കോട്ടയത്തേത് സത്യമാകാതിരിക്കട്ടെ... സിപിഎം, മാണി കൂട്ടുകെട്ടില്‍ പഴയതുപോലെ എതിര്‍പ്പുമായി വിഎസ്; സിപിഐയുടെ വിരട്ടല്‍ ഇനി നടക്കില്ലെന്ന് കോട്ടയം തന്ത്രത്തിലൂടെ വ്യക്തമാക്കി സിപിഎം

കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സിപിഎം, കേരള കോണ്‍ഗ്രസ് കൂട്ടുകെട്ടിനോടു വിയോജിച്ചു വി.എസ്. അച്യുതാനന്ദന്‍. കെ.എം. മാണിക്കെതിരെ ഇതുവരെ ഉന്നയിച്ചിട്ടുള്ള എല്ലാ ആരോപണങ്ങളിലും ഉറച്ചുനില്‍ക്കുകയാണ്. കോട്ടയത്തേതു പ്രാദേശിക വാര്‍ത്തയാണ്. അതു സത്യമാകാതിരിക്കട്ടെയെന്നും വിഎസ് വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മാണിയുമായുള്ള സിപിഎം കൂട്ടുകെട്ടിനെതിരെ വിഎസും രംഗത്തെത്തിയത്.
അതേസമയം സിപിഐയുടെ തുടര്‍ച്ചയായുള്ള എതിര്‍പ്പിന് സിപിഎം തക്കതായ താക്കീത് കോട്ടയം തന്ത്രത്തിലൂടെ നല്‍കുകയാണ്. 10 എംഎല്‍എമാരുള്ള മാണിയെ ഒപ്പം കൂട്ടി സിപിഐയെ നിലയ്ക്ക് നിര്‍ത്താമെന്നും അവര്‍ കണക്കുകൂട്ടുന്നു.
ജില്ലാ പഞ്ചായത്തിലെ കുറവിലങ്ങാട് ഡിവിഷന്‍ അംഗമായ സഖറിയാസ് കുതിരവേലിയാണ് പ്രസിഡന്റായത്. സഖറിയാസ് കുതിരവേലി 12 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന സണ്ണി പാമ്പാടിക്ക് എട്ടു വോട്ടുകളേ ലഭിച്ചുള്ളൂ. കോണ്‍ഗ്രസിന് എട്ട് അംഗങ്ങളും കേരള കോണ്‍ഗ്രസിന് ആറും ഇടതുമുന്നണിക്ക് ഏഴും പി.സി. ജോര്‍ജിന് ഒരാളും എന്നതാണു ജില്ലാ പഞ്ചായത്തിലെ കക്ഷിനില. ഇതില്‍ സിപിഐയുടെ ഏക പ്രതിനിധി വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. പി.സി. ജോര്‍ജ് വിഭാഗം അംഗത്തിന്റെ വോട്ട് അസാധുവായി.
https://www.facebook.com/Malayalivartha



























