ജയരാജന് മാപ്പു നല്‍കും: മന്ത്രിസഭയില്‍ ബര്‍ത്ത് നല്‍കി കൂടെന്നില്ല!

ബന്ധു നിയമനക്കേസ് ചര്‍ച്ച ചെയ്യുന്ന സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ നിന്നും ഇ.പി ജയരാജന്‍ അവധി ചോദിച്ചെങ്കിലും അദ്ദേഹത്തിന് മാപ്പു നല്‍കി മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ സജീവമാകുന്നു. മലപ്പുറം തെരഞ്ഞടുപ്പിന്റെ ചുമതല ജയരാജന്‍ ഭംഗിയായി നിറവേറ്റി എന്ന നിഗമനത്തിലാണ് പാര്‍ട്ടി.
പി.കെ.ശ്രീമതിക്കും ജയരാജനും താക്കീത് നല്‍കി നടപടി ഒഴിവാക്കാനാണ് കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം. സംസ്ഥാന കമ്മിറ്റി ജയരാജന്‍ തെറ്റു ചെയ്തു എന്ന നിഗമനത്തിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. എന്നാല്‍ കേന്ദ്ര കമ്മിറ്റി അംഗമായ ജയരാജനെതിരെ സംസ്ഥാന കമ്മിറ്റി ഒരു നടപടിയും നിര്‍ദ്ദേശിച്ചിട്ടില്ല. കേന്ദ്ര കമ്മിറ്റി അംഗത്തിനെതിരെ നടപടി വേണമെങ്കില്‍ അക്കാര്യം തീരമാനിക്കേണ്ടത് കേന്ദ്ര കമ്മിറ്റിയാണെന്ന നിലപാടിലാണ് സംസ്ഥാന കമ്മിറ്റി. ജയരാജനെതിരെ നടപടി വേണമെന്ന പക്ഷക്കാരനാണ് കോടിയേരി ബാലകൃഷ്ണന്‍. അതേസമയം കടുത്ത നടപടി വേണ്ടെന്നാണ് പിണറായിയുടെ പക്ഷം.
മലപ്പുറം ഉപതെരഞ്ഞടുപ്പില്‍ പാര്‍ട്ടി തീരെ പിന്നാക്കം പോയ പശ്ചാത്തലത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്ര കമ്മിറ്റി ഉദ്ദേശിക്കുന്നില്ലെന്നാണ് വിവരം. അത്തരം നടപടികള്‍ പാര്‍ട്ടിയെ ക്ഷീണിപ്പിക്കും.
ജയരാജനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട് നിലവിലില്ല. ജയരാജന്‍ അഴിമതി നടത്തിയിട്ടില്ലെന്ന് ഹൈക്കോടതിയും പറഞ്ഞു. അപ്പോള്‍ ജയരാജനെതിരായ നടപടി അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ കളങ്കമായി തീരും.
എന്നാല്‍ ജയരാജനെ മന്ത്രിയാക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം വേണ്ടെന്ന് വാദിക്കുന്നവരും കേന്ദ്ര കമ്മിറ്റിയിലുണ്ട്. അത്തരത്തില്‍ മന്ത്രിയാക്കാന്‍ നിന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അവമതിപ്പിനു കാരണമാകുമെന്നും അവര്‍ പറയുന്നു. അത്തരം തീരുമാനങ്ങള്‍ പിന്നീടു മതിയെന്നു വാദിക്കുന്നവര്‍ക്കാണ് ഭൂരിപക്ഷം. കോടിയേരി ബാലക്യഷ്ണനും ഇതേ നിലപാട് തന്നെയാണ് സ്വീകരിക്കുന്നത്.
ജയരാജനായിരുന്നു മലപ്പുറം തെരഞ്ഞടുപ്പിന്റെ ചുമതല. ലീഗിന്റെ ഉരുക്കു കോട്ടയില്‍ വിള്ളലുണ്ടാക്കാന്‍ സി.പി.എമ്മിനു കഴിഞ്ഞു എന്നാണ് പാര്‍ട്ടിയുടെ വിശ്വാസം. ഒരു ഘട്ടത്തില്‍ ഇ അഹമ്മദിനു ലഭിച്ച ഭൂരിപക്ഷം പി.കെ.കുഞ്ഞാലിക്കുട്ടിക്ക് കിട്ടുമോ എന്നു പോലും സി.പി.എം ശങ്കിച്ചു. അതുണ്ടാകാത്തതില്‍ ജയരാജനെ അഭിനന്ദിക്കുകയാണ് സി.പി.എം.
https://www.facebook.com/Malayalivartha


























