പുതിയ റേഷന്‍ കാര്‍ഡിനു വേണ്ടിയുള്ള കാത്തിരിപ്പ് ഇനിയും നീളും, കാര്‍ഡില്‍ സി-ഡിറ്റിനും കമ്പ്യൂട്ടര്‍വത്ക്കരണത്തില്‍ എന്‍ഐസിക്കും പിഴച്ചു

പുതിയ റേഷന്‍ കാര്‍ഡിനു വേണ്ടിയുള്ള കാത്തിരിപ്പ് ഇനിയും നീളും. ഇപ്പോഴത്തെ സ്ഥിതിയില്‍ കാര്‍ഡ് മേയിലും വിതരണം ചെയ്യാനാകില്ല. കാര്‍ഡുകളുടെ ലാമിനേഷന്‍ ജോലികള്‍ എങ്ങുമെത്താത്തതാണു കാരണം. പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തില്ലെങ്കില്‍ സംസ്ഥാനം ഭക്ഷ്യഭദ്രതാ നിയമത്തില്‍നിന്നു പുറത്താകും.
തെറ്റുകളുടെ ഘോഷയാത്രയാണു കാര്‍ഡുകളിലുള്ളതെങ്കിലും അവ ഏപ്രിലില്‍ വിതരണം ചെയ്യുമെന്നായിരുന്നു ഏറ്റവും ഒടുവില്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം. പക്ഷേ, റേഷന്‍ വാതില്‍പ്പടി വിതരണം ആരംഭിച്ച കൊല്ലത്ത് ഉദ്ഘാടന ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറിയ ഏതാനും കാര്‍ഡുകള്‍ മാത്രമേ ജനങ്ങളുടെ കൈയിലെത്തിയിട്ടുള്ളൂ.
കാര്‍ഡിന്റെ കാര്യത്തില്‍ കഴിയുന്നതെല്ലാം ചെയ്‌തെന്നാണ് ഭക്ഷ്യപൊതുവിതരണ വകുപ്പ് പറയുന്നത്. ഇനി മുഖ്യമന്ത്രിക്കു കീഴിലുള്ള സിഡിറ്റിന്റെ കൈയിലാണു കാര്യങ്ങള്‍. കാര്‍ഡുകളുടെ ലാമിനേഷന് ഉപയോഗിക്കാന്‍ തീരുമാനിച്ചിരുന്നത് നിരോധിത ഗണത്തില്‍പ്പെട്ട പ്ലാസ്റ്റിക്കായതാണ് ഏറ്റവും പുതിയ പ്രതിസന്ധി സൃഷ്ടിച്ചത്. അതോടെ ലാമിനേഷന്‍ നടപടികള്‍ താളംതെറ്റി.
പുതിയ ടെന്‍ഡര്‍ നല്‍കി മേല്‍ത്തരം പ്ലാസ്റ്റിക് എത്തിച്ചപ്പോള്‍ അതു ലാമിനേഷന്‍ മെഷീനുകള്‍ക്കു ചേരാത്തതായി. ഈ സാഹചര്യത്തില്‍ മുഴുവന്‍ കാര്‍ഡുകളും മാനുവലായി ലാമിനേറ്റ് ചെയ്യേണ്ടിവരുമെന്നാണ് അധികൃതരുടെ ഭാഷ്യം. മുമ്പു കരാര്‍ നല്‍കിയ തുകയില്‍ നിന്ന് വന്‍വ്യത്യാസവുമുണ്ടാകും.
ലക്ഷക്കണക്കിനു വരുന്ന കാര്‍ഡുകള്‍ ഓരോന്നും മാനുവലായി ലാമിനേറ്റ് ചെയ്യുക എളുപ്പമല്ല. മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ മേയിലും പുതിയ കാര്‍ഡുകള്‍ ജനങ്ങളുടെ കൈയിലെത്തില്ല.
