അച്ഛനെ വേണ്ട. മക്കള്‍ വീടുപൂട്ടിപ്പോയി; അച്ഛന്‍ ആംബുലന്‍സില്‍ കിടന്നത് എട്ടുമണിക്കൂര്‍

മാരാരിക്കുളം: ഹൃദയം നുറുക്കുന്ന ഈ വാർത്ത മാരാരിക്കുളത്തുനിന്നു. ആശുപത്രിയില്‍നിന്ന് വിട്ടയച്ച അച്ഛനെയും കൊണ്ട് ആംബുലന്‍സ് എത്തിയപ്പോള്‍ മക്കള്‍ വീട് പൂട്ടി സ്ഥലം വിട്ടു. എട്ടു മണിക്കൂര്‍ വീട്ടുപടിക്കല്‍ ആംബുലന്‍സില്‍ കിടന്ന വയോധികനെ ഒടുവില്‍ പോലീസും ജനപ്രതിനിധികളും ഇടപെട്ട് കൊച്ചിയിലെ പാലിയേറ്റീവ് കെയര്‍ സെന്ററിലേക്ക് മാറ്റി.
എസ്.എല്‍.പുരം കല്ലുവെലി വീട്ടില്‍ രാജേന്ദ്ര (70) നാണീ ദുരനുഭവം. ഒരുമാസംമുമ്പ് രാജേന്ദ്രന് മാരാരിക്കുളം കളിത്തട്ട് ജങ്ഷന് സമീപത്തുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റിരുന്നു.കൈയും കാലും ഒടിഞ്ഞ ഇദ്ദേഹം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തെ പരിചരിക്കാന്‍ ബന്ധുക്കളെത്താത്തതിനെതുടര്‍ന്ന് ആശുപത്രി അധികൃതര്‍ മാരാരിക്കുളം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് കേസെടുക്കുമെന്ന് അറിയിച്ചപ്പോള്‍ മകന്‍ എത്തി ഒരു ഹോംനഴ്‌സിനെ നിര്‍ത്തിയെങ്കിലും പിന്നീട് ആരും തിരിഞ്ഞ് നോക്കിയില്ല.
സുഖം പ്രാപിച്ചിട്ടും ആരുംഎത്താത്തതിനാല്‍ ആശുപത്രിഅധികൃതര്‍ ജില്ലാപഞ്ചായത്തംഗം ജമീല പുരുഷോത്തമനെ വിവരം അറിയിച്ചു. ഇവര്‍ മാരാരിക്കുളം പോലീസിന് പരാതി നല്‍കിയപ്പോള്‍ വ്യാഴാഴ്ച മകള്‍ ആശുപത്രിയിലെത്തി ഡിസ്ചാര്‍ജ് വാങ്ങി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ രാജേന്ദ്രനുമായി ഹോംനഴ്‌സ് മാരാരിക്കുളത്ത് എത്തിയപ്പോള്‍ മകന്റെയും മകളുടെയും വീട് പൂട്ടിയ നിലയിലായിരുന്നു. ജനപ്രതിനിധികള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതു സംബന്ധിച്ച് മക്കളുടെ പ്രതികരണമറിയാന്‍ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ ശ്രമവും വിഫലമായി.
ഇതേതുടര്‍ന്ന് രാത്രി 10 മണിയോടെ ജില്ലാ പഞ്ചായത്തംഗം ജമീലാപുരുഷേത്തമനും നാട്ടുകാരും മാരാരിക്കുളം പോലീസും ചേര്‍ന്ന് കൊച്ചിയിലെ പാലിയേറ്റീവ് കെയര്‍ സെന്റര്‍ പ്രവര്‍ത്തകരെ വിളിച്ച് വരുത്തി. രാജേന്ദ്രനെ ആബുലന്‍സില്‍ കൊച്ചിയിലേക്ക് കൊണ്ടുപോയി. ആബുലന്‍സ് വാടകയും ഹോംനഴ്‌സിനുള്ള പണവും ജനപ്രതിനിധികളാണ് മുടക്കിയത്.
https://www.facebook.com/Malayalivartha


























