ഈ സാധുക്കളെ ഇങ്ങനെ നടത്തിക്കല്ലേ! മകളുടെ ആത്മാവ് പൊറുക്കില്ല

കാത്തിരുന്നു കിട്ടിയ പൊന്നുമോളുടെ ജീവന്‍ എല്ലാവരും കൂടിയങ്ങെടുത്തു. ഉറപ്പുനല്‍കിയ സഹായധനമെങ്കിലും ഇവര്‍ക്ക് നല്‍കിക്കൂടെ? കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍, അധികൃതരുടെ ഉദാസീനത മൂലം മരിച്ച എന്‍ഡോസള്‍ഫാന്‍ ഇര ബെള്ളൂരിലെ പ്രജിതയുടെ കുടുംബം ആറു വര്‍ഷമായി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തിയിട്ടും സഹായം വാഗ്ദാനം മാത്രമായി തുടരുന്നു. പ്രജിതയുടെ മരണത്തെ തുടര്‍ന്നു വീടു സന്ദര്‍ശിച്ച അന്നത്തെ ആരോഗ്യമന്ത്രി പി.കെ. ശ്രീമതിയാണ് ആശ്വാസ ധനസഹായമായി രണ്ടു ലക്ഷം രൂപ നല്‍കുമെന്നു പ്രഖ്യാപിച്ചത്.
2011 മേയ് മാസത്തിലായിരുന്നു ശശിധരയും ഭാര്യ ജയന്തിയും മകളെയും വാരിയെടുത്തു കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിയത്. മാനസിക- ശാരീരിക വൈകല്യങ്ങളുമായി ജീവിച്ചിരുന്ന മൂന്നു വര്‍ഷവും കട്ടിലില്‍ ഒരേ കിടപ്പായിരുന്നു അവള്‍. പോരാത്തതിനു പിറന്നു മൂന്നാം മണിക്കൂര്‍ മുതല്‍ കൂട്ടിനുള്ള അപസ്മാരവും. ഡ്യൂട്ടി ഡോക്ടര്‍ ഇവരെ കാണാന്‍ കൂട്ടാക്കിയില്ല. നിവൃത്തിയില്ലാതെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും അവള്‍ മരിച്ചു! സംഭവമറിഞ്ഞു ബെള്ളൂരിലെ വീട്ടിലെത്തിയ മന്ത്രി ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിട്ടു, കുടുംബത്തിനു സഹായവും പ്രഖ്യാപിച്ചു.
ഡോക്ടര്‍ക്കു സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെ നടപടി ഉണ്ടായെങ്കിലും ഈ കുടുംബത്തിന്റെ ദുരിതജീവിതം അന്വേഷിച്ചു പിന്നീടാരും വന്നില്ല. കൂലിപ്പണിയെടുത്തു കുടുംബം നോക്കുന്നുണ്ട് ശശിധര. എന്‍ഡോസള്‍ഫാന്‍ രോഗി കൂടിയായ ജയന്തിയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തോട് ഒരല്‍പം നീതി കാണിക്കാന്‍ തുടര്‍ന്നു വന്ന സര്‍ക്കാരുകള്‍ തയാറായില്ല. മന്ത്രി പ്രഖ്യാപിച്ചതു കൊണ്ടായില്ല, ഉത്തരവു വേണം എന്ന ന്യായം പറഞ്ഞ് ഉദ്യോഗസ്ഥര്‍ ഇവരെ കയ്യൊഴിഞ്ഞു. അക്ഷരം പോലും അറിയാത്ത ഈ സാധുക്കള്‍ക്ക് അറിയില്ലല്ലോ സര്‍ക്കാര്‍ ഫയലുകളിലെ നൂലാമാലകള്‍? എന്നാല്‍, ഇവരുടെ നെഞ്ചില്‍ ഉരുണ്ടുകൂടുന്ന വേദനയുടെ കനം സര്‍ക്കാരിന് തിരിച്ചറിയാവുന്നതല്ലേയുള്ളൂ.
https://www.facebook.com/Malayalivartha

























