പ്രതിപക്ഷ ബഹളം; രണ്ടാം ദിവസവും സഭ സ്തംഭിച്ചു

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ മന്ത്രി എം.എം.മണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം ഉയര്‍ത്തിയതോടെ തുടര്‍ച്ചയായ രണ്ടാം ദിവസവും നിയമസഭ സ്തംഭിച്ചു. സഭാനടപടികള്‍ തുടരാനാവാതെ വന്നതോടെ സ്പീക്കര്‍ ഇന്നത്തേക്ക് സഭ പിരിയുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. മണിയുടെ രാജിയില്‍ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ മന്ത്രിയെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നയത്തെ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
മണിക്കെതിരായ പ്രക്ഷോഭം ശക്തമാക്കാന്‍ കഴിഞ്ഞ ദിവസം യു.ഡി.എഫ് തീരുമാനിച്ചതിന്റെ തുടര്‍ച്ചയായുള്ള സംഭവങ്ങളാണ് സഭയില്‍ അരങ്ങേറിയത്. ഇതുപ്രകാരം മണിയെ സഭയ്ക്കുള്ളില്‍ ബഹിഷ്കരിക്കാന്‍ രാവിലെ ചേര്‍ന്ന യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചു. തുടര്‍ന്ന് സഭയിലെത്തിയ പ്രതിപക്ഷം ചോദ്യോത്തരവേളയില്‍ മന്ത്രി മണിയോട് ചോദ്യങ്ങള്‍ ചോദിച്ചില്ല. ശൂന്യവേളയില്‍, മണിയുടെ രാജി ആവശ്യപ്പെട്ട് മൂന്നാറില്‍ പെന്പിളൈ ഒരുമൈ നടത്തുന്ന സമരത്തെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.ഡി.സതീശന്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടി.
അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ മണിയെ ന്യായീകരിക്കുന്ന നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. സര്‍ക്കാര്‍ വിരുദ്ധ തിമിരം ബാധിച്ചവരാണ് ഈ സമരത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാറിലെ സമരത്തിന് ജനപിന്തുണയില്ല. മൂന്നാറില്‍ സമരം ചെയ്തവര്‍ക്കെതിരെ അനാവശ്യമായി ഒരു കേസും എടുത്തിട്ടില്ല. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് മാത്രമാണ് കേസെടുത്തത്. പൊലീസ് സമരത്തെ അടിച്ചമര്‍ത്തിയെന്ന് പറയുന്നത് ശരിയല്ല.
റോഡ് ഉപരോധിച്ചപ്പോള്‍ ഗതാഗതപ്രശ്‌നം ഉണ്ടാവാതിരിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സമരം നടത്തുന്നവര്‍ക്ക് പൊമ്പിളൈ ഒരുമയുടെ പിന്തുണയില്ല. സംഘടനയുടെ ഭാരവാഹികള്‍ തന്നെ സമരത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. മണി മൂന്നാറില്‍ നടത്തിയ പ്രസംഗത്തെ ചില മാദ്ധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. മണിയുടെ പ്രസ്താവനയെ കുറിച്ച് ഡിവൈ.എസ്.പി അന്വേഷിച്ചു വരികയാണെന്നും പിണറായി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു.
തുടര്‍ന്ന് സംസാരിച്ച രമേശ് ചെന്നിത്തല സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. മൂന്നാറില്‍ കൈയേറ്റ ഭൂമിയിലെ കുരിശ് പൊളിച്ചത് മുഖ്യമന്ത്രി അറിയാതെ പോയത് മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തമില്ലാത്തതു കൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചു. 144 പ്രഖ്യാപിച്ചത് പൊലീസ് അറിഞ്ഞില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, സര്‍ക്കാരിനെ അനുസരിക്കാത്ത ഉദ്യോഗസ്ഥര്‍ പദവിയില്‍ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു. തോന്നുന്നത് പോലെ ചെയ്യാന്‍ ഇത് വെള്ളരിക്കാപ്പട്ടണം അല്ലെന്നും പിണറായി വ്യക്തമാക്കി. ഇതിന് പിന്നാലെ പ്രതിപക്ഷം നടുത്തളത്തിലറങ്ങി മുദ്രാവാക്യം വിളി തുടങ്ങി. തുടര്‍ന്ന് വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.
https://www.facebook.com/Malayalivartha


























