കിടപ്പിലായ ഗൃഹനാഥനെ കഴുത്തില്‍ മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ മുറുക്കി കൊന്നു; ഭാര്യ അറസ്റ്റില്‍

രോഗംബാധിച്ച് ഏറെനാളായി കിടപ്പിലായ ഭര്‍ത്താവിനെ മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ വയര്‍കൊണ്ടു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റിലായി. തലവൂര്‍ രണ്ടാലുംമൂട് ചുണ്ടമല അശ്വതിഭവനില്‍ സുന്ദരനാചാരി(59)യെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ വസന്ത(49)യെയാണു കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്.
ശാരീരിക അവശതമൂലം പരസഹായമില്ലാതെ എഴുന്നേല്‍ക്കാനാകാത്ത ഇയാളെ കഴിഞ്ഞ ശനിയാഴ്ച രാവിലെ പത്തിനാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴുത്തിലുണ്ടായ മുറിവുകളാണു സംശയത്തിന് കാരണമായത്. അസുഖം ബാധിച്ചു മരിച്ചെന്നാണു സമീപവാസികളെയും മകളെയും വസന്ത അറിയിച്ചത്.
എന്നാല്‍, വീട്ടിലെത്തിയ തലവൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോ. അജയകുമാറിനു മരണത്തില്‍ സംശയം തോന്നുകയും വിവരം പോലീസിനെ അറിയിക്കുകയുമായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണം കൊലപാതകമാണന്നു സ്ഥിരീകരിച്ചു.
സംശയത്തെത്തുടര്‍ന്ന് മകളുടെ ഭര്‍ത്താവ് രാജേഷിനെ ആദ്യം കസ്റ്റഡിയിലെടുത്തങ്കിലും പിന്നീടു വിട്ടയച്ചു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണു ഭാര്യ കുറ്റം സമ്മതിച്ചത്. മകള്‍ സുനിതയ്‌ക്കൊപ്പമാണു സുന്ദരനാചാരിയും ഭാര്യയും താമസിച്ചിരുന്നത്. ആദ്യം തലയണ ഉപയോഗിച്ചു കൊലപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു. പിന്നീടു മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
സംരക്ഷിക്കാന്‍ ആളില്ലാത്തതിനാലാണു ഈ ഹീനകൃത്യം ചെയ്തതെന്നു പ്രതി പോലീസിനോട് പറഞ്ഞു.
വസന്തയെ വീട്ടില്‍ കൊണ്ടുവന്നു തെളിവെടുപ്പു നടത്തി. കൊലപ്പെടുത്താന്‍ ഉപയോഗിച്ച തലയണയും മൊബൈല്‍ ചാര്‍ജറിന്റെ വയറും പോലീസ് കണ്ടെടുത്തു. പുനലൂര്‍ എ.എസ്.പി: കാര്‍ത്തികേയന്‍ ഗോകുല്‍ ചന്ദ്, പത്തനാപുരം സി.ഐ: എസ്. നന്ദകുമാര്‍, കുന്നിക്കോട് എസ്.ഐ: സുരേഷ്‌കുമാര്‍, ഷാഡോ പോലീസ് എസ്.ഐ: എസ്. ബിനോജ് , എ. ഷാജഹാന്‍ ,അയുബ്, നെല്‍സണ്‍, ബാബുരാജ്, ലതാകുമാരി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു
https://www.facebook.com/Malayalivartha






















