കലാഭവന്‍ മണിയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണത്തെ കുറിച്ച് സി.ബി.ഐ വ്യക്തമായ നിലപാടറിയിക്കണമെന്ന് ഹൈക്കോടതി

കലാഭവന്‍ മണിയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കുന്നുണ്ടോയെന്നത് സംബന്ധിച്ച് സി.ബി.ഐ വ്യക്തമായ നിലപാടറിയിക്കണമെന്ന് ഹൈക്കോടതി. കേസ് ഏറ്റെടുക്കല്‍ സംബന്ധിച്ച് പ്രത്യേക നിര്‍ദേശങ്ങളൊന്നും കേന്ദ്ര നേതൃത്വത്തില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന സി.ബി.ഐയുടെ വിശദീകരണത്തെ തുടര്‍ന്നാണ് ഈ ഉത്തരവ്.
മണിയുടെ മരണം നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും സംഭവത്തിന് പിന്നിലുള്ളവരെ ഇതുവരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പൊലീസ് അന്വേഷണം കൊണ്ടായിട്ടില്ലെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നുമാവശ്യപ്പെട്ട് സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
കേസ് പരിഗണിക്കവേ നേരത്തേ ഉത്തരവുണ്ടായിട്ടും സി.ബി.ഐ നിലപാടറിയിക്കാത്തതിന് കോടതി കാരണം തേടി. അപ്പോഴാണ് ഇത് സംബന്ധിച്ച് നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് സി.ബി.ഐ മറുപടി നല്‍കിയത്. വിഷം ഉള്ളില്‍ ചെന്നതിന്റെ ലക്ഷണങ്ങള്‍ മണി പ്രകടിപ്പിച്ചിരുന്നില്ലെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന വിശദീകരണവും സി.ബി.ഐ ചൂണ്ടിക്കാട്ടി.
ക്ലോറോപൈറിഫോസ് മണിയുടെ ശരീരത്തിലെത്താനുള്ള സാധ്യത തീരെ കുറവായതിനാലും ഇതിന്റെ അളവ് കണ്ടെത്താന്‍ റീജനല്‍ ലാബിന് കഴിയാത്തതിനാലും രക്തസാമ്പിളടക്കം ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബില്‍ പരിശോധനക്ക് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡിന്റെ പരിഗണനയ്ക്കു നല്‍കിയിരിക്കുകയാണ്.
ഈ ഘട്ടത്തില്‍ കേസ് ഏറ്റെടുക്കാനാവില്ലെന്ന കാര്യവും സി.ബി.ഐ വ്യക്തമാക്കി. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടറിയിക്കാന്‍ കോടതി നിര്‍ദേശിച്ചത്. കേസ് വീണ്ടും 29ന് പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha