ഹോണ്‍ വിമുക്ത ദിനം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

അന്തര്‍ദേശീയ ശബ്ദ മലിനീകരണ അവബോധ ദിനത്തോടനുബന്ധിച്ചുള്ള പൊതു സമ്മേളനം
ഇന്നു വൈകുന്നേരം 5.30ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു. ഈ ശബ്ദ മലിനീകരണ അവബോധ ദിനം കേരള സര്‍ക്കാര്‍ ഹോണ്‍ വിമുക്ത ദിനമായി ആചരിക്കുകയാണ്. കേരള ഗതാഗത വകുപ്പ്, കേരള പോലീസ്, ടൂറിസം വകുപ്പ് തുടങ്ങിയ സര്‍ക്കാര്‍ വിഭാഗങ്ങളോടൊപ്പം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും പങ്കാളികളാകുന്നു. കേരളത്തിലുടനീളം വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. പ്രദീപ് കുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി, കെ.ടി.ഡി.സി. ചെയര്‍മാനും മുന്‍ സ്പീക്കറുമായ എം. വിജയകുമാര്‍, ഡി.ജി.പി. ലോക്‌നാഥ് ബഹ്‌റ, ഗതാഗത വകുപ്പ് കമ്മീഷണര്‍ എസ്. അനന്തകൃഷ്ണന്‍ ഐ.എ.എസ്. എന്നിവര്‍ പങ്കെടുക്കും. സഭകള്‍, പള്ളികള്‍, ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളിലെ ആഘോഷങ്ങളില്‍ വളരെക്കുറച്ച് ശബ്ദങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കായുള്ള അവാര്‍ഡുകളും ഇതോടൊപ്പം വിതരണം ചെയ്യും.
അമിത ശബ്ദം ആരോഗ്യത്തിന് വളരെയേറെ ദോഷകരമാണെന്ന് മനസിലാക്കിയാണ് ഈ വര്‍ഷം ഹോണ്‍ വിമുക്ത ദിനമായി ആചരിക്കാന്‍ ഐ.എം.എ. തീരുമാനിച്ചത്. ശബ്ദമലിനീകരണം വലിയൊരു സാമൂഹിക പ്രശ്‌നമായി മാറിയിരിക്കുന്ന ഈ അവസരത്തില്‍ ഹോണ്‍ വിമുക്ത ദിനത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. അപകടം ഒഴിവാക്കാന്‍ വേണ്ടി മാത്രമാണ് ഹോണടിക്കേണ്ടത്. എന്നാല്‍ യാതൊരു ആവശ്യവുമില്ലാതെയാണ് പലരും ഹോണടിക്കുന്നത്. മറ്റുള്ള ചെറിയ വാഹനങ്ങളേയും യാത്രക്കാരേയും പേടിപ്പിക്കുന്ന വിധത്തില്‍ ഉച്ചത്തില്‍ ഹോണടിക്കുന്നത് പലര്‍ക്കും ഒരു ശീലമായി മാറിയിരിക്കുകയാണ്. ജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങളും മാനസിക പ്രശ്‌നങ്ങളും അപകടമാകും വിധം വര്‍ധിക്കാന്‍ ഇത് കാരണമാകുന്നു.
ഏപ്രില്‍ 26ാം തീയതി ഹോണ്‍ വിമുക്ത ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ജനങ്ങളില്‍ അവബോധമുണ്ടാക്കാനായി ഏപ്രില്‍ 22ാം തീയതി മുതല്‍ നിരവധി പരിപാടികളാണ് ഐ.എം.എ. കിംസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ്, ക്രിഡായ് (ഇഞഋഉഅക), മുത്തൂറ്റ് ഫിന്‍കോര്‍പ്, സി.ഐ.ഐ., യങ് ഇന്ത്യന്‍സ് എന്നീ വിഭാഗങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ച് വരുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ റോഡ് ഷോ സംഘടിപ്പിച്ചു.
നോ ഹോണിനെപ്പറ്റി പ്രശസ്ത ചലച്ചിത്രതാരം മോഹന്‍ലിന്റെ ശബ്ദ സംപ്രേഷണം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി. കേരളത്തിലെ വിവിധ നഗരങ്ങളില്‍ വിദ്യാര്‍ത്ഥികള്‍, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്, ഓട്ടോറിക്ഷാടാക്‌സി തൊഴിലാളികള്‍ തുടങ്ങിയവര്‍ നോ ഹോണ്‍ ഡേ പോസ്റ്ററുകളും സ്റ്റിക്കറുകളും വിതരണം ചെയ്തു. എല്‍.എന്‍.സി.പി.ഇ., ഇന്‍ഡസ് സൈക്കിള്‍ എംബസി എന്നിവയുടെ സഹകരണത്തോടുകൂടി സൈക്കിള്‍ റാലിയും സംഘടിപ്പിച്ചു. ഹോണ്‍ വിമുക്ത ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ എന്നീ ജില്ലകളില്‍ പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കുന്നു. തിരുവന്തപുരത്തെ സമ്മേളനമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.
https://www.facebook.com/Malayalivartha


























