ഹിന്ദു യുവാവിന്റെ മൃതദേഹം സംസ്‌കരിക്കാനുള്ള സ്ഥലം നല്‍കിയത് മുസ്ലിം കുടുംബം

പിന്നാക്ക വിഭാഗക്കാരനായ ഹിന്ദു യുവാവിന്റെ മൃതദേഹം സംസ്‌കരിക്കാനിടം നല്‍കി മുസ്ലിം കുടുംബം നന്മയുടെയും മനുഷ്യത്വത്തിന്റെയും മാതൃകയായി. കാഞ്ഞിരപ്പള്ളി വട്ടകപ്പാറ സ്വദേശി വട്ടകപ്പാറവീട്ടില്‍ രാജു(38) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. രാജു താമസിച്ചിരുന്ന സ്ഥലത്ത് മൃതദേഹം സംസ്‌കരിക്കാനുള്ള ഇടമില്ലായിരുന്നു. ഇവരുടെ ദൈന്യം കണ്ടറിഞ്ഞ അയല്‍വാസി തേനംമാക്കല്‍ ഷിബിലി വട്ടകപ്പാറ സ്വന്തം പുരയിടത്തില്‍ സംസ്‌കരിക്കാന്‍ അനുവാദം നല്‍കുകയായിരുന്നു.
കൂലിപ്പണിക്കാരനായിരുന്നു രാജു. രക്തസമ്മര്‍ദം കൂടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ തിങ്കളാഴ്ച രാവിലെയാണു മരിച്ചത്. ചോര്‍ന്നൊലിക്കുന്ന കൊച്ചുവീട്ടിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ആകെയുള്ള ആറുസെന്റ് സ്ഥലത്ത് രാജുവിന്റെയും സഹോദരന്റെയും വീടുകളാണ്. കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ പൊതുശ്മശാനമില്ല. മൃതദേഹം മറവുചെയ്യണമെങ്കില്‍ പാറത്തോട്ടിലോ ചിറക്കടവിലോ എത്തിക്കണം.
എന്തുചെയ്യണമെന്നറിയാതെ വീട്ടുകാരും ബന്ധുക്കളും വിഷമിച്ചിരിക്കുമ്പോഴാണ് ഷിബിലിയുടെ സഹായഹസ്തം തുണയായത്. ചടങ്ങുകള്‍ക്ക് ഷിബിലി സാമ്പത്തിക സഹായവും നല്‍കി. കാഞ്ഞിരപ്പള്ളിയില്‍ സ്വന്തമായി ബിസിനസ് ചെയ്യുന്നയാളാണ് ഷിബിലി. രാജുവിന്റെ അമ്മ: തങ്കമ്മ. ഭാര്യ: സന്ധ്യ. മക്കള്‍: നാലാം ക്ളാസ് വിദ്യാര്‍ഥി സേതു, ഒന്നാം ക്ളാസ് വിദ്യാര്‍ഥി സുധി. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു രാജു. രാജുവിന്റെ മരണത്തോടെ ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നറിയാത്ത അവസ്ഥയിലാണ് ഈ കുടുംബം.
https://www.facebook.com/Malayalivartha


























