സ്വാശ്രയ കോളേജുകളിലെ ഇന്റേണല്‍ മാര്‍ക്ക് സംവിധാനം പുന:സംഘടിപ്പിക്കും

സ്വാശ്രയ കോളേജുകളിലെ ഇന്റേണല്‍ മാര്‍ക്ക് സംവിധാനം പുന:സംഘടിപ്പിക്കണമെന്ന് എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ അദ്ധ്യക്ഷനായ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഇന്റേണല്‍ അസെസ്‌മെന്റിലെ പരാതികള്‍ പരിഹരിക്കുന്നതിന് സര്‍വകലാശാല തലത്തില്‍ ഓംബുഡ്‌സ്മാനെ നിയോഗിക്കണം. ഇന്റേണല്‍ മാര്‍ക്ക് സംബന്ധിച്ച പരാതികള്‍ പരിശോധിക്കാന്‍ ഈ ഓംബുഡ്‌സ്മാന് അധികാരമുണ്ടായിരിക്കും.
അക്കാഡമിക് ഓഡിറ്റ് നടത്തണമെന്നും സമിതി ശുപാര്‍ശ ചെയ്തു. പാന്പാടി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത്. സ്വാശ്രയ എന്‍ജിനിയറിംഗ് കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെ പരാതികള്‍ കേള്‍ക്കാന്‍ ഓംബുഡ്‌സ് മാനെ നിയമിക്കാന്‍ സാങ്കേതിക സര്‍വകലാശാല ബോര്‍ഡ് ഒഫ് ഗവേണിംഗും നേരത്തെ തീരുമാനിച്ചിരുന്നു.
ജില്ലാ ജഡ്ജിയുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനായിരിക്കും ഓംബുഡ്‌സ്മാന്‍. യു.ജി.സി, എ.ഐ.സി.ടി.ഇ ആക്ട് പ്രകാരം നിയമിക്കപ്പെടുന്ന ഓംബുഡ്‌സ്മാന് സ്വതന്ത്ര ചുമതലയായിരിക്കും. സര്‍ക്കാര്‍ എന്‍ജിനിയറിംഗ് കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഓംബുഡ്‌സ്മാന് മുന്നില്‍ പരാതി സമര്‍പ്പിക്കാം.
വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുളള അതിക്രമം, വ്യക്തിഹത്യ, പീഡനം, അധിക ഫീസ് ഈടാക്കല്‍, പഠനത്തിന്റെ നിലവാരമില്ലായ്മ തുടങ്ങി വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും ഓംബുഡ് സ് മാന് മുന്നില്‍ ഉന്നയിക്കാം. സര്‍വകലാശാല പ്രതിനിധികള്‍ സംസ്ഥാനത്തെ എന്‍ജിനിയറിംഗ് കോളേജുകള്‍ സന്ദര്‍ശിച്ചതിന് ശേഷമേ കോളേജുകള്‍ക്ക് ഇനി അംഗീകാരം പുതുക്കി നല്‍കാന്‍ പാടുള്ളൂ എന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
https://www.facebook.com/Malayalivartha


























