പേരാവൂര്‍ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; തന്നെ ഈ നിലയിലാക്കിയത് വീട്ടുകാരാണെന്ന് ക്രിസ്റ്റി

കണ്ണൂര്‍ പേരാവൂരില്‍ സ്വന്തം അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയ സംഭവത്തില്‍, പ്രതിയുടെ വിചിത്രമായ പെരുമാറ്റത്തെക്കുറിച്ചും ക്രൂരമായ മാനസികാവസ്ഥയെക്കുറിച്ചുമുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കൊലപാതകത്തിന് പിന്നാലെ അയല്‍വാസിയോട് പ്രതി ക്രിസ്റ്റി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അമ്മയെ കൊന്നതിന് പിന്നാലെ അച്ഛനെയും തനിക്ക് വകവരുത്തണമെന്നും, തന്നെ ഈ നിലയിലാക്കിയത് വീട്ടുകാരാണെന്നും ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി നിപുന്‍ വെളിപ്പെടുത്തി.
വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് കൊളക്കാട് സ്വദേശിനിയായ ഗീതമ്മ (50) മകന്റെ ക്രൂരതയ്ക്ക് ഇരയായത്. മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗം കൂടിയായ ഗീതമ്മയെ വീട്ടില്‍ വെച്ച് ക്രിസ്റ്റി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം തികഞ്ഞ നിസ്സംഗതയോടെ പുറത്തിറങ്ങിയ ക്രിസ്റ്റി, തന്നെ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുവിടാമോ എന്ന് അയല്‍വാസിയായ നിപുനോട് ചോദിച്ചു. ഇതിനെത്തുടര്‍ന്ന് നിപുനാണ് പ്രതിയെ സ്‌റ്റേഷനിലെത്തിച്ചത്. യാത്രയ്ക്കിടയിലാണ് വീട്ടുകാരോടുള്ള തന്റെ പകയെക്കുറിച്ച് ക്രിസ്റ്റി സംസാരിച്ചതെന്ന് അയല്‍വാസി പറയുന്നു.
മഠത്തിപ്പറമ്പില്‍ തങ്കച്ചന്റെ ഭാര്യയായ ഗീതമ്മയും ക്രിസ്റ്റിയും തമ്മിലുണ്ടായ രൂക്ഷമായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കേളകത്ത് 'മൊണാലിസ' എന്ന പേരില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തിവരികയായിരുന്നു ഗീതമ്മ. ബെംഗളൂരുവില്‍ ബി.സി.എ വിദ്യാര്‍ത്ഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് നാട്ടിലെത്തിയതാണ്. ഇയാള്‍ കടുത്ത ലഹരി ഉപയോഗത്തിന് അടിമയായിരുന്നുവെന്നാണ് പോലീസിന് ലഭിക്കുന്ന സൂചനകള്‍. ലഹരിയുടെ സ്വാധീനത്തിലാണോ അതോ കുടുംബപ്രശ്‌നങ്ങളാണോ ഈ കൃത്യത്തിലേക്ക് നയിച്ചതെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
https://www.facebook.com/Malayalivartha
