കാര്‍ഡുകളില്‍ ഗുരുതരമായ തെറ്റുകളാണ് കടന്നുകൂടിയിട്ടുള്ളത്. മുന്‍ഗണനാ മുന്‍ഗണനാ ഇതര വിഭാഗക്കാര്‍ പരസ്പരം മാറിയും അര്‍ഹര്‍ പലരും പുറത്തും അനര്‍ഹര്‍ ഏറെ അകത്തുമായ സ്ഥിതിവിശേഷമാണുള്ളത്. ഭക്ഷ്യസുരക്ഷാ പദ്ധതിക്ക് ഇറേഷന്‍കാര്‍ഡ് വേണമെന്നാണ് വ്യവസ്ഥയെങ്കിലും പുതിയ കാര്‍ഡ് ജനങ്ങളുടെ കൈയിലെത്തിയതിനു ശേഷമേ ഇറേഷന്‍ കാര്‍ഡിന്റെ കാര്യം ചിന്തിക്കാനെങ്കിലും കഴിയൂ. ഇകാര്‍ഡുകള്‍ വന്നെങ്കില്‍ മാത്രമേ അര്‍ഹര്‍ക്ക് റേഷന്‍ കൃത്യമായി ലഭിച്ചുതുടങ്ങൂ.
പുതിയ കാര്‍ഡിനുള്ള നടപടിക്രമങ്ങള്‍ 2012ല്‍ ആരംഭിച്ചെങ്കിലും 2014ലാണ് അപേക്ഷ സ്വീകരിച്ചതും ഫോട്ടോയെടുക്കല്‍ ആരംഭിച്ചതും. പുതിയ കാര്‍ഡിന്റെ കരടില്‍ വ്യാപകമായി തെറ്റുകള്‍ കടന്നുകൂടിയതോടെ അവ തിരുത്താനുള്ള നടപടികളായിരുന്നു പിന്നീട്. 19 കോടി രൂപയ്ക്ക് സിഡിറ്റിനായിരുന്നു കാര്‍ഡ് തയ്യാറാക്കലിനു കരാര്‍ നല്‍കിയിരുന്നത്.
കാര്‍ഡ് തയ്യാറാക്കാന്‍ സിഡിറ്റ് സബ് കോണ്‍ട്രാക്ട് നല്‍കുകയായിരുന്നു. പേരും വിലാസവും ലിംഗവും ഉള്‍പ്പെടെ തെറ്റുകളുടെ ഘോഷയാത്രയായിരുന്നു കരട് പട്ടികയില്‍. എ.എ.വൈ, മുന്‍ഗണനാവിഭാഗം, മുന്‍ഗണനാ ഇതര സംസ്ഥാന സബ്‌സിഡി വിഭാഗം, മുന്‍ഗണനാ ഇതര സബ്‌സിഡിരഹിത വിഭാഗം, മുന്‍ഗണനാ ഇതര സംസ്ഥാന മുന്‍ഗണനാവിഭാഗം എന്നിങ്ങനെ അഞ്ചുതരം കാര്‍ഡുകളാണ് വിതരണം ചെയ്യേണ്ടത്. ഇതിലും വ്യാപകതെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ട്.
വാതില്‍പ്പടി വിതരണത്തിനുള്ള സോഫ്റ്റ്‌വേര്‍ നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്ററിന്റെ (എന്‍.ഐ.സി) മേല്‍നോട്ടത്തിലാണു തയ്യാറാക്കേണ്ടത്. ഇതില്‍ ഗുരുതരമായ പിഴവ് സംഭവിച്ചതായാണു സൂചന. സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടെയുള്ള ഇഫയലിങ്ങിന്റെ ചുമതലയും എന്‍.ഐ.സിക്കായിരുന്നു. എന്നാല്‍ സെക്രട്ടേറിയറ്റിലെ ഇഫയലിങ് പാടേ പാളി. കമ്പ്യൂട്ടറിനു മുന്നില്‍ മണിക്കൂറുകളോളം ചെലവഴിച്ചാലും ഡൗണ്‍ലോഡ് ചെയ്യാനോ ഫയലിങ് നടത്താനോ സാധിക്കാതെ വന്നതോടെ ജീവനക്കാര്‍ ഇത് ഉപേക്ഷിച്ച നിലയിലാണ്. ഈ രീതിയില്‍ റേഷന്‍കടകളില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണം നടത്തിയാല്‍ പഴയതിനേക്കാള്‍ ഗുരുതരാവസ്ഥയിലേക്കാവും നീങ്ങുക.
https://www.facebook.com/Malayalivartha


























