പോര്‍മുഖം തുറന്ന് സെന്‍കുമാര്‍; പോംവഴികളില്ലാതെ സര്‍ക്കാര്‍

ട്രൈബ്യൂണലില്‍ മുതല്‍ സുപ്രീംകോടതി വരെ പതിനൊന്നു മാസം സര്‍ക്കാരുമായി നിയമയുദ്ധം നടത്തി വിജയിച്ച ശേഷം, ടി.പി. സെന്‍കുമാര്‍ ചീഫ്‌സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരെ പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ്. പൊലീസ് മേധാവി സ്ഥാനത്ത് തന്നെ പുനര്‍നിയമിക്കാനുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്തതില്‍ നളിനിനെറ്റോയെ എതിര്‍ കക്ഷിയാക്കി ടി.പി. സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തതോടെ എത്രയും വേഗം ഉത്തരവ് നടപ്പാക്കുകയല്ലാതെ സര്‍ക്കാരിനു മറ്റു പോംവഴികളില്ലാതായി.
ഡി.ജി.പി സ്ഥാനത്തുനിന്ന് മാറ്റിനിറുത്തിയ പതിനൊന്നു മാസവും ഉത്തരവ് വന്നശേഷമുള്ള ദിവസങ്ങളും സര്‍വീസില്‍ നീട്ടിനല്‍കാനിടയുള്ളതിനാല്‍ സുപ്രീംകോടതി ഹര്‍ജി പരിഗണിക്കും മുമ്പ് സെന്‍കുമാറിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കാനാണ് സാദ്ധ്യത. നഷ്ടപ്പെട്ട സര്‍വീസ് ദീര്‍ഘിപ്പിച്ചു നല്‍കണമെന്ന് അപ്പീലില്‍ സെന്‍കുമാര്‍ ആവശ്യമുന്നയിച്ചിരുന്നു. ജൂണ്‍ 30വരെ മാത്രം സേവനകാലാവധിയുള്ള സെന്‍കുമാറിന് നീതിയുടെ ആനുകൂല്യം കിട്ടാതെ പോവരുതെന്നും അതിനാലാണ് നടപടികള്‍ വേഗത്തിലാക്കുന്നതെന്നും വാദം കേള്‍ക്കുന്നതിനിടെ സുപ്രീംകോടതി പറഞ്ഞിരുന്നു. മേയ് 9മുതല്‍ ജൂലായ് നാലുവരെ വേനലവധിക്ക് സുപ്രീംകോടതി അടയ്ക്കും.
രണ്ട് അവധിക്കാല ബെഞ്ചുകളില്‍ ഉത്തരവിറക്കിയ അതേ ജഡ്ജിമാരില്ലെങ്കില്‍ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കാനാവില്ല. ഇതിനിടയില്‍ സെന്‍കുമാര്‍ വിരമിക്കും. ഈ സാദ്ധ്യതകള്‍ മുന്നില്‍ കണ്ടാണ് ഉത്തരവിറക്കുന്നത് വൈകിപ്പിക്കുന്നത്. ഏതെങ്കിലും ഉദ്യോഗസ്ഥനെ വ്യക്തിപരമായി കക്ഷിയാക്കിയേ മുന്‍സിഫ് കോടതി മുതല്‍ സുപ്രീംകോടതിയില്‍ വരെ കോടതിയലക്ഷ്യഹര്‍ജി നല്‍കാനാവൂ എന്നതിനാലാണ് നളിനി നെറ്റോയെ എതിര്‍കക്ഷിയാക്കിയതെന്ന് സെന്‍കുമാറിന്റെ അഭിഭാഷകന്‍ ഹാരിസ്ബീരാന്‍ കേരളകൗമുദിയോട് പറഞ്ഞു.
സെന്‍കുമാറിനെ മാറ്റിയ ഉത്തരവിലാണ് ലോക്‌നാഥ് ബെഹ്‌റയെ പൊലീസ് മേധാവിയായും ശങ്കര്‍റെഡ്ഡിയെ മാറ്റി ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറായും നിയമിച്ചത്. സുപ്രീംകോടതി ഉത്തരവോടെ എല്ലാ സ്ഥാനമാറ്റങ്ങളും റദ്ദാവുമോയെന്നതാണ് സര്‍ക്കാരിന്റെ സംശയം. സെന്‍കുമാറിന്റേതൊഴിച്ച് മറ്റുള്ളവരുടെ നിയമനങ്ങള്‍ക്ക് നിയമപ്രശ്‌നമില്ലെന്നും ഭരണപരമായ കാര്യമാണെന്നുമുള്ള നിയമോപദേശം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. സെന്‍കുമാറിന് പുനര്‍നിയമനം നല്‍കാനുള്ള സമയപരിധി ഉത്തരവിലില്ലെന്നാണ് മറ്റൊരു വാദം. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 10.30ന് സുപ്രീംകോടതി ഉത്തരവുണ്ടായപ്പോള്‍ മുതല്‍ ബെഹറയ്ക്ക് ഡി.ജി.പി സ്ഥാനം നഷ്ടപ്പെട്ടെങ്കിലും സര്‍ക്കാര്‍ ഉത്തരവിറക്കാത്തതിനാല്‍ സ്ഥാനമേല്‍ക്കാനായിട്ടില്ലെന്ന് സെന്‍കുമാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അടുത്തയാഴ്ച ഹര്‍ജി പരിഗണിക്കുമ്പോള്‍ പ്രതികൂല പരാമര്‍ശങ്ങളുണ്ടായാല്‍ സര്‍ക്കാരിന് ക്ഷീണമാവും.
സര്‍ക്കാര്‍ സാവകാശം തേടും
സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പാലിക്കുന്നതിന് സര്‍ക്കാര്‍ സാവകാശം തേടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടിയിരിക്കുകയാണെന്ന് സുപ്രീംകോടതിയെ അറിയിക്കും. സെന്‍കുമാറിനെ മാറ്റി, ലോക്‌നാഥ് ബെഹ്‌റയെ ഡി.ജി.പിയാക്കിയത് മന്ത്രിസഭാ തീരുമാനപ്രകാരമാണ്. ഇനി ബെഹ്‌റയെ മാറ്റുന്നതിന് മന്ത്രിസഭയുടെ അംഗീകാരം ആവശ്യമുണ്ടോയെന്നതില്‍ ആശയക്കുഴപ്പമുണ്ട്. എ.ജിയുടെ ഉപദേശം ലഭിക്കുന്നമുറയ്ക്ക് നടപടികളെടുക്കും.
പൊലീസ് ഭരണം താളംതെറ്റി
സുപ്രീംകോടതി ഉത്തരവിനുശേഷം ലോക്‌നാഥ് ബെഹ്‌റ ഇതുവരെ ഓഫീസിലെത്തിയിട്ടില്ല. അടിയന്തര പ്രാധാന്യമുള്ള ഫയലുകളില്‍ പോലും തീരുമാനമുണ്ടാകുന്നില്ല. ആറുദിവസമായി ഉത്തരവുകളൊന്നും ഇറങ്ങുന്നില്ല. ഡല്‍ഹിയിലായിരുന്ന ബെഹ്‌റ ഇന്നലെ തിരിച്ചെത്തി.
https://www.facebook.com/Malayalivartha


























