ട്രഷറിയില്‍ ഉള്ളത് 2,000 കോടി സര്‍ക്കാരിന് വേണ്ടത് 10,000 കോടി

ഒരു വശത്ത് മദ്യ ശാലകള്‍ പൂട്ടുന്നു. മറുവശത്ത് നോട്ട് പ്രതിസന്ധിയുണ്ടാക്കിയ പൊല്ലാപ്പ്. എല്ലാത്തിനുമുപരി സാമ്പത്തിക വര്‍ഷാവസാനത്തില്‍ കൊടുക്കേണ്ട കടങ്ങള്‍ വേറെ. മാത്രവുമല്ല ബാര്‍ പൂട്ടിയാല്‍ ലൈസന്‍സ് ഫീസായി കോടികള്‍ തിരികെ നല്‍കുകയും വേണം.
എല്ലാം കൂടി വന്നപ്പോള്‍ സാമ്പത്തിക വര്‍ഷാരംഭത്തില്‍ തന്നെ ട്രഷറി കടത്തിലേക്കു നീങ്ങുന്നു. ശമ്പളവും പെന്‍ഷനും പുറമേ ശമ്പള പരിഷ്‌കരണം വഴിയുള്ള കുടിശികയും ക്ഷേമപെന്‍ഷനുമെല്ലാം ഈ മാസം ഒന്നിച്ചു കൊടുത്തുതീര്‍ക്കേണ്ട സാഹചര്യമാണു ട്രഷറിയെ പരുങ്ങലിലാക്കിയത്. സ്ഥിതി ഗുരുതരമാകാതിരിക്കാനുള്ള വഴികള്‍ ആലോചിക്കുകയാണു സര്‍ക്കാര്‍.
ഇന്നലെ അപ്രതീക്ഷിതമായി ഉടലെടുത്ത നോട്ടുപ്രതിസന്ധി ഫലത്തില്‍ സര്‍ക്കാരിനു ഗുണം ചെയ്തു. ശമ്പളം, പെന്‍ഷന്‍ ഇനങ്ങളില്‍ ട്രഷറിക്കു കൈമാറിയ തുക നോട്ടുപ്രതിസന്ധി കാരണം ഇടപാടുകാര്‍ക്കു പിന്‍വലിക്കാന്‍ കഴിയാത്തതു കൂടുതല്‍ മിച്ചം ഉറപ്പാക്കി. മാര്‍ച്ച് 31നു സാമ്പത്തികവര്‍ഷം അവസാനിച്ചപ്പോള്‍ 1,950 കോടി രൂപയാണു ട്രഷറിയില്‍ മിച്ചമുണ്ടായിരുന്നത്. മൂന്നിന് ഇതു 2,000 കോടി രൂപയായി ഉയര്‍ന്നു. എന്നാല്‍, ശമ്പളവും പെന്‍ഷനുമായി 3,000 കോടി രൂപയാണ് ഈയാഴ്ച സര്‍ക്കാര്‍ ചെലവു പ്രതീക്ഷിക്കുന്നത്.
ശമ്പള പരിഷ്‌കരണത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലഭിക്കേണ്ട കുടിശികയുടെ ആദ്യഗഡു 15 മുതല്‍ വിതരണം ചെയ്തു തുടങ്ങാനാണ് ആലോചന. പെന്‍ഷന്‍കാര്‍ക്കു 900 കോടിയും ജീവനക്കാര്‍ക്ക് 1,400 കോടിയുമാണു നല്‍കേണ്ടത്. 39 ലക്ഷംപേര്‍ക്കു ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ 1,141 കോടിയും കണ്ടെത്തേണ്ടതുണ്ട്. മറ്റു ചെലവുകള്‍കൂടി ചേര്‍ത്ത് ഈ മാസം ആകെ 10,000 കോടി രൂപയുടെ ചെലവാണു കണക്കുകൂട്ടുന്നത്.
മദ്യത്തില്‍നിന്നുള്ള വരുമാനത്തില്‍ 300 കോടി രൂപ കുറയുമെന്ന് ഉറപ്പായിക്കഴിഞ്ഞു. കൈയിലുള്ള തുച്ഛമായ തുക വച്ച് ഈ മാസത്തെ ചെലവുകള്‍ നടത്താനുള്ള വഴികള്‍ തേടാന്‍ ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം ധനമന്ത്രി വിളിച്ചിട്ടുണ്ട്. പദ്ധതി ചെലവുകള്‍ക്കായി ഈ മാസം ഒട്ടും പണം നല്‍കേണ്ടെന്നു ധാരണയായിട്ടുമുണ്ട്.
https://www.facebook.com/Malayalivartha

























