അധ്യാപികയെ അപമാനിച്ച റഹിമിനെ സിന്‍ഡിക്കേറ്റില്‍ നിന്ന് പുറത്താക്കണം: ബി.ജെ.പി

കേരള സര്‍വകലാശാല സ്റ്റുഡന്റ് സര്‍വീസ് ഡയറക്ടര്‍ ഡോ.ടി. വിജയലക്ഷ്മിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ എ. എ. റഹീമിനെ സിന്‍ഡിക്കേറ്റില്‍ നിന്ന് പുറത്താക്കണമെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ ആവശ്യപ്പെട്ടു.
ഡോ.വിജയലക്ഷ്മിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ റഹിമിനെതിരെ കേസെടുത്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. സിന്‍ഡിക്കേറ്റുപോലുള്ള സര്‍വകലാശാല ഉന്നത സമിതികളില്‍ ഗുണ്ടാസംസ്‌കാരം മാത്രമുള്ളവരെ ഉള്‍പ്പെടുത്തുന്നത് അവസാനിപ്പിക്കാന്‍ ഇനിയെങ്കിലും രാഷ്ട്രീയ നേതൃത്വങ്ങള്‍ തയ്യാറാകണം.
മൂന്നര മണിക്കൂറോളം ഒരു അദ്ധ്യാപികയെ തടഞ്ഞു വയ്ക്കുകയും വെള്ളം കുടിക്കാന്‍ പോലും അനുവദിക്കാതെയും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്ത സംഭവം കാടത്തമാണ്. സ്ത്രീകളോടുള്ള സി.പി. എമ്മിന്റെ സമീപനമാണ് ഇത് വെളിവാക്കുന്നത്. യൂണിവേഴ്‌സിറ്റി ഫണ്ടില്‍ നിന്ന് യൂണിയന്‍ പ്രവര്‍ത്തനത്തിനായ ആദ്യം വാങ്ങിയ 22.5 ലക്ഷം രൂപ ചെലവഴിച്ചതിന്റെ വൗച്ചര്‍ നല്‍കിയാലേ രണ്ടാംഘട്ട പണം നല്‍കാവൂ എന്നാണ് ചട്ടമെന്നിരിക്കെ പെണ്‍കുട്ടികളെക്കൊണ്ട് വിജയലക്ഷ്മിയെ തടഞ്ഞുവച്ചും ശാരീരികമായി ഉപദ്രവിപ്പിച്ചും മാനസികമായി പീഡിപ്പിച്ചും നിര്‍ബന്ധിച്ച് ഒപ്പിടുവിച്ച് പണം വാങ്ങുകയായിരുന്നു ചെയ്തത്.
https://www.facebook.com/Malayalivartha
























