ടാറ്റയുടെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് തടസ്സം നിന്നത് കാനം രാജേന്ദ്രന്‍; സിപിഐക്കെതിരെ ആഞ്ഞടിച്ച് കോടിയേരി ബാലകൃഷ്ണന്‍

സിപിഎം സംസ്ഥാന സമിതിയില്‍ സിപിഐക്കെതിരെ ആഞ്ഞടിച്ച് കോടിയേരി ബാലകൃഷ്ണന്‍. സിപിഐഎം വിരുദ്ധത സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. സിപിഐയിലെ ഒരു വിഭാഗം നേതാക്കളാണ് ഇതിന് പിന്നിലെന്നും എല്ലാവരുടെയും പിന്തുണ ഇവര്‍ക്കില്ല. ഇത് മനസിലാക്കി വേണം പ്രതികരിക്കാനെന്നും കോടിയേരി ആവശ്യപ്പെട്ടു.
പട്ടയം നല്‍കുന്നതില്‍ റവന്യൂ വകുപ്പിന് വീഴ്ച പറ്റി. മുഖ്യമന്ത്രിയെ നിരന്തരം ആക്രമിക്കാന്‍ ശ്രമം. വന്‍കിട കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതില്‍ സിപിഐക്ക് ഇരട്ടത്താപ്പ് നയമാണുള്ളത്. ടാറ്റയുടെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് തടസ്സം നിന്നത് കാനം രാജേന്ദ്രനാണെന്നും കോടിയേരി കുറ്റപ്പെടുത്തി.
മൂന്നാര്‍ വിഷയം സംബന്ധിച്ച് സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് കോടിയേരി വിമര്‍ശനമുന്നയിച്ചത്. വന്‍കിട കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ സിപിഐക്ക് ഇരട്ടത്താപ്പാണ്. കഴിഞ്ഞ എല്‍ഡിഎഫ് യോഗത്തില്‍ വന്‍കിട കയ്യേറ്റം ഒഴിപ്പിക്കണമെന്ന പൊതുനിര്‍ദ്ദേശം മുന്നോട്ട് വച്ചിരുന്നു. വന്‍കിട കയ്യേറ്റം ഒഴിപ്പിക്കുന്നത് ടാറ്റയുടെ കയ്യേറ്റം ഒഴിപ്പിച്ചു തന്നെ തുടങ്ങാമെന്ന പൊതുധാരണ ഉയര്‍ന്നപ്പോള്‍ അത് ബുദ്ധിമുട്ടാവുമെന്നും പിന്നീട് ടാറ്റയ്ക്ക് ഭൂമി സര്‍ക്കാര് അങ്ങോട്ട് കൊടുക്കേണ്ടി വരുമെന്നും കാനം പ്രതികരിച്ചതായി കോടിയേരി ചൂണ്ടിക്കാട്ടുന്നു.
മുന്നണിയിലെ ഇത്തരം എതിര്‍പ്പുകളാണ് കയ്യേറ്റം ഒഴിപ്പിക്കല്‍ എങ്ങുമെത്താതെ നില്‍ക്കുന്നതിന് കാരണമെന്നും കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. സര്‍ക്കാറിനേയോ ഇടുക്കിയിലെ മന്ത്രി എംഎം മണിയേയോ അറിയിക്കാതെ പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ച റവന്യൂ വകുപ്പിന്റെ നടപടി അപലപനീയമാണ്. സിപിഐയുടെ വകുപ്പുകള്‍ ഏകാധിപതിയെ പോലെ പെരുമാറുകയാണ്.റവന്യൂ വകുപ്പ് കുത്തഴിഞ്ഞ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇത് പ്രോത്സാഹിപ്പിക്കാനാവില്ലെന്നും കോടിയേരി സംസ്ഥാന സമിതിയില്‍ ചൂണ്ടിക്കാട്ടി.
സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റാണ് കയ്യേറ്റ വിഷയം സംസ്ഥാന സമിതിയില്‍ കൊണ്ടുവന്നത്. വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിവാക്കി ചെറുകിട കയ്യേറ്റങ്ങള്‍ മാത്രം ഒഴിപ്പിക്കുന്ന തരത്തിലുള്ള നിലപാടാണ് സിപിഐയുടെ ഭാഗത്തുനിന്നും ഉയരുന്നത്. വന്‍കിടി കയ്യേറ്റക്കാര്‍ സിപിഐയിലെ ചിലരെ കൂട്ടുപിടിക്കുന്നുവെന്നും സിപിഎം ഇടുക്കി ജില്ലാ ഘടകം സംസ്ഥാന സമിതിയില്‍ വിമര്‍ശനമുന്നയിച്ചു.
https://www.facebook.com/Malayalivartha


























