കേരളത്തില്‍ നിന്നും ഐഎസില്‍ ചേര്‍ന്നെന്ന് കരുതുന്ന ഒരു മലയാളി യുവാവ് കൂടി കൊല്ലപ്പെട്ടെന്ന് സന്ദേശം; മരണമടഞ്ഞത് യുഎപിഎ ചുമത്തപ്പെട്ട യഹിയ

കേരളത്തില്‍ നിന്നും ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നെന്ന് കരുതുന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടെന്ന് സന്ദേശം. പാലക്കാട് നിന്നും കാണാതായ യഹിയ മരിച്ചെന്നാണ് വിവരം ലഭിച്ചത്. കാസര്‍കോട് പടന്നയില്‍ നിന്നും കാണാതായവരുടെ ബന്ധുക്കള്‍ക്ക് ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ ടെലഗ്രാം ആപ്പ് വഴിയാണ് സന്ദേശം ലഭിച്ചത്.
എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. അമേരിക്കയ്ക്ക് എതിരായ ആക്രമണത്തില്‍ മരിച്ചെന്നാണ് സന്ദേശത്തിന്റെ ഉളളടക്കം. നേരത്തെ ഇസ്ലാമിക് സ്‌റ്റേറ്റില്‍ എത്തിയെന്ന് സംശയിച്ചിരുന്ന ഹഫീസുദ്ദീന്‍, ടി.കെ മുര്‍ഷിദ് മുഹമ്മദ് എന്നിവര്‍ കൊല്ലപ്പെട്ടതായും വിവരം ലഭിച്ചിരുന്നു. ഇതില്‍ ഹഫീസുദ്ദീന്റെ മരണം ബന്ധുക്കള്‍ സ്ഥിരീകരിച്ചിരുന്നു.
മൃതദേഹത്തിന്റെ ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നു. ഇവര്‍ രണ്ടുപേരും കാസര്‍കോട് സ്വദേശികളാണ്. ഇതോടെ കേരളത്തില്‍ നിന്നും ഐഎസില്‍ ചേര്‍ന്നെന്ന് കരുതുന്ന മൂന്നുപേരാണ് ഇതുവരെ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചത്.
കാസര്‍കോട് പടന്നയിലുളള അഷ്ഫാഖിന്റെ ബന്ധുക്കള്‍ക്ക് ലഭിച്ച സന്ദേശം
കാസര്‍കോട് നിന്നും കാണാതായവരുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ട അഷ്ഫാഖ് മജീദാണ് ഇത്തവണയും മരണവിവരം നാട്ടില്‍ അറിയിച്ചത്. ടെലഗ്രാം വഴി ഹഫിസുദ്ദീന്റെയും മുര്‍ഷിദ് മുഹമ്മദിന്റെയും മരണവും മറ്റുവിവരങ്ങളും നേരത്തെ അറിയിച്ചിരുന്നത് അഷ്ഫാഖ് തന്നെയാണ്. പാലക്കാട് സ്വദേശിയായ ബെസ്റ്റിന്‍ വിന്‍സെന്റാണ് ഇസ്ലാംമതം സ്വീകരിച്ച് യഹിയ ആയത്. യഹിയുടെ ഭാര്യയാണ് മെര്‍ലിന്‍. പാലക്കാട് നിന്നും 2016 മേയിലാണ് ദുരൂഹസാഹചര്യത്തില്‍ അഞ്ചുപേരെ കാണാതായത്.
ഷിബി, ഈസ, ഭാര്യ ഫാത്തിമ എന്ന നിമിഷ, യഹിയ, ഭാര്യ മെര്‍ലിന്‍ എന്നിവരെയാണ് കാണാതായത്. ഷിബി, ഈസ, യഹിയ എന്നിവര്‍ സഹോദരന്മാരാണ്. പാലക്കാട് കഞ്ചിക്കോട് സ്വദേശികളായ ഇവര്‍ക്കെതിരെ അന്വേഷണസംഘം യുഎപിഎ ചുമത്തിയിരുന്നു. മലയാളികളെ കാണാതായതുമായി ബന്ധപ്പെട്ട് മുംബൈയില്‍ അറസ്റ്റിലായ അര്‍ഷി ഖുറൈഷി, റിസ്വാന്‍ ഖാന്‍ എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ഈസയുടെ ഭാര്യ ഫാത്തിമ എന്ന നിമിഷ കാണാതായ സംഭവത്തില്‍ മാതാവും തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിനിയുമായ ബിന്ദു മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നു. കൊച്ചി തമ്മനം സ്വദേശിനിയായ മെര്‍ലിന്റെ സഹോദരന്‍ എബിന്‍ ജേക്കബ് സഹോദരിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പരാതിയിലാണ് പൊലീസ് പ്രത്യേക സംഘം ഈ കേസില്‍ അന്വേഷണം നടത്തുന്നത്.
https://www.facebook.com/Malayalivartha


























