പെണ്‍കള്‍ ഒരുമൈ നിരാഹാരം നിര്‍ത്തി; ഇന്നുമുതല്‍ സത്യഗ്രഹം

മന്ത്രി എം.എം. മണിയുടെ രാജിയാവശ്യപ്പെട്ട് പെണ്‍കള്‍ ഒരുമൈ പ്രവര്‍ത്തകര്‍ മൂന്നാറില്‍ നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു. ഇന്നു മുതല്‍ സത്യഗ്രഹസമരം തുടരാനാണു തീരുമാനം. ഇന്നലെ രാത്രി ഒന്‍പതുമണിയോടെ സമരപ്പന്തലിലായിരുന്നു പ്രഖ്യാപനം.
സത്യഗ്രഹം അനുഷ്ഠിച്ചിരുന്ന രാജേശ്വരിയെ ഇന്നലെ രാവിലെ പതിനൊന്നരയോടെയും ഗോമതിയെയും കൗസല്യയെയും ഉച്ചയോടെയും പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് അടിമാലി താലൂക്ക് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഇവര്‍ക്കു പകരം പെണ്‍കള്‍ ഒരുമൈ ട്രഷറര്‍ ലതാ ചന്ദ്രന്‍ നിരാഹാരസമരം തുടരുകയും ചെയ്തിരുന്നു.
ആശുപത്രിയിലെത്തിച്ച കൗസല്യ പനിയെത്തുടര്‍ന്ന് ബോധരഹിതയായിരുന്നു. ഇതിനിടെ ഗോമതി ചികിത്സ നിഷേധിച്ചത് ആശുപത്രി അധികൃതര്‍ക്കും പോലീസിനും തലവേദന സൃഷ്ടിച്ചു. രക്തസമ്മര്‍ദം, ഷുഗര്‍ അടക്കമുള്ള പരിശോധനകള്‍ക്ക് മൂവരും സമ്മതിച്ചു. മൂവരെയും അഡ്മിറ്റ് ചെയ്ത് തുടര്‍ചികിത്സ നടത്തണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും ചികിത്സ ആവശ്യമില്ലെന്ന് എഴുതി ഒപ്പിട്ടു നല്‍കി രാത്രി ഏഴരയോടെ മൂവരും ആശുപത്രിയില്‍നിന്ന് ഇറങ്ങിപ്പോയി. തങ്ങളെ സമരപ്പന്തലില്‍നിന്നു പോലീസ് ബലമായി പിടിച്ചുകൊണ്ടുവന്നതാണെന്നും രാത്രിയില്‍ പെരുവഴിയില്‍ ഇറക്കിവിട്ടതായും ഇവര്‍ ആരോപിച്ചു.
തുടര്‍ന്ന് 7.45ന് മൂന്നാറിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസില്‍ സമരപ്പന്തലിലേക്കു പോയി. ഒന്‍പതുമണിയോടെ മൂവരും വീണ്ടും സമരപ്പന്തലിലെത്തി കൂടിയാലോചന നടത്തിയശേഷം നിരാഹാരം അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ചു.
നാരങ്ങാനീരു കുടിച്ചാണ് നിരാഹാരം അവസാനിപ്പിച്ചത്. മണി രാജിവയ്ക്കുംവരെ സമരത്തില്‍നിന്നു പിന്നോട്ടില്ലെന്നു വ്യക്തമാക്കിയ ഗോമതി ഇന്നുമുതല്‍ സത്യഗ്രഹസമരം തുടരുമെന്നും വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























