പെണ്മക്കള്‍ വീട്ടിനു പുറത്തിറങ്ങിയാല്‍ തിരിച്ച് ചെന്നെത്തും വരെ അമ്മമാരുടെ നെഞ്ചില്‍ തീയാണ്; സൗമ്യയില്‍ തുടങ്ങി മിഷേല്‍ ഷാജി വരെ എത്തി നില്‍ക്കുന്ന ഉദാഹരണങ്ങള്‍

സ്ത്രീ സ്വാതന്ത്ര്യം, സമത്വം തുടങ്ങിയവയ്ക്കായുള്ള മുറവിളികള്‍ സമൂഹത്തിന്റെ വിവിധകോണുകളില്‍ നിന്നും ഉയരുമ്പോഴും അവയ്‌ക്കൊന്നും ചെവികൊടുക്കാന്‍ നമ്മുടെ നാട്ടിലെ അമ്മമാര്‍ക്ക് ഇനിയാവില്ല. പെണ്മക്കള്‍ വീട്ടിനു പുറത്തിറങ്ങിയാല്‍ തിരിച്ച് ചെന്നെത്തും വരെ അമ്മമാരുടെ നെഞ്ചില്‍ തീയാണ്. സൗമ്യയില്‍ തുടങ്ങി മിഷേല്‍ ഷാജി എന്ന പതിനെട്ടുകാരിയില്‍ വരെ എത്തി നില്‍ക്കുന്ന ഉദാഹരണങ്ങള്‍ ഇന്ന് കേരളത്തിലെ അമ്മമാരുടെ ഉറക്കം കെടുത്തുന്നു.
മിഷേല്‍ ഷാജി എന്ന 18 കാരി വിദ്യാര്‍ഥിനി മരണപ്പെട്ടിട്ട് ഒരാഴ്ചയാകുന്നു. സംശയം ജനിപ്പിക്കുന്ന സാഹചര്യങ്ങളില്‍ പലതും ബാക്കിയാകുമ്പോഴും മിഷേലിന്റെ മരണം ആത്മഹത്യയാണ് എന്ന നിഗമനത്തിലാണ് പോലീസുകാര്‍. ഇതിനെതിരെ മിഷേലിന്റെ വീട്ടുകാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിക്കഴിഞ്ഞു. എന്നാല്‍ കാര്യങ്ങള്‍ എന്നത്തേയും പോലെ എവിടെയും എത്താതെ പോകും എന്ന നിലപാടിലാണ് സമൂഹം. ഏറെ വേദനയോടെയാണ് എങ്കിലും സമൂഹത്തിലെ നല്ലൊരു വിഭാഗം അങ്ങനെ തന്നെ വിശ്വസിക്കുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെടുന്നതിന്റെ ഏറ്റവും വലിയ തെളിവായി വേണം ഇതിനെ കാണാന്‍. മിഷേലിന് സംഭവിച്ചതെന്താകാം?
പിറവം സ്വദേശിനിയായ മിഷേല്‍ ഷാജി എറണാകുളത്തെത്തിയത് CA ക്ക് പഠിക്കുവാനായാണ്. കച്ചേരിപ്പടിയിലുള്ള ഹോസ്റ്റലില്‍ നിന്നായിരുന്നു മിഷേലിന്റെ പഠനം. അവധി ദിവസങ്ങളില്‍ വീട്ടിലേക്ക് പോകുകയോ, വീട്ടുകാര്‍ കാണാന്‍ വരുകയോ ആണ് പതിവ്. എന്നാല്‍, പരീക്ഷ അടുത്തതിനാല്‍ മിഷേല്‍ കഴിഞ്ഞയാഴ്ച വീട്ടില്‍ പോയിരുന്നില്ല. കലൂര്‍ പള്ളിയില്‍ പോകാനായി ഇറങ്ങിയ മിഷേല്‍ പിന്നീട് ഹോസ്റ്റലിലേക്ക് തിരിച്ചെത്തിയില്ല. വിദ്യാര്‍ത്ഥിയെ കാണാനില്ലെന്നു കാണിച്ചു ബന്ധുക്കള്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതി കൊടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചൊവ്വാഴ്ച കൊച്ചി കായലില്‍ നിന്നും ആ കുട്ടിയുടെ ശരീരം കിട്ടുകയായിരുന്നു. എങ്ങനെ മിഷേല്‍ മരണപ്പെട്ടു? കലൂര്‍ പള്ളിയില്‍ നിന്നും തിരിച്ചിറങ്ങിയ മിഷേല്‍ എങ്ങനെ കായലില്‍ എത്തി? ചോദ്യങ്ങള്‍ ബാക്കിയാകുകയാണ്. മരണം നടന്നിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസിന്റ അനേഷണം എവിടേയും എത്തിയിട്ടില്ല എന്നതാണ് ഏറെ ഖേദകരം.
