ചലച്ചിത്ര അവാര്‍ഡ് ജേതാവ് മണിയുടെ ഭവനസ്വപ്നം പൂവണിയുന്നു

മോഹന്‍ലാല്‍ കൈവിട്ടെങ്കിലും ഇവിടെ സുമനസ്സുകളുണ്ട്. ഫോട്ടോഗ്രാഫര്‍ എന്ന സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ബത്തേരി ചെതലയം പൂവഞ്ചി പണിയ കോളനിയിലെ മണിയുടെയും കുടുംബത്തിന്റെയും ഭവനസ്വപ്നം പൂവണിയുന്നു. ഹൈറേഞ്ച് റൂറല്‍ ഡവലപ്പ്‌മെന്റ് സൊസൈറ്റി ചെതലയം പൂവഞ്ചിയില്‍ മണിക്കും കുടുംബത്തിനുമായി നിര്‍മിക്കുന്ന വീടിന്റെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്.
ഭാര്യയും രണ്ട് കുഞ്ഞുങ്ങളും അടങ്ങുന്നതാണ് മണിയുടെ കുടുംബം. അവാര്‍ഡ് ജേതാവായ ചലച്ചിത്ര താരമെങ്കിലും ചെറ്റക്കുടിലിലാണ് മണിയുടെ വാസം. ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചതിനു പിന്നാലെ മണിയെ തേടി ചുരം കയറിയവരില്‍ പലരും വാസയോഗ്യമായ വീട് വാഗ്ദാനം ചെയ്‌തെങ്കിലും വാഗ്ദാനം വെറുതെയായി. മണിക്ക് വീടും സ്ഥലവും ലഭ്യമാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനവും ജലരേഖയായി. കഴിഞ്ഞ സര്‍ക്കാരില്‍ പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രിയായിരുന്ന പി കെ ജയലക്ഷ്മി 'ആശിക്കും ഭൂമി ആദിവാസിക്ക് സ്വന്തം' പദ്ധതിയില്‍ സ്ഥലവും വീടും ലഭ്യമാക്കുമെന്ന് മണിയെ അറിയിച്ചതാണ്. ഇതനുസരിച്ച് മണി സ്ഥലവും വീടും കണ്ടെത്തി ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും ഫലം ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഹൈറേഞ്ച് റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി സഹായഹസ്തം നീട്ടിയത്.
ആദിവാസി ബാലന്‍മാരുടെ ദുരവസ്ഥയെക്കുറിച്ച് വിവരിച്ച മോഹന്‍ലാലിന്റെ ബ്ലോഗെഴുത്തില്‍ മണിയെ സഹായിക്കാത്തതിനെക്കുറിച്ച് വ്യാപക ആക്ഷേപം സോഷ്യല്‍ മീഡിയ ഉയര്‍ത്തിയിരുന്നു. കല്‍പ്പറ്റയിലെ ഒരു മാധ്യമപ്രവര്‍ത്തകനാണ് മണിയുടെ ദുരവസ്ഥ ആദിവാസികള്‍ക്കായുള്ള ഭവനപദ്ധതിയുമായി 2016 മേയില്‍ വയനാട്ടിലെത്തിയ സൊസൈറ്റി ഭാരവാഹികളുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് ചെതലയം പൂവഞ്ചിയിലെത്തിയ സൊസൈറ്റി സെക്രട്ടറി അജി കൃഷ്ണന്‍, വൈസ് പ്രസിഡന്റ് സി വി വിവേകാനന്ദന്‍, പ്രൊജക്ട് ഡയറക്ടര്‍ പി സുദേവന്‍ എന്നിവര്‍ മണിയുടെ ജീവിതസാഹചര്യം മനസിലാക്കുകയും വീട് നിര്‍മിച്ചുനല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു. ചെറ്റക്കുടിലില്‍ താമസിക്കുകയും കുടുംബം പോറ്റുന്നതിനു കൂലിപ്പണിക്ക് പോകുകയും ചെയ്യുന്ന സിനിമാനടനെയാണ് കോളനിയില്‍ സൊസൈറ്റി ഭാരവാഹികള്‍ക്ക് കാണാനായത്.
സ്വന്തമായി ഒരു തുണ്ട് ഭൂമിപോലും ഇല്ലാത്ത മണിക്കായി പൂവഞ്ചി കോളനിയില്‍ ഭാര്യയുടെ അമ്മ സമ്മതപത്രപ്രകാരം വിട്ടുകൊടുത്ത സ്ഥലത്താണ് 3.93 ലക്ഷം രൂപ അടങ്കലില്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്. കിടപ്പുമുറിയും ഹാളും അടുക്കളയും ടോയ്‌ലറ്റും ഉള്‍പ്പെടുന്നതാണ് 400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട്. വര്‍ഷങ്ങളോളം മസ്‌കറ്റില്‍ ഗള്‍ഫാര്‍ എന്‍ജീനിയറിംഗ് കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്ന സുദേവന്റെ മേല്‍നോട്ടത്തിലായിരുന്നു ഫൈബര്‍ സിമന്റ് പാനല്‍ ഉപയോഗിച്ചുള്ള വീടുനിര്‍മാണം. മണിയും കുടുംബവും ഇപ്പോള്‍ പുവഞ്ചിയിലില്ല. ബന്ധുവീട്ടില്‍ പോയ മണി തിരിച്ചെത്തിയാലുടന്‍ വീട് കൈമാറ്റത്തിനു തീയതി നിശ്ചയിക്കുമെന്ന് സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു. തിരക്കഥാകൃത്ത് രഞ്ജന്‍ പ്രമോദ് മോഹന്‍ലാലിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ ഫോട്ടോഗ്രാഫറിലെ അഭിനയത്തിനാണ് മണിക്ക് മികച്ച ബാലനടനുള്ള പുരസ്‌കാരം ലഭിച്ചത്.
https://www.facebook.com/Malayalivartha


























