പെണ്‍കള്‍ സമരത്തെ മുന്‍നിര്‍ത്തി ഭൂസമരത്തിനു മാവോയിസ്റ്റുകള്‍ , മൂന്നാറില്‍ രഹസ്യയോഗം ചേര്‍ന്നു

മൂന്നാറിലെ പെണ്‍കള്‍ ഒരുമൈ സമരത്തെ മുന്‍നിര്‍ത്തി മാവോയിസ്റ്റുകള്‍ ലക്ഷ്യമിടുന്നതു ഭൂസമരം. ഇതു സംബന്ധിച്ചു പോലീസിനു വ്യക്തമായ തെളിവുകള്‍ ലഭിച്ചു. പെണ്‍കള്‍ സമരത്തിനു പിന്നില്‍ മാവോയിസ്റ്റ് ബന്ധമുള്ള ഇടത് തീവ്രസംഘടനകളാണെന്നു പോലീസ് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു ഭൂസമരം നടത്താനുള്ള പദ്ധതിയെക്കുറിച്ചു പോലീസിനു വിവരം ലഭിച്ചത്.
മന്ത്രി എം.എം. മണിയുടെ വിവാദപ്രസംഗത്തിനു മുമ്പുതന്നെ മാവോയിസ്റ്റുകള്‍ ഭൂസമരത്തിനു പദ്ധതിയിട്ടിരുന്നു. കഴിഞ്ഞമാസം ആദ്യം മൂന്നാറില്‍ രഹസ്യയോഗവും ചേര്‍ന്നു. അതിനുശേഷമാണ് ഇപ്പോഴത്തെ സമരനായിക ഗോമതി സി.പി.എം. വിട്ട് വീണ്ടും പെണ്‍കള്‍ ഒരുമൈയില്‍ ചേര്‍ന്നത്.
കഴിഞ്ഞ 22നു മൂന്നാറില്‍ ഭൂസമരം തുടങ്ങാനായിരുന്നു സംഘത്തിന്റെ പദ്ധതി. എന്നാല്‍, അപ്രതീക്ഷിതമായി മണി വിവാദപ്രസംഗം നടത്തിയതോടെ കാര്യങ്ങള്‍ മാറിമറഞ്ഞു. തുടര്‍ന്ന് മണിയുടെ രാജിയാവശ്യപ്പെട്ട് പെണ്‍കള്‍ ഒരുമൈയിലെ മൂന്നുപേര്‍ സമരം ആരംഭിച്ചു. ജനശ്രദ്ധയാകര്‍ഷിച്ച ഈ വിഷയം ഭൂസമരമാക്കി വഴിതിരിക്കാനാണ് ഇപ്പോഴത്തെ നീക്കമെന്നു പോലീസ് രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പോലീസിന്റെ നിരീക്ഷണത്തിലുള്ള നിരവധിപേര്‍ കഴിഞ്ഞദിവസങ്ങളില്‍ മൂന്നാറിലെത്തിയിരുന്നു. ഒരു തൃശൂര്‍ സ്വദേശിയും ചെങ്ങറ സമരത്തില്‍ രഹസ്യമായി ഇടപ്പെട്ടിരുന്നയാളും ഇതില്‍ ഉള്‍പ്പെടുന്നു. ഇവരുടെ മാര്‍ഗനിര്‍ദേശപ്രകാരമാണു സമരം. ഇതു സംബന്ധിച്ച ഫോണ്‍ രേഖകളും പോലീസിന്റെ കൈവശമുണ്ട്.
പഴയമൂന്നാറില്‍ ഇടത് തീവ്രസംഘടനകളുമായി ബന്ധമുള്ള ചിലര്‍ ക്യാമ്പ് ചെയ്യുന്നതായും രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്നാറില്‍ കൂലിവര്‍ധന ആവശ്യപ്പെട്ട് നീലക്കുറിഞ്ഞി സമരം നടന്നപ്പോഴും മാവോയിസ്റ്റ് ഇടപെടലുണ്ടായിരുന്നു. പിന്നീട് മൂന്നാറിലെ ലയങ്ങളില്‍ നിരവധിതവണ രഹസ്യയോഗങ്ങള്‍ ചേര്‍ന്നതായും പോലീസിനു തെളിവുകള്‍ ലഭിച്ചു.
https://www.facebook.com/Malayalivartha



























