മുതിർന്ന മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം ജില്ലാ കളക്ടറുമായിരുന്ന വി.വി.വിജയൻ അന്തരിച്ചു...

മുതിർന്ന മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം ജില്ലാ കളക്ടറുമായിരുന്ന വി.വി.വിജയൻ (90) അന്തരിച്ചു. കുമാരപുരം ബർമാ റോഡിൽ മകളുടെ വസതിയായ കാർത്തികയിൽ ഇന്നലെ രാവിലെ 9ഓടെയായിരുന്നു അന്ത്യം. സംസ്‌കാരം മുട്ടത്തറ മോക്ഷകവാടത്തിൽ നടന്നു.
1980- 83 കാലഘട്ടത്തിൽ തലസ്ഥാന ജില്ലാ കളക്ടറായിരുന്നു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും കേരളത്തിലെ ആദ്യ പി.എസ്.സി ചെയർമാനുമായ വി.കെ.വേലായുധന്റെയും ദേവകിയുടെയും മകനാണ്.
1957ൽ ഡെപ്യൂട്ടി തഹസിൽദാറായിട്ടാണ് സർവീസിൽ പ്രവേശിച്ചത്. സർവീസിൽ സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന പേരിന് ഉടമയായിരുന്നു. 1974ൽ ഐ.എ.എസ് ലഭിച്ചു. ബിവറേജസ് കോർപ്പറേഷൻ എം.ഡി, സിവിൽ സപ്ലൈസ് ഡയറക്ടർ, തൊഴിൽ വകുപ്പ് സെക്രട്ടറി, ടൈറ്റാനിയം എം.ഡി, വ്യവസായ വകുപ്പ് സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു. 1994ൽ റവന്യു ബോർഡ് മെമ്പറായിരിക്കെ വിരമിച്ചു. തുടർന്ന് ഹൈക്കോടതി നിർദ്ദേശപ്രകാരം ദേവസ്വം കമ്മിഷണറുടെ ചുമതലയും വഹിച്ചു.
ദേവസ്വത്തിലെ കൊടിയ അഴിമതിക്ക് അറുതിവരുത്താനായി സത്യസന്ധനും ഉയർന്ന പ്രതിബദ്ധതയുള്ള ഉദ്യോഗസ്ഥനുമായിരുന്ന വി.വി.വിജയനെ കമ്മിഷണറായി നിയമിക്കണമെന്നായിരുന്നു കോടതിയുടെ നിർദ്ദേശം. മന്ത്രി ഡോ. എ.നീലലോഹിതദാസൻ നാടാരുടെ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























