വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രമഴിച്ച് പരിശോധിച്ച സംഭവം; മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

മെഡിക്കല്‍, ഡന്റല്‍ പ്രവേശനത്തിനായി ഇന്നലെ നടന്ന നാഷണല്‍ എലിജിബിലിറ്റി ആന്‍ഡ് എന്‍ട്രന്‍സ് ടെസ്‌റ് (നീറ്റ്) പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥിനിയെ പരീക്ഷാ ഹാളിലേക്ക് കയറും മുമ്പേ ഡ്രസ് കോഡിന്റെ പേരില്‍ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ ആണ് കമ്മിഷന്‍ കേസെടുത്തത്. സംഭവത്തെ കുറിച്ച് മൂന്നാഴ്ചയ്ക്കകം സി.ബി.എസ്.ഇ റീജിയണല്‍ ഡയറക്ടറോടും ജില്ലാ പൊലീസ് മേധാവിയോടും വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കണ്ണൂരിലെ ഒരു സ്‌കൂളിലാണ് പരാതിക്കാധാരമായ സംഭവം നടന്നത്. ഡ്രസ് കോഡ് വേണോയെന്ന് അപേക്ഷാഫോമില്‍ ചോദിച്ചിരുന്നെന്നും വേണ്ടെന്നാണു താന്‍ വ്യക്തമാക്കിയിരുന്നതെന്നും പെണ്‍കുട്ടി പറയുന്നു. എന്നാല്‍, രാവിലെ സ്‌കൂളില്‍ എത്തിയപ്പോഴാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. പരീക്ഷാഹാളിനു പുറത്ത് ഡ്രസ് മുഴുവന്‍ മാറ്റിച്ചു. പരിശോധനയ്ക്കിടെ മെറ്റല്‍ ഡിറ്റക്ടറില്‍ നിന്നു ബീപ് ശബ്ദം വന്നപ്പോള്‍ അടിവസ്ത്രമുള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ ഊരി പരിശോധിച്ചെന്നും പെണ്‍കുട്ടി പറയുന്നു. പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ വിദ്യാര്‍ഥിനി തന്നെയാണ് മാദ്ധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

https://www.facebook.com/Malayalivartha























