കോടനാട് എസ്‌റ്റേറ്റ്‌കൊല; സയന്റെ ഭാര്യയും മകളും നേരത്തെ കൊല്ലപ്പെട്ടെന്ന് സംശയം

പാലക്കാട് ജില്ലയിലെ കണ്ണാടിയില്‍ വാഹനാപകടത്തില്‍ അമ്മയും മകളും മരിച്ചതില്‍ ദുരൂഹത. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഊട്ടിയിലെ കോടനാട് എസ്‌റ്റേറ്റിലെ കാവല്‍ക്കാരനെ കൊന്ന കേസിലെ രണ്ടാം പ്രതി സയന്റെ ഭാര്യ വിനുപ്രിയ, മകള്‍ നീതു എന്നിവരുടെ മരണമാണ് പൊലീസിനെ കുഴക്കുന്നത്. മൂവരും സഞ്ചരിച്ചിരുന്ന കാര്‍ നിറുത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചാണ് അപകടം നടന്നത്. എന്നാല്‍, വിനുപ്രിയയുടേയും നീതുവിന്റേയും കഴുത്തില്‍ വെട്ടുകൊണ്ടതിന്റെ ആഴമേറിയ മുറിവ് പോസ്റ്റ്‌മോര്‍ട്ടത്തിനിടെ കണ്ടെത്തി. ഇതോടെയാണ് കൊലപാതകത്തിന് ശേഷം കാര്‍ അപകടത്തില്‍പെടുത്തിയെന്ന സംശയത്തിലേക്ക് പൊലീസിനെ എത്തിച്ചിരിക്കുന്നത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സയന്‍ കോയന്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവിടെ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. സംസാരിക്കാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ സയനില്‍ നിന്ന് മൊഴിയെടുക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
കോയന്പത്തൂരിലെ ഒരു ബേക്കറിയില്‍ ജോലി നോക്കുകയായിരുന്നു തൃശൂര്‍ സ്വദേശിയായ സയന്‍. സയനുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് കേസിലെ ഒന്നാം പ്രതിയായ കനകരാജ് എസ്‌റ്റേറ്റ് കൊള്ളയടിക്കാന്‍ പദ്ധതി ഒരുക്കിയത്. മോഷണത്തിനായുള്ള അഞ്ചംഗ സംഘത്തെ രൂപീകരിച്ചത് സയനാണ്. 24ന് അവര്‍ പദ്ധതി നടപ്പാക്കുകയും ചെയ്തു. അതിനിടെയാണ് കാവല്‍ക്കാരന്‍ കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha


























