ഇത്തവണ ശക്തമായ വേനല്‍മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കഠിനമായ ചൂട് തുടരുന്നതിനിടെ ആശ്വാസമായി ഈ മാസം 29ന് മഴ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല് ജില്ലകളില്‍ ബുധനാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണ ശക്തമായി തന്നെ വേനല്‍മഴ പ്രതീക്ഷിക്കാം. ഈ സീസണിലെ മെച്ചപ്പെട്ട മഴ ദിവസങ്ങള്‍ വരുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മറ്റന്നാള്‍ മുതല്‍ മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ നിരീക്ഷണം കേന്ദ്രം വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് ഇന്നും താപനില മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
ഇടുക്കി, വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം. സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ദുരന്തനിവാരണ അതോറിറ്റി. ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നിലവിലില്ലെങ്കിലും താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കര്‍ശന മുന്‍കരുതലുകള്‍ പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. മറ്റ് ജില്ലകളിലും സാധാരണയേക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.
ലോക്ഡൗണിന് സമാനമായ ജാഗ്രത പകല്‍ സമയങ്ങളില്‍ പാലിക്കണമെന്നാണ് നിര്‍ദ്ദേശം. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസമായി മറ്റന്നാള്‍ മുതല്‍ സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പകല്‍ 11 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളില്‍ നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ പൊതുജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























