ഡിജിപി ടി.പി. സെന്‍കുമാറിന്റെ പുനര്‍നിയമന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയിലേക്ക്

ഡിജിപി ടി.പി. സെന്‍കുമാറിന്റെ പുനര്‍നിയമന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയിലേക്ക്. വിധിയില്‍ വ്യക്തത തേടി സര്‍ക്കാര്‍ ഇന്നു സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുമെന്നാണ് വിവരം. സര്‍ക്കാര്‍ ഹര്‍ജി നല്‍കിയാല്‍ സെന്‍കുമാറിന്റെ പുനര്‍നിയമനം വൈകാനാണ് സാധ്യത. സെന്‍കുമാറിനെ മാറ്റി ബെഹ്‌റെയ നിയമിച്ച ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി സെന്‍കുമാറിന് പുനര്‍നിയമനം നല്‍കാന്‍ വിധി പുറപ്പെടുവിച്ചത്.
അതിനാല്‍ സെന്‍കുമാറിന് പുനര്‍നിയമനം നല്‍കുമ്പോള്‍ അതേറാങ്കിലുളള ലോകനാഥ് ബെഹ്‌റയടക്കമുള്ളവരുടെ കാര്യത്തില്‍ തുടര്‍നടപടി എന്തു വേണമെന്ന് വ്യക്തത തേടിയാകും സര്‍ക്കാരിന്റെ ഹര്‍ജി. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നത് വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ചു സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന ആവശ്യത്തില്‍നിന്ന് ഡിജിപി ടി.പി. സെന്‍കുമാര്‍ ഇന്നലെ നാടകീയമായി പിന്‍മാറിയിരുന്നു. കേസുമായി ബന്ധപ്പെട്ട് സെന്‍കുമാറിന്റെ അഭിഭാഷകന്‍ കോടതിയിലെത്തിയെങ്കിലും ഹര്‍ജി സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താതെ അവസാന നിമിഷം പിന്‍മാറുകയായിരുന്നു.
ഈ അപ്രതീക്ഷിത നീക്കത്തിന്റെ കാരണം അവ്യക്തമായി തുടരുമ്പോഴാണ് വിധിയില്‍ വ്യക്തത തേടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ തയാറെടുക്കുന്നത്. ചീഫ് സെക്രട്ടറി നളിനി നെറ്റോക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കണമെന്നും നിയമന ഉത്തരവ് ഉടന്‍ പുറത്തിറക്കണമെന്നുമായിരുന്നു സെന്‍കുമാറിന്റെ ആവശ്യം. പുനര്‍നിയമന ഉത്തരവ് പുറപ്പെടുവിച്ച മദന്‍ ബി. ലൊക്കൂര്‍ അധ്യക്ഷനായ ബെഞ്ചിനു മുന്നിലാണ് ഹര്‍ജി പരിഗണിക്കണമെന്ന ആവശ്യം ഉന്നയിക്കാന്‍ തീരുമാനിച്ചിരുന്നത്.
അതേസമയം, സെന്‍കുമാര്‍ സര്‍ക്കാരിന് ഒരു തരത്തിലും ഭീഷണിയല്ലെന്ന് വ്യക്തമാക്കി മന്ത്രി ജി.സുധാകരനും ഇന്നലെ രംഗത്തെത്തിയിരുന്നു. സുപ്രീം കോടതിയില്‍ കേസിനുപോയ സെന്‍കുമാര്‍, തന്നെത്തന്നെയാണ് തോല്‍പ്പിച്ചതെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. കോടതിവിധിയുടെ മറപറ്റി സര്‍ക്കാരിനെ മോശക്കാരാക്കാന്‍ ശ്രമിച്ചാല്‍, സുപ്രീം കോടതിയില്‍ റിട്ട് സമര്‍പ്പിക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്ന് സെന്‍കുമാര്‍ മറക്കേണ്ടെന്നും മന്ത്രി സുധാകരന്‍ ഓര്‍മിപ്പിച്ചു. സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ സെന്‍കുമാറിനെ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞയാഴ്ചയാണ് സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു തിരികെ നിയമിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. സെന്‍കുമാറിനെ പൊലീസ് മേധാവിയായി യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ചതു ക്രമവിരുദ്ധമായാണെന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നത്. എന്നാല്‍ നടപടി അന്യായവും തോന്നുംപടിയുള്ളതുമാണെന്നു കോടതി വിലയിരുത്തി.
തന്നെ പൊലീസ് മേധാവിസ്ഥാനത്തുനിന്നു മാറ്റിയ നടപടിയെ ആദ്യം കേന്ദ്ര അഡ്മിനിസ്‌ട്രേറ്റിവ് െ്രെടബ്യൂണലിലാണ് സെന്‍കുമാര്‍ ചോദ്യം ചെയ്തത്. അനുകൂല വിധി ലഭിക്കാത്തതിനാല്‍ ഹൈക്കോടതിയെ സമീപിച്ചു. അവിടെയും ഫലം പ്രതികൂലമായപ്പോഴാണു സുപ്രീംകോടതിയെ സമീപിച്ചത്. സെന്‍കുമാറിനെ 2015 മേയ് 22ന് ആണു പൊലീസ് മേധാവിയായി നിയമിച്ചത്.
കേരള പൊലീസ് നിയമത്തില്‍ പറയുന്ന രണ്ടു വര്‍ഷത്തെ കാലാവധി ഭദ്രതയനുസരിച്ചാണെങ്കില്‍, അടുത്ത മാസം 21 വരെ പൊലീസ് മേധാവിയായി തുടരാമായിരുന്നു. എന്നാല്‍, ആ പദവിയില്‍നിന്നു മാറ്റാന്‍ കഴിഞ്ഞ മേയ് 27നു മുഖ്യമന്ത്രി തീരുമാനിച്ചു. അതേ മാസം 30നു തീരുമാനം മന്ത്രിസഭ അംഗീകരിച്ചു.
https://www.facebook.com/Malayalivartha


























