സര്‍ക്കാരിന്റെ വിപണി ഇടപെടല്‍; കേരളത്തില്‍ അരി വില കുത്തനെ കുറയുന്നു

സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ വിപണി ഇടപെടല്‍മൂലം കേരളത്തില്‍ അരിവില കുത്തനെ കുറയുന്നു. കൂടാതെ നിത്യോപയോഗ സാധനങ്ങളുടെ വിലയിലും വന്‍ കുറവാണ് അനുഭവപ്പെടുന്നത്. സപ്ലൈകോയുടെ ശക്തമായ ഇടപെടലാണ് വിലക്കയറ്റം പിടിച്ചുനിര്‍ത്തിയത്. ഭക്ഷ്യഭദ്രതാ നിയമം കേരളം നടപ്പാക്കാന്‍ ശ്രമിച്ചത് മൂലം അരി വിഹിതം കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. കൂടാതെ വരള്‍ച്ച മൂലം പല സംസ്ഥാനങ്ങളിലും ഭക്ഷ്യ ഉല്‍പ്പാദനത്തിലും വന്‍കുറവുണ്ടായി. ഇതാണ് കേരളത്തില്‍ അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുവാന്‍ കാരണമായത്.
കേരളത്തിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ജയ അരിയുടെ വില 25 ആയി കുറഞ്ഞു. സപ്ലൈകോയുടെ അരിക്കടകളിലും മാവേലിസ്‌റ്റോറുകളിലും ഈ നിരക്കില്‍ ജയ അരി ലഭ്യമാണ്. പൊതുവിപണിയില്‍ ജയ അരിയുടെ വില 47 രൂപ വരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോഴത് 31 ആയി കുറഞ്ഞു. കൂടാതെ പച്ചരി 23 രൂപയ്ക്കും മട്ടയരി 23 രൂപയ്ക്കും ലഭ്യമാണ്. ഭൂരിഭാഗം പലവ്യഞ്ജനങ്ങളുടേയും വിലയും വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്.
പൊതുവിപണിയില്‍ 70 രൂപയായിരുന്ന വന്‍കടല 43 രൂപയ്ക്കും 200 രൂപ വരെ വിലയെത്തിയ തുവര പരിപ്പ് 65 രൂപയ്ക്കും 140 രൂപ വരെ വിലയുള്ള വറ്റല്‍ മുളക് 75 രൂപയ്ക്കും ഇന്ന് ലഭ്യമാണ്. വന്‍ പയര്‍45, മല്ലി92, പഞ്ചസാര22 എന്നീ നിരക്കിലും സപ്ലൈകോ വിപണനശാലകളില്‍ ലഭ്യമാണ്. അരി, ഉഴുന്ന്, തുവരപരിപ്പ്, മുളക് തുടങ്ങിയവ സംഭരണ കേന്ദ്രത്തില്‍ നിന്നുതന്നെ സപ്ലൈകോ നേരിട്ടുവാങ്ങിയതാണ് വിലക്കുറവിന്റെ പ്രധാന കാരണം. കേരളത്തില്‍ വ്യാപകമായി സപ്ലൈകോ അരിക്കടകള്‍ തുറന്നത് മൂലം പൊതുവിപണിയില്‍ വില കുറയുവാന്‍ കാരണമായി. കേരളത്തിലെ 14 ജില്ലകളിലും അരിക്കടകള്‍ ആരംഭിച്ച് കഴിഞ്ഞു.
മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും ഇത് ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടാല്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ പോലും അരിക്കടകള്‍ ആരംഭിക്കുവാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. സ്‌കൂള്‍ സീസണ്‍ ആകുന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ ഇനിയും കുറവുണ്ടാകുമെന്ന് വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. സ്‌കൂള്‍ സീസണില്‍ കുടുംബ ചെലവ് കൂടുന്നതിനാല്‍ സാധനങ്ങള്‍ ഒന്നിച്ച് വാങ്ങുന്നതിന്റെ അളവില്‍ കുറവുണ്ടാകും. ഇത് വില കുറവിന് കാരണമാകും. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സപ്ലൈകോ വില്‍പ്പന നടത്തുന്ന ഒരു ഉല്‍പ്പന്നത്തിന്റെ വില പോലും വര്‍ധിപ്പിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഓണം, റംസാന്‍ തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ നൂറുകണക്കിന് പ്രത്യേക ചന്തകളും സപ്ലൈകോ ആരംഭിച്ചിരുന്നു.
അരി വില കുറയ്ക്കാനായി കണ്‍സ്യൂമര്‍ഫെഡും ശക്തമായി ഇടപെട്ടിരുന്നു. അന്ധ്രാപ്രദേശ് ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ടണ്‍ കണക്കിന് അരിയാണ് സപ്ലൈകോയും കണ്‍സ്യൂമര്‍ഫെഡും കേരളത്തില്‍ എത്തിച്ചത്. 500 സഹകരണ അരിക്കടകള്‍ കണ്‍സ്യൂമര്‍ഫെഡ് ആരംഭിച്ചു. 4000 ടണ്ണോളം അരി സഹകരണ അരിക്കടകളില്‍ എത്തിയിരുന്നു. ഇതും വിലക്കയറ്റം പിടിച്ചുനിര്‍ത്തുവാന്‍ കാരണമായി.
https://www.facebook.com/Malayalivartha


