പ്രണയത്തിന്റെ പേരില്‍ ഒരു വ്യക്തിയാല്‍ ശല്യം ചെയ്യപ്പെട്ട മിഷേല്‍ ആത്മഹത്യ ചെയ്തു എന്നതാണ് പോലീസ് ഭാഷ്യം. എന്നാല്‍ തങ്ങളുടെ മകള്‍ ഏതു സാഹചര്യങ്ങളെയും മറികടക്കത്തക്ക ആത്മധൈര്യം ഉള്ളവളാണ് എന്നും അവള്‍ ആത്മഹത്യ ചെയ്യുകയില്ല എന്നും മിഷേലിന്റെ മാതാപിതാക്കള്‍ ഉറപ്പിച്ചു പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ക്ക് പിന്നിലെന്ത്? പള്ളിയില്‍ നിന്നും പുറത്തേക്ക് വരുന്ന മിഷേലിന്റെ ദൃശ്യങ്ങള്‍ പള്ളിയിലെ സിസിടിവിയില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇത് പ്രകാരം പള്ളിയില്‍നിന്നു പുറത്തേക്കു വന്ന മിഷേലിനു ഏതെങ്കിലും വിധത്തിലുള്ള മാനസിക പിരിമുറക്കമുള്ളതായി തോന്നുന്നില്ല എന്നുമാത്രമല്ല, പള്ളിക്കു പുറത്ത് ബൈക്കില്‍ രണ്ടുപേര്‍ മിഷേലിനെ പിന്തുടരുന്നതായും കാണുന്നു. ആരാണവര്‍? എന്തിനവര്‍ മിഷേലിനെ പിന്തുടര്‍ന്നു?
പല ചോദ്യങ്ങള്‍ക്കും ഇനിയും ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. മാത്രമല്ല, ആറാം തീയതി കണ്ടെടുത്ത മിഷേലിന്റെ മൃതദേഹത്തില്‍ ഒരു മുങ്ങിമരണത്തിന്റേതായ ലക്ഷണങ്ങള്‍ ഒന്നും ഇല്ല എന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നു. 24 മണിക്കൂര്‍ വെള്ളത്തില്‍ കിടന്ന മൃതശരീരത്തില്‍ ഉണ്ടാകേണ്ട മാറ്റങ്ങള്‍ ഒന്നും തന്നെ മിഷേലിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നില്ല. മിഷേലിന്റെ ഫോണ്‍ ഓഫായതു കലൂരിലെ മൊബൈല്‍ ടവറിന്റെ പരിധിയിലാണ്. ഇതില്‍ അവസാനം വിളിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് ഫോര്‍ മിഷേല്‍, നീതി ഉറപ്പു വരുത്താന്‍ സോഷ്യല്‍ മീഡിയ മിഷേലിന് നീതി ഉറപ്പു വരുത്താന്‍ സോഷ്യല്‍ മീഡിയ സജീവമാകുകയാണ്.
JusticeForMishel
എന്ന ഹാഷ്ടാഗില്‍ , കേസ് അന്വേഷണം ഊര്‍ജിതം ആക്കണമെന്ന നിലപാടില്‍ സോഷ്യല്‍ മീഡിയ തങ്ങളുടെ ആവശ്യം മുന്നോട്ടു വയ്ക്കുകയാണ്. പ്രതികരണം, സോഷ്യല്‍ മീഡിയയില്‍ മാത്രം ഒതുക്കാതെ മുന്നോട് കൊണ്ട് പോകേണ്ടത് നിയമത്തിന്റെ ചുമതലയാണ്. മറ്റൊരു സൗമ്യയുടെയോ ജിഷയുടെയോ കഥയല്ല നമുക്ക് വേണ്ടത്. നീതി നിഷേധിക്കപ്പെട്ട ഒരുവള്‍ ആയല്ല മിഷേലിനെ നാം ഓര്‍ക്കേണ്ടത്. അമ്മേ എന്നും അച്ഛാ എന്നും വിളിച്ച്, പിറവത്തെ വീടിന്റെ പടികടന്ന് ആ പതിനെട്ടുകാരി ഇനി വരില്ല, ആഗ്രഹിച്ച പോലെ അവള്‍ ഇനി ഒരു CA കാരിയാവില്ല. അതിനായി വാങ്ങിയ പാഠപുസ്തകങ്ങള്‍ക്ക് പറയാന്‍ ഒരു പാട് സ്വപ്നങ്ങളുടെ കണക്കുകള്‍ ബാക്കിയുണ്ടാകും. ഈറനണിഞ്ഞ കണ്ണുകളുമായി ആ കുടുംബത്തിന് ഇനി ഒന്നേ പ്രാര്‍ത്ഥിക്കാനുള്ളൂ, തന്റെ മകള്‍ക്ക് നീതി ലഭിക്കണം, എങ്ങനെ അവള്‍ മരണപ്പെട്ടു എന്ന് അറിയണം...അതിനു സാധിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കാന്‍ മാത്രമേ നമുക്ക് സാധിക്കൂ... മിഷേലിന് നീതി ലഭിക്കട്ടെ...
https://www.facebook.com/Malayalivartha


























