വറ്റുന്നു വെള്ളം ; പൊള്ളുന്നു ജീവിതം

ജലവിതരണ നിയന്ത്രണത്തിന്റെ രണ്ടാം ദിനം സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷം. കുടിവെള്ളം മുട്ടിയതോടെ നഗരജീവിതം ദുരിതമയമായി. പേപ്പാറ ഡാമില്‍ വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ ഏര്‍പ്പെടുത്തിയ നിയന്ത്രണം മൂലം നഗരത്തിന്റെ പല ഭാഗത്തും ഇന്നലെ വെള്ളം കിട്ടിയില്ല. പകല്‍ സമയത്ത് പമ്പിംഗ് പകുതിയായി കുറച്ചപ്പോള്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളമേയില്ലായിരുന്നു. താഴ്ന്ന പ്രദേശങ്ങളിലാകട്ടെ വെള്ളം നൂലുപോലെയാണ് വന്നത്. ചിലയിടത്ത് വെള്ളമേയില്ലായിരുന്നു. വെള്ളത്തിന്റെ വില നഗരം ശരിക്കുമറിഞ്ഞു. ഇനിയുള്ള നാളുകളില്‍ കടുത്ത കുടിവെള്ള ക്ഷാമമാണ് ഉണ്ടാകാന്‍ പോകുന്നത്. വെള്ളമെത്തിക്കാന്‍ വാട്ടര്‍ അതോറിട്ടി കിട്ടാവുന്ന മാര്‍ഗങ്ങളെല്ലാം തേടുകയാണ്.
ഹോട്ടലുകള്‍ പൂട്ടുന്നു
ആവശ്യത്തിന് വെള്ളമില്ലാത്തതിനാല്‍ തലസ്ഥാന നഗരത്തില്‍ പല ഹോട്ടലുകളും ഇന്നലെ അടഞ്ഞുകിടന്നു. ചില ഹോട്ടലുകള്‍ രാവിലെ തുറന്നുപ്രവര്‍ത്തിച്ചുവെങ്കിലും ഉച്ചയോടെ പൂട്ടി.
കുടിവെള്ള കച്ചവടം തകൃതി
ജലക്ഷാമം മുതലെടുത്ത് വെള്ളക്കച്ചവടം വ്യാപകമായിട്ടുണ്ട്. എന്നാല്‍ ആവശ്യത്തിനനുസരിച്ച് വെള്ളം എല്ലായിടത്തും എത്തിക്കാന്‍ അവര്‍ക്കും കഴിയുന്നില്ല. 500 ലിറ്റര്‍ ടുങ്കില്‍ നിന്ന് 300 രൂപ മുതല്‍ 500 രൂപ വരെയും ആയിരം ലിറ്റര്‍ ടാങ്കിന് 700 രൂപ മുതല്‍ 100 രൂപ വരെയും ഈടാക്കുന്നുണ്ട്.
ജനങ്ങള്‍ നാട്ടിലേക്ക് മടങ്ങുന്നു
വെള്ളമില്ലാതായതോടെ പലരും നഗരം വിട്ട് പോകാന്‍ തുടങ്ങി. വെക്കേഷനായതിനാല്‍ സ്വന്തം നാട്ടിലേക്ക് ചേക്കേറിയവര്‍ ഏറെയാണ്. പക്ഷേ ഗ്രാമങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായത് ചിലരെ സ്വന്തം നാടുകളിലേക്ക് പോകാന്‍ വിസമ്മതിക്കുന്നുണ്ട്.
ഫ്ളാറ്റുകളില്‍ ദുരിതം
ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ ദുരിതം പേറുകയാണ്. പല ഫ്ളാറ്റുകളിലും വെള്ളമില്ലായിരുന്നു. ടാങ്കുകളില്‍ നിറച്ചിരുന്ന വെള്ളം നിലച്ചപ്പോള്‍ വെള്ളത്തിനായി നെട്ടോട്ടമായി. ആറാമത്തെയും ഏഴാമത്തെയും നിലയില്‍ താമസിക്കുന്നവരൊക്കെ വെള്ളത്തിനായി വിഷമിച്ചു. ടാങ്കര്‍ ലോറികളില്‍ വെള്ളം കൊണ്ട് വന്നാണ് ഒടുവില്‍ രക്ഷ നേടിയത്.
കാന്റീനുകള്‍ അടഞ്ഞു
നഗരത്തിലെ മിക്ക കാന്റീനുകളും പ്രവര്‍ത്തിച്ചില്ല. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും കാന്റീനുകള്‍ പൂട്ടിക്കിടന്നു. സെക്രട്ടറിയേറ്റിലെയും വാട്ടര്‍ അതോറിട്ടി ആസ്ഥാനത്തെയും റെയില്‍വേയുടെയും കാന്റീനുകളാണ് പ്രവര്‍ത്തിച്ചത്. ഇവിടെയെല്ലാം വലിയ തിരക്കായിരുന്നു.
വെള്ളവുമായി ടാങ്കറുകള്‍
വെള്ളത്തിനായി ഹെല്‍പ്പ് ലൈനിലേക്ക് തുരുതുരാ വിളിയായിരുന്നു. വാട്ടര്‍ അതോറിട്ടിയുടെ പത്ത് ടാങ്കറുകളും വെള്ളവുമായി പാഞ്ഞു. ഇതിന് പുറമേ വാടകയ്ക്കെടുത്ത ടാങ്കറുകളും വിളി വരുന്നിടത്തേക്ക് വെള്ളവുമായി കുതിച്ചു. പേപ്പാറ ഡാം സൈറ്റില്‍നിന്നും വെള്ളയമ്പലം, പി.ടി.പി. നഗര്‍, വെള്ളായണി എന്നിവിടങ്ങളില്‍ നിന്നാണ് ടാങ്കറുകളില്‍ വെള്ളം ശേഖരിക്കുന്നത്. ആശുപത്രികളിലേക്കും ഓഫീസുകളിലേക്കുമാണ് കൂടുതല്‍ ടാങ്കറുകളും പോയത്.
ടാങ്കുകള്‍ സ്ഥാപിക്കും
ഉയര്‍ പ്രദേശങ്ങളില്‍ ഇന്ന് ടാങ്ക് സ്ഥാപിച്ച് അതില്‍ വെള്ളം നിറയ്ക്കും. നഗരസഭയുടെയും റവന്യു വകുപ്പിന്റെയും സഹകരണത്തോടെയാണ് ടുങ്കര്‍ സ്ഥാപിക്കുന്നത്. ഇതിനായി മന്ത്രി മാത്യു ടി. തോമസ് അധികൃതരുമായി ചര്‍ച്ച നടത്തി. വെള്ളമെത്തിക്കുന്നതിന് നഗരസഭയുടെ സഹായവും മന്ത്രി അഭ്യര്‍ത്ഥിച്ചു. നഗരസഭ ഓഫീസിലെത്തി മന്ത്രി മേയറും മറ്റുമായി ചര്‍ച്ച നടത്തി.
https://www.facebook.com/Malayalivartha
























