തൃശ്ശൂര്‍ പൂരം കൊടിയേറ്റത്തിന് പരമ്പരാഗത വെടിക്കെട്ടിന് അനുമതിയില്ല......

പൂരം കൊടിയേറ്റദിവസത്തെ പരമ്പരാഗത വെടിക്കെട്ടിന് അനുമതി ലഭിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് പാറമേക്കാവ് ദേവസ്വം കൊടിയേറ്റം ചടങ്ങ് മാത്രമാക്കും. എന്നാല്‍ തിരുവമ്പാടി ക്ഷേത്രത്തിലെ കൊടിയേറ്റം സാധാരണപോലെ നടക്കും.
വെള്ളിയാഴ്ച സര്‍ക്കാര്‍ വകുപ്പുകള്‍ വിളിച്ചുചേര്‍ത്ത യോഗങ്ങളിലൊന്നും പാറമേക്കാവ് ദേവസ്വം പ്രതിനിധികള്‍ പങ്കെടുത്തില്ല. വെടിക്കെട്ടിന് അനുമതി നിഷേധിച്ചാല്‍ ഇനിയുള്ള ദിവസങ്ങളിലും പ്രതിഷേധം തുടരുമെന്നും പാറമേക്കാവ് ദേവസ്വം പ്രതിനിധികള്‍ അറിയിച്ചു.
അന്തിമാനുമതി ലഭിക്കാത്തതിനാല്‍ ബുധനാഴ്ചത്തെ സാമ്പിള്‍ വെടിക്കെട്ടിന്റെ കാര്യത്തിലും അനിശ്ചിതത്വമുണ്ട്
കൊടിയേറ്റദിവസത്തെ വെടിക്കെട്ടിന് ഗുണ്ട്, കുഴിമിന്നല്‍ അമിട്ട്, ഡൈന എന്നിവ ഉപയോഗിക്കരുതെന്നാണ് കളക്ടറുടെ നിര്‍ദ്ദേശം. എന്നാല്‍ ഓലപ്പടക്കങ്ങളും ശിവകാശി വെടിക്കോപ്പുകളും ഉപയോഗിക്കാം. മറ്റുവെടിക്കെട്ടുകള്‍ക്കുള്ള നിര്‍ദ്ദേശം പിറകെ വരും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ മാത്രമേ നാഗ്പുരില്‍നിന്ന് അറിയിപ്പ് വരൂ. പൂര്‍ണവിവരങ്ങള്‍ മെയ് ഒന്നോടെ ദേവസ്വങ്ങള്‍ക്ക് ലഭ്യമാകും. വെടിക്കോപ്പ് സാമ്പിളുകള്‍ കാക്കനാട് റീജണല്‍ കെമിക്കല്‍എക്‌സാമിനേഴ്‌സ് ലബോറട്ടറിയില്‍ പരിശോധിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
കൊടിയേറ്റം ചടങ്ങുമാത്രമാക്കുന്നതോടെ പങ്കെടുക്കുന്ന ആനകളുടെ എണ്ണത്തില്‍ കുറവുവരും. സാധാരണ അഞ്ച് ആനകള്‍ പങ്കെടുക്കാറുള്ളിടത്ത് ഒരാനമാത്രമായിരിക്കും. പുറത്തേക്കുള്ള എഴുന്നള്ളിപ്പിനും ആഘോഷങ്ങള്‍ ഉണ്ടാകില്ല. എഴുന്നള്ളിപ്പിന് അകമ്പടിയായി മേളം നടക്കുമെങ്കിലും കലാകാരന്‍മാര്‍ കുറവായിരിക്കുമെന്നും പാറമേക്കാവ് ദേവസ്വം അറിയിച്ചു. മൂന്നു യോഗങ്ങളില്‍ നിന്നാണ് പാറമേക്കാവ് വിട്ടുനിന്നത്. കോര്‍പ്പറേഷന്‍ പോലീസ്, കളക്ടര്‍ എന്നിവരാണ് യോഗം വിളിച്ചുചേര്‍ത്തത്.
ഏപ്രില്‍ 19നാണ് വെടിക്കോപ്പുകള്‍ രാസപരിശോധനയ്ക്കായി ശിവകാശിയില്‍ കൊണ്ടുപോയത്. പരിശോധനാഫലം ഏപ്രില്‍ 26ന് നാഗ്പുരിലെ എക്‌സ്‌പ്ലോസീവ് ആസ്ഥാനത്തേക്ക് അയച്ചു. അതിന്റെ മറുപടി കളക്ടര്‍ക്കാണ് ലഭിക്കേണ്ടത്.
തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആണ് അനുമതി ലഭിക്കുന്നതെങ്കില്‍ പരമ്പരാഗത വെടിക്കെട്ടോ ശിവകാശി വെടിക്കെട്ടോ ഒരുക്കാന്‍ ദേവസ്വങ്ങള്‍ക്ക് സമയം കിട്ടില്ല. വെള്ളിയാഴ്ചയാണ് പൂരം.
https://www.facebook.com/Malayalivartha


























