍ എല്‍.ഇ.ഡി ആക്കിയാല്‍ വലിയ രീതിയില്‍ വൈദ്യുതി ലാഭിക്കാന്‍ കഴിയുമെന്ന് ഐസക് പറഞ്ഞതിനെ ലേഖനം പിന്തുണക്കുന്നു. ആതിരപ്പള്ളിക്കെതിരായ ഏതു സമരത്തിലും എ.ഐ.വൈ.എഫ് മുന്നില്‍ കാണുമെന്നും ലേഖനത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha
























