എല്ലാം നഷ്ടപ്പെട്ട് പെരുവഴിയില്‍ കണ്ണീരോടെ ഒരു കുടുംബം

പൂതക്കുഴി തൈപ്പറമ്പില്‍ ബബിത ഷാനവാസ്, മകള്‍ സൈബ എന്നിവര്‍ക്കാണ് തെരുവിലേക്ക് ഇറങ്ങേണ്ടി വന്നത്. കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതിയുടെ ഉത്തരവിലാണു നടപടി. ഹൈക്കോടതിയുടെ സ്‌റ്റേ ഉത്തരവ് സ്ഥലത്തെത്തിക്കും മുന്‍പേ വീട് ഒഴിപ്പിക്കുകയായിരുന്നു. ആരുമില്ലാത്ത കുടുംബം ഇതോടെ തെരുവിലായി. മൂന്നുവര്‍ഷം മുന്‍പാണു ബബിതയുടെ ഭര്‍ത്താവു മരിച്ചത്. രോഗം ബാധിച്ചു കിടപ്പിലായ ബബിതയെ കിടക്കയോടുകൂടി പൊലീസ് എടുത്തു വീടിനു പുറത്തിറക്കുകയായിരുന്നു. അമ്മയും മകളും താമസിച്ചിരുന്ന ഒറ്റമുറി വീട് കോടതി ഉത്തരവിനെത്തുടര്‍ന്നു പൊലീസിന് ഒഴിപ്പിക്കേണ്ടി വന്നു. കുടുംബസ്വത്തു സംബന്ധിച്ച തര്‍ക്കമാണ് വിനയായത്. വില്ലാനായി എത്തിയത് ഭര്‍തൃസഹോദരന്‍ നല്‍കിയ കേസും.
ഭര്‍ത്താവ് ഷാനവാസുമൊത്ത് ബബിതയും മകളും താമസിച്ചിരുന്ന വീടും ഒരു സെന്റ് സ്ഥലവുമാണ് ഇവര്‍ക്ക് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നത്. ഗര്‍ഭപാത്രത്തില്‍ മുഴയുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ബബിത. വീട്ടില്‍നിന്നിറങ്ങിയപ്പോള്‍, ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ബബിതയെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലകകളും തുണിയും ഉപയോഗിച്ച് മറച്ച ഒരു പഴയ വീട്.വൈദ്യുതി പോലും ഇല്ല. ഒന്‍പതാം ക്‌ളാസുകാരിയായ മകള്‍ക്ക് ഇരുന്ന് പഠിക്കാന്‍ കസേരയോ മേശയോ ഉണ്ടായിരുന്നില്ല. പഠനത്തില്‍ മിടുക്കിയായ സൈബ തെരുവുവെളിച്ചത്തിലിരുന്നാണ് പഠിച്ചിരുന്നത്.
ചിറക്കടവ് സെന്റ് ഇഫ്രേംസ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി സൈബയുടെ പുസ്തകങ്ങള്‍ ഉള്‍പ്പടെ വീട്ടിലുണ്ടായിരുന്ന സാധനങ്ങളെല്ലാം പൊലീസ് കോടതിയില്‍ ഹാജരാക്കി. താമസിക്കാന്‍ വേറെ വീടോ സ്ഥലമോ ഇവര്‍ക്ക് ഇല്ല . വീടൊഴിയാന്‍ മൂന്നുദിവസം സാവകാശം ആവശ്യപ്പെട്ടു വെള്ളിയാഴ്ച കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ തള്ളി. ശനിയാഴ്ച വീടൊഴിപ്പിക്കാന്‍ പൊലീസ് എത്തിയപ്പോള്‍ കണ്ട കാഴ്ച ദയനീയമായിരുന്നു. കാഞ്ഞിരപ്പള്ളി എസ്‌ഐയെ കോടതിയില്‍ വിളിച്ചുവരുത്തി ഉച്ചയ്ക്ക് ഒന്നിനുമുന്‍പ് ഉത്തരവു നടപ്പാക്കാന്‍ കര്‍ശനനിര്‍ദ്ദേശം നല്‍കുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു. ഇതോടെ പൊലീസും ഉത്തരവ് അനുസരിക്കാന്‍ നിര്‍ബന്ധിതരായി.
വീടും ഒരുസെന്റ് സ്ഥലവും ഭര്‍ത്താവിന്റെ മരണശേഷം ഭര്‍തൃമാതാവ് മറ്റൊരു മകന് എഴുതിക്കൊടുത്തതായി ബബിത പറയുന്നു. ഇതേതുടര്‍ന്നാണു കേസുവന്നത്. ബബിതയ്ക്ക് സ്ത്രീധനമായി ലഭിച്ച സ്വര്‍ണവും പണവും തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് മുമ്പ് ബബിത കുടുംബകോടതിയില്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ ബബിതയ്ക്ക് 3,90,000 രൂപ ഭര്‍ത്താവിന്റെ കുടുംബക്കാര്‍ നല്‍കാനും ഏറ്റുമാനൂര്‍ കുടുംബകോടതി 2010ല്‍ വിധിച്ചിരുന്നു. ഹൈക്കോടതിയില്‍ ഈ കേസ് നടന്നുവരികയാണ്.
ആകെയുണ്ടായിരുന്ന കിടപ്പാടം കൂടി നഷ്ടപ്പെട്ടതോടെ ഇനി എങ്ങോട്ട് പോകുമെന്ന് ഇവര്‍ക്കറിയില്ല. രോഗം ബാധിച്ചതിനെത്തുടര്‍ന്ന് ജോലിക്ക് പോകാനും സാധിക്കില്ലായിരുന്നു. ഇവര്‍ കഴിഞ്ഞിരുന്നത് പള്ളിയുടെയും നല്ലവരായ കുറേ ആള്‍ക്കാരുടേയും സഹായത്തിലായിരുന്നു. ഇവരുടെ വീട്ടു ചെലവും പഠനച്ചെലവും നടത്തിയിരുന്നത് കാഞ്ഞിരപ്പള്ളി മുസ്ലിം അസോസിയേഷനാണ്.
https://www.facebook.com/Malayalivartha