'ഡല്‍ഹിയിലെ യമുനയില്‍ മുങ്ങിക്കുളിക്കാന്‍ ധൈര്യമുണ്ടോ?' മോദിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് മമത ബാനര്‍ജി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗാള്‍ സന്ദര്‍ശനത്തെയും ഹൂഗ്ലി നദിയിലെ ബോട്ട് യാത്രയെയും രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. ഡല്‍ഹിയിലെ യമുനാ നദിയില്‍ ഒന്ന് മുങ്ങിക്കുളിക്കാന്‍ പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടോ എന്ന് മമത വെല്ലുവിളിച്ചു. ഹൗറയില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ.
രാജ്യതലസ്ഥാനത്തെ യമുനാ നദി അങ്ങേയറ്റം മലിനമാണെന്നും അതിന് ഉത്തരവാദി ബിജെപി ഭരണമാണെന്നും മമത ആരോപിച്ചു. 'ഡല്‍ഹിയില്‍ വെച്ച് നിങ്ങള്‍ക്ക് യമുനയില്‍ ഒന്ന് മുങ്ങി കുളിച്ചുകൂടെ? അത് പൂര്‍ണ്ണമായും മലിനമാണ്. നിങ്ങള്‍ക്ക് യമുന വൃത്തിയാക്കാന്‍ കഴിയില്ല. എന്നാല്‍ ബംഗാളിലെത്തുമ്പോള്‍ ഫോട്ടോ എടുക്കാന്‍ വേണ്ടി നിങ്ങള്‍ ഗംഗയെ (ഹൂഗ്ലി) ആശ്രയിക്കുന്നു,' മമത പരിഹസിച്ചു. മലിനീകരണം കാരണം ഡല്‍ഹിയില്‍ ഇത്തരം ഒരു ബോട്ട് യാത്ര നടത്താന്‍ പ്രധാനമന്ത്രിക്ക് സാധിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഹൂഗ്ലി നദിയിലെ വെള്ളം ഇത്രത്തോളം ശുദ്ധമായി നിലനിര്‍ത്തുന്നതിനും നദീതീരം മനോഹരമാക്കിയതിനും കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനെ മമത പ്രത്യേകം അഭിനന്ദിച്ചു. പ്രധാനമന്ത്രിക്ക് സുഗമമായി ബോട്ട് യാത്ര നടത്താന്‍ കഴിഞ്ഞത് സംസ്ഥാന സര്‍ക്കാരിന്റെയും കോര്‍പ്പറേഷന്റെയും പ്രവര്‍ത്തനമികവ് കൊണ്ടാണെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു. ഏപ്രില്‍ 29ന് നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടിയാണ് പ്രധാനമന്ത്രിയുടെ ഈ സന്ദര്‍ശനമെന്ന് മമത ആരോപിച്ചു.
https://www.facebook.com/Malayalivartha
























