അര്‍ദ്ധരാത്രി വീട്ടുവളപ്പില്‍ അതിക്രമിച്ച് കയറി പോലീസ് ഭീഷണി...

അര്‍ദ്ധരാത്രി വീട്ടുവളപ്പില്‍ അതിക്രമിച്ച് കയറി പോലീസ് ഭീഷണിപ്പെടുത്തിയതായി വീട്ടമ്മയുടെ പരാതി. വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ മന്ന ഹൗസില്‍ സുചിത്ര ബേബിയാണ് വട്ടിയൂര്‍ക്കാവ് പോലീസിനെതിരെ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. വീട്ടുവളപ്പില്‍ അതിക്രമിച്ച് കയറിയ പോലീസ് അപമാനിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഏപ്രില്‍ 28 വെള്ളിയാഴ്ച അര്‍ദ്ധരാത്രിയായിരുന്നു സംഭവം. സുചിത്രയുടെ അകന്ന ബന്ധുവായ സ്ത്രീയെ ബസ് സ്റ്റാന്‍ഡില്‍ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ സുചിത്രയുടെ മേല്‍വിലാസമാണ് നല്‍കിയത്. തുടര്‍ന്നാണ് പോലീസ് ഇവരുമായി വട്ടിയൂര്‍ക്കാവിലെ സുചിത്രയുടെ വീട്ടിലെത്തിയത്.
വെള്ളിയാഴ്ച അര്‍ദ്ധരാത്രിയിലാണ് സംഭവമുണ്ടായത്. വീട്ടുകാരെ വിളിച്ചുണര്‍ത്തുന്നതിന് പകരം ഗേറ്റ് ചാടിക്കടന്നാണ് പോലീസ് വീട്ടുവളപ്പില്‍ പ്രവേശിച്ചത്. തുടര്‍ന്ന് സുചിത്രയുടെ കിടപ്പുമുറിയിലേക്ക് ടോര്‍ച്ചടിച്ചതായും പരാതിക്കാരി ആരോപിക്കുന്നു. താനും ചെറിയ മക്കളും ഒറ്റയ്ക്കാണ് താമസമെന്നും ഈ സമയത്ത് പുറത്ത് വരാനാകില്ലെന്നും സുചിത്ര പോലീസിനോട് പറഞ്ഞു. എന്നാല്‍ ഭര്‍ത്താവില്ലേടി, എന്താ പുറത്ത് വരാന്‍ ഇത്ര കുഴപ്പം തുടങ്ങിയ ചോദ്യങ്ങള്‍ ചോദിച്ച് പോലീസ് അപമാനിക്കാന്‍ ശ്രമിച്ചതായും പരാതിയിലുണ്ട്.
സുചിത്രയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. പോലീസ് കണ്ടെത്തിയ സ്ത്രീ തന്റെ അമ്മയുടെ അകന്ന ബന്ധുവാണെങ്കിലും മാസങ്ങളായി സ്ത്രീയുമായി ബന്ധമില്ലെന്നും സുചിത്ര പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍ വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് വട്ടിയൂര്‍ക്കാവ് പോലീസ് പറയുന്നത്. വീട്ടമ്മ തനിച്ചാണ് താമസിക്കുന്നതെന്ന വിവരം അറിയില്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു. ബസ് സ്റ്റാന്‍ഡില്‍ നിന്നും കണ്ടെത്തിയ സ്ത്രീ നല്‍കിയ മേല്‍വിലാസം സുചിത്രയുടേതായിരുന്നു. ഇതുപ്രകാരം സ്ത്രീയെ വീട്ടിലെത്തിക്കാനാണ് ശ്രമിച്ചതെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























